Sorry, you need to enable JavaScript to visit this website.

മോഹിപ്പിക്കുന്ന ധർമടം തുരുത്ത് 

കേരളത്തിൽ കൊച്ചിയിലെ ബീച്ചും കടലും കാഴ്ചകളും കണ്ട് മടുത്തെങ്കിൽ മുഴപ്പിലങ്ങാട് ബീച്ചിലേക്ക് യാത്രയൊന്ന് മാറ്റിപ്പിടിച്ചു നോക്കൂ. കണ്ണൂർ ജില്ലയിലാണ് മുഴപ്പിലങ്ങാട് ബീച്ച്. ഏഷ്യയിലെ തന്നെ ഏറ്റവും നീളമേറിയ ഡ്രൈവിംഗ് ബീച്ചാണ് മുഴപ്പിലങ്ങാട്ടുള്ളത്. ബീച്ചിലൂടെ വാഹനങ്ങൾ ഓടിച്ചു കൊണ്ടുപോകുവാൻ സാധിക്കുന്നതിനാൽ ഇവിടെ ചെലവഴിക്കുന്ന സമയം ഫലപ്രദമായിരിക്കും. കണ്ണൂരിൽ നിന്നു 15 കിലോമീറ്ററും തലശ്ശേരിയിൽ നിന്നു എട്ട് കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. കണ്ണൂർ കോട്ട, തലശ്ശേരി കോട്ട, പയ്യാമ്പലം ബീച്ച്, ധർമടം തുരുത്ത്, മാഹി തുടങ്ങിയ ഇടങ്ങൾ ഇതിനടുത്താണ്.
തലശ്ശേരിയിലെ ധർമടം തുരുത്ത് സഞ്ചാരികൾക്കു വേറിട്ട അനുഭവം തന്നെയാണ് സമ്മാനിക്കുന്നത്. നാലു ഭാഗവും അറബിക്കടലിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന ആറ് ഏക്കർ വരുന്ന കൊച്ചു ദീപാണ് ധർമടം തുരുത്ത്.
സഞ്ചാരികളെ ധർമടം തുരുത്ത് കുറച്ചൊന്നുമല്ല മോഹിപ്പിക്കുന്നത്. കേരളത്തിന്റെ യഥാർത്ഥ സൗന്ദര്യം ദൃശ്യമാകുന്ന ചുരുക്കം സ്ഥലങ്ങളിൽ ഒന്നാണ് ധർമടം.
തെങ്ങുകളും ഇട തിങ്ങിയ ചെടികളും നിറഞ്ഞ ഈ ദ്വീപ് മുഴപ്പിലങ്ങാട് കടൽ തീരത്തുനിന്നും കാണുവാൻ കഴിയും. വേലിയിറക്കത്തിന്റെ സമയത്ത് ദ്വീപിലേക്ക് കടലിലൂടെ നടന്നു പോകാൻ സാധിക്കും.
വേലിയേറ്റമില്ലെങ്കിൽ കടലിൽ കാല് നനച്ചിരിക്കാവുന്ന വിധം ശാന്തമായ കടൽ. നീലക്കൊടുവേലി ഉൾപ്പെടെ അപൂർവങ്ങളായ ഔഷധ സസ്യങ്ങളുടെ വലിയ കലവറ തന്നെയാണ് ധർമടം തുരുത്തിലുള്ളത്. അപൂർവ ഇനങ്ങളിൽപെട്ട പക്ഷികളും വന്യജീവികളും ഇവിടെയുണ്ട്. തുരുത്തിലെത്തിയാൽ  മറ്റൊരു ലോകത്തെത്തിയ അനുഭൂതിയാണ് നമുക്കുണ്ടാവുക.
ചുറ്റും കടലാണെങ്കിലും തുരുത്തിനുള്ളിലെ കിണറിൽ നിന്നും സഞ്ചാരികൾക്കു ശുദ്ധജലം തന്നെ ലഭിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ധർമടം പഞ്ചായത്തിൽ പെടുന്ന തുരുത്തിലേക്കു കടൽ തീരത്തു നിന്നു കടലിലൂടെ ഒരു കിലോമീറ്റർ  ദൂരമാണുള്ളത്.
പക്ഷി നിരീക്ഷണത്തിനും വാന നിരീക്ഷണത്തിനും തുരുത്ത് നല്ലൊരു കേന്ദ്രമാണ്. വേലിയിറക്ക സമയത്ത് കാൽനടയായി തുരുത്തിലെത്തുന്നവർ വേലിയേറ്റത്തിനു മുമ്പു തിരിച്ചു കരക്കെത്തിയില്ലെങ്കിൽ ക്ഷുദ്ര ജീവികൾക്കൊപ്പം തുരുത്തിൽ രാത്രി കഴിയേണ്ടി വരും.സ്വകാര്യ വ്യക്തികളുടെ തോണി ബുക്ക് ചെയ്തു തുരുത്തിലേക്ക് പോകുന്നവർ ഏറെയാണ്. തലശ്ശേരിയിൽ നിന്നും മൂന്നര കിലോമീറ്റർ  ദൂരത്തിലും കണ്ണൂരിൽ നിന്നും പത്തു കിലോമീറ്റർ ദൂരത്തിലുമാണ്  തുരുത്ത് സ്ഥിതി ചെയ്യുന്നത്.
 

Latest News