Sorry, you need to enable JavaScript to visit this website.
Sunday , July   12, 2020
Sunday , July   12, 2020

കരിപ്പൂരിൽ വീണ്ടും സ്ഥലമേറ്റെടുക്കാനുള്ള നീക്കത്തിനെതിരെ തദ്ദേശീയരായ പ്രവാസികൾ 

ജിദ്ദ - കോഴിക്കോട് വിമാനത്താവളത്തിലെ കാർ പാർക്കിങിനായി അന്താരാഷ്ട്ര ടെർമിനലിന് മുൻവശത്ത് 15.25 ഏക്കർ ഭൂമി കൂടി ഏറ്റെടുക്കുന്നതിനെതിരെ തദ്ദേശീയരായ പ്രവാസികൾ രംഗത്ത്. സ്ഥലമേറ്റെടുപ്പിന്റെ ഭാഗമായി സർവേ നടത്തുന്നതിന്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തി കരിപ്പൂർ ലാന്റ് അക്വിസിഷൻ സ്‌പെഷ്യൽ തഹസിൽദാർ കഴിഞ്ഞ ദിവസം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. 
കാർ പാർക്കിങിനായി 15.25 ഏക്കർ ഭൂമി ഏറ്റെടുത്ത് നൽകണമെന്ന് എയർപോർട്ട് അതോറിറ്റി സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടതിന്റെ ഭാഗമായാണ് നടപടി. ഈ സാഹചര്യത്തിലാണ് പരിസരവാസികളുടെ ജിദ്ദയിലെ കൂട്ടായ്മയായ മേലങ്ങാടി വെൽഫയർ അസോസിയേഷൻ (മേവ) പ്രതിഷേധവുമായി രംഗത്തെത്തിയത്. 2003 മുതൽ ആരംഭിച്ചതാണ് ഭൂമി ഏറ്റെടുക്കുമെന്ന ഭീഷണി. ഇക്കാലത്തിനിടെ നിരവധി തവണ വിജ്ഞാപനങ്ങളിറങ്ങി. എന്നാൽ ഒരു തവണ പോലും ഭൂമി ഏറ്റെടുക്കുന്നതിനായുള്ള പ്രാരംഭ നടപടിക്രമങ്ങൾ പോലും സ്വീകരിക്കുവാൻ അധികൃതർക്കായിട്ടില്ല. പരിസരവാസികളെ പരിഭ്രാന്തിയിലാക്കി അവരുടെ സൈ്വര ജീവിതം തകർക്കാൻ മാത്രമാണ് ഇടക്കിടെ ഉയർന്നു വരുന്ന ഇത്തരം വിജ്ഞാപനങ്ങളും പ്രസ്താവനകളും ഉപകരിക്കുന്നത്. 
വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കാൻ റൺവേ നീളം വർധിപ്പിക്കണമെന്ന് വാശിപിടിച്ചിരുന്ന എയർപോർട്ട് അതോറിറ്റി തന്നെ നിലവിലെ റൺവേയിൽ വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുവാനുള്ള അനുമതി നൽകിയിരിക്കുന്നു. റൺവേ വികസനത്തിനും മറ്റുമായി 485 ഏക്കർ ഭൂമിയായിരുന്നു അന്ന് അതോറിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നത്. ആയിരത്തോളം കുടുംബങ്ങളെ കുടിയിറക്കുവാനുള്ള ശ്രമങ്ങളാണ് അന്നുണ്ടായത്. ഇതിന്റെ തുടർച്ച തന്നെയാണ് ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്ന 15.25 ഏക്കർ ഭൂമിയും. അതേ സമയം നിലവിലെ ടെർമിനലിന് എതിർവശത്ത് 137 ഏക്കർ ഭൂമി ഏറ്റെടുക്കാൻ രണ്ട് തവണ വിജ്ഞാപനം ഇറങ്ങിയതാണ്. കുമ്മിണിപ്പറമ്പിലെ ഇ.എം.ഇ.എ കോളേജിന് സമീപമാണ് പ്രസ്തുത ഭൂമി. നിലവിൽ വിമാനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്ത സാഹചര്യത്തിൽ എയർപോർട്ട് ടെർമിനൽ ഉൾപ്പെടെ കുമ്മിണിപ്പറമ്പിലേക്ക് മാറ്റാനാണ് 137 ഏക്കറിനായി വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. 
