Sorry, you need to enable JavaScript to visit this website.

മൂന്നാറിന്റെ തണുപ്പും കുളിരും; ചേതോഹരം കാൽവരിമൗണ്ട്

ക്രിസ്മസ് - പുതുവത്സര അവധി ദിനങ്ങളിൽ  കാൽവരി മൗണ്ടിലേക്ക് ഒഴുകി എത്തിയത് കാൽ ലക്ഷം പേർ.  മൂന്നാറിനൊപ്പം കട്ടപ്പനക്കടുത്ത കാൽവരി മൗണ്ടും ദക്ഷിണേന്ത്യയിലെ  ശ്രദ്ധേയമായ ടൂറിസ്റ്റ് ക്രേന്ദ്രമായി മാറുകയാണ്. സമുദ്ര നിരപ്പിൽ നിന്നും 2700 അടി ഉയരത്തിലുളള കാൽവരി മൗണ്ട് വ്യൂ പോയന്റ്   സന്ദർശകരുടെ ഇഷ്ടകേന്ദ്രമായി മാറിക്കഴിഞ്ഞു. കൊടൈക്കനാലിനും ഊട്ടിക്കും മൂന്നാറിനും സമാനമായ  തണുപ്പ് കാലാവസ്ഥയും പ്രകൃതി മനോഹാരിതയുമാണ് മുഖ്യ ആകർഷണം. കോടമഞ്ഞും തണുപ്പും  ആസ്വദിക്കുന്നതിന് മാത്രമായി ഇവിടെ എത്തുന്ന വിദേശികളും സ്വദേശികളുമായ ടൂറിസ്റ്റുകൾ ഏറെയാണ്.  ജലസമൃദ്ധമായ  ഇടുക്കി ജലസംഭരണി 600 അടി ഉയരത്തിൽ നിന്നും  കാൽചുവട്ടിൽ എന്ന പോലെ കാണാൻ കഴിയുന്നതാണ് സഞ്ചാരികളെ പിടിച്ചിരുത്തുന്ന  മറ്റൊരാകർഷണം. കാൽവരി മൗണ്ടിന്റെ കാഴ്ചകൾക്കൊപ്പം സമീപ പ്രദേശത്തുളള ഫാം ടൂറിസം കേന്ദ്രങ്ങളിലും ജനങ്ങൾ എത്തുന്നുണ്ട്. തൊട്ടടുത്തുളള ടീ ഫാക്ടറികളും സന്ദർശിച്ചാണ് ഏറെപ്പേരും മടങ്ങുന്നത്.   ഫാം ടൂറിസം കേന്ദ്രങ്ങളിലെ പെഡൽ ബോട്ടിംഗ് സവാരി കുട്ടികൾക്കും വളരെ പ്രിയമാണ്.
വ്യൂ പോയന്റിന്റെ സംരക്ഷണവും നിയന്ത്രണവും വനം വകുപ്പിന്റെ കീഴിലുളള വനസംരക്ഷണ സമിതിക്കാണ്.  സന്ദർശകരിൽ നിന്നും ടിക്കറ്റിലൂടെ ലഭിക്കുന്ന വരുമാനം വ്യൂ പോയന്റിന്റെ സംരക്ഷണ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നത്.  കാൽവരി മൗണ്ടിലെത്തുന്ന സന്ദർശകർ മിക്കവാറും ഒന്നും രണ്ടും ദിവസം താമസിച്ചാണ്  മടങ്ങുന്നത്. അവധി ദിനങ്ങളിൽ കുടുംബ സമേതം എത്തുന്നവരാണ് ഏറെപ്പേരും. നിരവധി ഹോം സ്റ്റേകളും ഇടത്തരം റിസോർട്ടുകളും ധാരാളമായി ഉയർന്നുകഴിഞ്ഞു. ത്രിതല പഞ്ചായത്തുകളുടെയും  സഹകരണ സംഘങ്ങളുടെയും ഉടമസ്ഥതയിലുളള   ഹോട്ടലുകളും  ഇവിടെ ഉണ്ട്. താരതമ്യേന കാർഷിക ഗ്രാമപ്രദേശമായിരുന്ന ഇവിടെ ടൂറിസ്റ്റുകളുടെ വരവോടെ ജനങ്ങളുടെ മുഖ്യ  ജീവനോപാധി ടൂറിസമായി മാറിക്കഴിഞ്ഞു.  കാഴ്ചയുടെ വിസ്മയം ജനിപ്പിക്കുന്ന കാൽവരി മൗണ്ടിന്റെ അനന്ത സാധ്യതകൾ ലോക ശ്രദ്ധയിൽ എത്തിക്കാൻ ഒരാഴ്ച നീണ്ടുനിൽക്കുന്ന ടൂറിസം ഫെസ്റ്റിന് തയാറെടുക്കുകയാണ്  കാൽവരി മൗണ്ടിലെ ജനങ്ങളും സാമൂഹ്യ പ്രവർത്തകരും  ഗ്രാമപഞ്ചായത്തുകളും.
 

Latest News