'സാക്ഷരരേയും പഠിപ്പിക്കണം', പൗരത്വ നിയമത്തെ എതിര്‍ത്ത മൈക്രൊസോഫ്റ്റ് മേധാവിയെ കൊട്ടി ബിജെപി എംപി

ന്യൂദല്‍ഹി- പൗരത്വ ഭേദഗതി നിയമം ഇന്ത്യയ്ക്ക് ദോഷം ചെയ്യുമെന്ന ആഗോള ടെക്ഭീമന്‍ മൈക്രോസോഫ്റ്റ് മേധാവി സത്യ നഡെല്ലയുടെ പ്രതികരണത്തിനെതിരെ ബിജെപി എംപി മീനാക്ഷി ലേഖി രംഗത്തെത്തി. അക്ഷരാഭ്യാസമുള്ളവരെ പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് മികച്ച ഉദാഹരമാണ് നഡെല്ലയുടെ വാക്കുകളെന്ന് ലേഖി പറഞ്ഞു. ബംഗ്ലദേശ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പീഡിത ന്യൂനപക്ഷങ്ങള്‍ക്ക് അവസരം നല്‍കുന്നതിനാണ് പൗരത്വ ഭേദഗതി നിയമം. ഈ അവസരം യുഎസിലുള്ള സിറിയന്‍ മുസ്‌ലിംകള്‍ക്കും യസീദികള്‍ക്കും നല്‍കുന്നതിനെ കുറിച്ച് എന്താണ് പറയാനുള്ളതെന്നും ലേഖി ട്വീറ്റിലൂടെ ചോദിച്ചു. 

ഇന്ത്യയില്‍ പൗരത്വ നിയമത്തിന്റെ പേരില്‍ നടന്നുകൊണ്ടിരിക്കുന്നത് തന്നെ ദുഃഖിപ്പിക്കുന്നതായി കഴിഞ്ഞ ദിവസം യുഎസ് മാധ്യമമായ ബസ്ഫീഡ് എഡിറ്ററോട് നഡെല്ല പ്രതികരിച്ചിരുന്നു. ഒരു ബംഗ്ലദേശി കുടിയേറ്റക്കാരന്‍ ഇന്ത്യയിലെത്തി വലിയ സമ്പന്നനാകുന്നതോ അല്ലെങ്കില്‍ ഇന്‍ഫോസിസിന്റെ അടുത്ത സിഇഒ ആകുന്നതോ കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും നഡെല്ല പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഇപ്പോല്‍ മീനാക്ഷി ലേഖിയുടെ പ്രതികരണം.

നഡെല്ലയുടെ പ്രതികരണം വിവാദമായതോടെ മൈക്രോസോഫ്റ്റ് നിലപാടില്‍ അയവുവരുത്തി പുതിയ പ്രസ്താവനയും ഇറക്കിയിരുന്നു. ഇന്ത്യയുടെ പൈതൃകവും ബഹുസ്വര സംസ്‌കാരവും യുഎസിലെ കുടിയേറ്റ അനുഭവങ്ങളുമാണ് തന്നെ രൂപപ്പെടുത്തിയത്. ഒരു കുടിയേറ്റക്കാരന് മികച്ച ഒരു സംരഭം തുടങ്ങുന്നതിനും ബഹുരാഷ്ട്ര കമ്പനയെ നയിക്കാനും അവസരം ലഭിക്കുന്ന ഇന്ത്യയാണ് തന്റെ പ്രതീക്ഷയെന്നും നഡെല്ല പിന്നീട് പ്രസ്താവനയിറക്കി.
 

Latest News