137 ഏക്കർ ഏറ്റെടുത്ത് പദ്ധതി നടപ്പിലാക്കുന്നതോടെ നിലവിലെ ടെർമിനലും കാർ പാർക്കിങും ഉപയോഗ ശൂന്യമാകുമെന്നിരിക്കേ എന്തിനാണ് ഇപ്പോൾ 15.25 ഏക്കർ കാർ പാർക്കിങിനായി ഏറ്റെടുക്കുന്നത് എന്നത് ദുരൂഹമാണ്. മാത്രവുമല്ല, ഇത്തരം ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സ്ഥലം എയർപോർട്ട് അതോറിറ്റിയുടെ കൈവശം തന്നെയുണ്ട്. അതൊക്കെ ഉപയോഗപ്പെടുത്തി ജനദ്രോഹ നടപടികളിൽ നിന്ന് അധികൃതർ പിന്മാറണം. 17 വർഷത്തിനിടെ പല തവണ ഭൂമി ഏറ്റെടുക്കൽ ആവശ്യം ഉയർന്നു വന്നിട്ടുണ്ട്. ഓരോ തവണയും ഓരോ അളവുകളാണ് പറയുന്നത്. കൃത്യമായി എത്ര ഭൂമി വേണമെന്നും എവിടെ വേണമെന്നുമുള്ള കാര്യത്തിൽ എയർപോർട്ട് അതോറിറ്റിക്കും വ്യക്തതയില്ല. എയർപോർട്ട് അതോറിറ്റി അഡൈ്വസറി ബോർഡിലെ ചില അംഗങ്ങളുടെ താൽപര്യത്തിനൊത്ത് അതോറിറ്റി സർക്കാറിനോട് ഭൂമി ഏറ്റെടുക്കാൻ ആവശ്യപ്പെടുകയാണ്. പ്രദേശത്ത് നിന്ന് നിർബന്ധപൂർവം ആരെയും കുടിയൊഴിപ്പിക്കുവാൻ അനുവദിക്കില്ല. 
ഇടക്കിടെ ഉയർന്നു വരുന്ന ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനങ്ങളും പ്രസ്താവനകളും പരിസരവാസികളെ ഏറെ പ്രയാസപ്പെടുത്തുന്നുണ്ട്. കൈവശമുള്ള ഭൂമി ക്രയവിക്രിയം നടത്തി മാരക രോഗത്തിന് ചികിത്സിക്കുവാനോ, മറ്റു അടിയന്തര ആവശ്യങ്ങൾക്കോ ഉപയോഗിക്കുവാൻ സാധിക്കുന്നില്ല. ഇത്തരം ഘട്ടങ്ങളിൽ മറ്റുള്ളവരുടെ സഹായം തേടേണ്ട ദുരവസ്ഥയാണ് പരിസരവാസികൾക്കുള്ളത്. ഭൂമി ഏറ്റെടുക്കുമെന്ന വിജ്ഞാപനമിറക്കി പിന്നീട് ആ വഴിക്ക് സർക്കാർ തിരിഞ്ഞു നോക്കാറില്ല. 
പിന്നീട് പരിസരവാസികളിൽ നിന്ന് കുറഞ്ഞ വിലക്ക് ഭൂമി തട്ടിയെടുക്കുന്ന സംഘങ്ങൾ ഭൂമി കൈവശപ്പെടുത്താൻ രംഗത്തെത്തുകയാണ് പതിവ്. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം കുറഞ്ഞ വിലക്ക് ഭൂമി ലഭിക്കുവാൻ ഇത്തരം കുത്സിത ശ്രമങ്ങൾ നടക്കുന്നതായി നേരത്തെ തന്നെ പരിസരവാസികൾ തിരിച്ചറിഞ്ഞിട്ടുണ്ട്. 
ഇതിനെതിരെ കുടിയൊഴിപ്പിക്കൽ വിരുദ്ധ സമര സമിതിയുമായി കൂടിയാലോചിച്ച് തുടർ നടപടികൾ സ്വീകരിച്ചുവരികയാണെന്നും മേവ ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
 

Tags

Latest News