Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മഹാരാഷ്ട്രയില്‍ ശിവസേനയെ തളയ്ക്കാന്‍ എംഎന്‍എസുമായി കൈകോര്‍ക്കാന്‍ ബിജെപി

മുംബൈ-മഹാരാഷ്ട്രയില്‍ ശിവസേനയുമായി തെറ്റിപ്പിരിഞ്ഞ ബിജെപി പുതിയ സഖ്യകക്ഷിയെ തേടുകയാണ്. മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനാ മേധാവി രാജ് താക്കറെയുമായുള്ള ബാന്ധവം ഊട്ടിയുറപ്പിക്കാനാണ് ദേവേന്ദ്ര ഫട്‌നാവിസിന്റെ നേതൃത്വത്തിലുള്ള ബിജെപിയുടെ ശ്രമം. ഇതിന്റെ ഭാഗമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവരും തമ്മില്‍ ചര്‍ച്ച നടക്കുന്നുണ്ട്. സെന്‍ട്രല്‍ മുംബൈയിലെ രണ്ട് കക്ഷികളുടെയും പൊതു സുഹൃത്തിന്റെ വീട്ടില്‍ വെച്ച് യോഗം ചേര്‍ന്നതായാണ് വിവരം.

അതേസമയം മഹാരാഷ്ട്ര നവനിര്‍മാണ്‍സേനയുമായി ഏതെങ്കിലും വിധത്തിലുള്ള അലയന്‍സ് ഉണ്ടാക്കുമോയെന്ന കാര്യത്തില്‍ ദേവേന്ദ്ര ഫട്‌നാവിസ് ഇതുവരെ വ്യക്തത നല്‍കിയിട്ടില്ല. അതേസമയം ഭാവിയില്‍ ബിജെപിയുമായി കൈകോര്‍ത്ത് മുന്നോട്ട് പോകുമോ എന്ന കാര്യത്തില്‍ മുംബൈയില്‍ ജനുവരി 23ന് നടക്കാനിരിക്കുന്ന യോഗത്തില്‍ താക്കറെ നിലപാട് പരസ്യപ്പെടുത്തുമെന്നാണ് വിവരം. രണ്ട് പാര്‍ട്ടികള്‍ക്കും രണ്ട് ഓപ്ഷനാണ് മഹാരാഷ്ട്രയിലുള്ളത്. ഒന്നുകില്‍ ഔദ്യോഗികമായി  പരസ്യമായി സഖ്യം പ്രഖ്യാിക്കുക. അല്ലെങ്കില്‍ പരസ്പരം മനസിലാക്കി നിശബ്ദ ധാരണയിലൂടെ മുമ്പോട്ടു പോകുക.  എന്നാല്‍ ഉത്തരേന്ത്യന്‍ കുടിയേറ്റത്തിനെതിരെ അതിശക്തമായി നിലപാടെടുക്കുന്ന എംഎന്‍എസുമായുള്ള ബിജെപിയുടെ ബാന്ധവം വടക്ക് സംസ്ഥാനങ്ങളിലെ വോട്ടിനെ എങ്ങിനെ ബാധിക്കുമെന്ന് പറയാന്‍ സാധിക്കില്ല.നേരത്തെ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് എംഎന്‍എസുമായുള്ള സഖ്യം വേണ്ടെന്ന് വെച്ചതും ഇക്കാരണത്താലായിരുന്നു.


 അതേസമയം വോട്ടെടുപ്പില്‍ നിശബ്ദ സഹകരണമാണ്  ബിജെപിക്ക് ഗുണം ചെയ്യുക. പ്രധാന തെരഞ്ഞെടുപ്പുകളൊന്നും അടുത്തിടെ വരാനില്ലാത്തതിനാല്‍ സഖ്യം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഇരുപാര്‍ട്ടികള്‍ക്കും വേണ്ടുവോളം സമയമുണ്ട്. ശിവസേനയുടെ വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താന്‍ എംഎന്‍എസിനെ കൊണ്ട് സാധിക്കണമെന്നാണ് ബിജെപിയുടെ ആഗ്രഹം.മഹാവികാസ് അഘാഡി സഖ്യം  ജില്ലാകൗണ്‍സില്‍,പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ ഒരുമിച്ച് മത്സരിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നതിനാല്‍ ബിജെപിക്ക് മഹാരാഷ്ട്രയില്‍ പിടിച്ച് നില്‍ക്കണമെങ്കില്‍ ചെറുത്ത് നില്‍പ്പ് ആവശ്യമാണ്.

ചെറുതും എന്നാല്‍ ശക്തരുമായ രാഷ്ട്രീയതന്ത്രജ്ഞരുള്ള മഹാരാഷ്ട്രനവനിര്‍മാണ്‍ സേനയുമായി കൈകോര്‍ക്കുന്നത്  ശിവസേനയെ മറികടക്കാന്‍ വേണ്ടിയാണ്. രാഷ്ട്രീയ തന്ത്രങ്ങളുടെ ചാണക്യനായ പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബാഹുജന്‍ അഗാദിയുടെ സാന്നിധ്യവും പാര്‍ട്ടിയുടെ നേട്ടത്തിനായി ഉപകരിക്കും.

എംഎന്‍എസിനെ സംബന്ധിച്ച് ബിജെപിയുടെ സഖ്യം ഗുണകരമായിരിക്കും. കാരണം രാജ് താക്കറെയും എംഎന്‍എസിനും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വെറും ഒരു സീറ്റാണ് നേടാന്‍ സാധിച്ചത്. മുംബൈ,പുനെ,നാസിക് തുടങ്ങിയ വന്‍നഗരങ്ങളിലെ നഗരസഭകളിലും നാമമാത്ര സാന്നിധ്യം മാത്രമാണ് ഉള്ളത്. പ്രതിസന്ധികളില്‍ നിന്ന് മറികടക്കാന്‍ ബിജെപിയുടെ സഹായം സ്വീകരിക്കുകയാണ് ഇനിയുള്ള വഴി.
 

Latest News