Sorry, you need to enable JavaScript to visit this website.

കനകപുരയില്‍ 114 അടി ഉയരമുള്ള യേശുക്രിസ്തു പ്രതിമ; പ്രക്ഷോഭവുമായി ഹിന്ദുത്വ സംഘടനകള്‍

ബെംഗളുരു: യേശു ക്രിസ്തുവിന്റെ ഏറ്റവും വലിയ പ്രതിമ നിര്‍മിക്കാനിരിക്കുന്ന കര്‍ണാടകയിലെ കനകപുരയില്‍ പ്രക്ഷോഭങ്ങളുമായി ഹിന്ദുത്വസംഘടനകള്‍. ആര്‍എസ്എസും വിഎച്ച്പിയും അടക്കമുള്ള ഹിന്ദുത്വസംഘടനകളാണ് കനകപുരയില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. ക്രിസ്തു പ്രതിമ സ്ഥാപിക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് അറിയിച്ചുകൊണ്ട് 'കനകപുര ചലോ' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രതിഷേധ റാലി നടത്തിയത്. ഡി.കെ ശിവകുമാറിന്റെ നിയോജക മണ്ഡലത്തിലുള്ള ഗ്രാമം ഹരോബെയിലാണ് 114 അടി ഉയരമുള്ള യേശു ക്രിസ്തുവിന്റെ പ്രതിമ സ്ഥാപിക്കാനുള്ള പദ്ധതി നടപ്പാകുന്നത്. ക്രിസ്തു പ്രതിമ സ്ഥാപിച്ചാല്‍ മതസൗഹാര്‍ദം ഇല്ലാതാകുമെന്നും ക്രിസ്ത്യന്‍ മിഷണറിമാരുടെ മത പ്രചരണങ്ങള്‍ക്ക് ഇത് ആക്കം കൂട്ടുമെന്നും സര്‍ക്കാര്‍ പ്രതിമ സ്ഥാപിക്കാന്‍ അനുമതി നല്‍കരുതെന്നും ആര്‍എസ്എസ് നേതാവ് കല്ലടക്ക പ്രഭാകര്‍ ഭട്ട് അറിയിച്ചു.

നൂറുകണക്കിനാളുകളാണ് ബിജെപിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ റാലിയില്‍ പങ്കെടുത്തത്. പ്രതിഷേധം അക്രമങ്ങളിലേക്ക് വഴിത്തിരിയുമെന്ന കണക്കുകൂട്ടലില്‍ സര്‍ക്കാര്‍ ആയിരം പോലീസുകാരെയാണ് സ്ഥലത്ത് വിന്യസിച്ചത്. പ്രമുഖ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറാണ് പദ്ധതിക്ക് പിന്നിലെന്ന് ബിജെപി ആരോപിച്ചു. അതേസമയം താന്‍ എംഎല്‍എ എന്ന നിലയില്‍ നാട്ടുകാരുടെ ആവശ്യത്തിനൊപ്പം നില്‍ക്കുക മാത്രമാണ് ചെയ്തതെന്നും എന്ത് പ്രകോപനം ആര്‍എസ്എസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായാലും അണികള്‍ സംയമനം പാലിക്കണമെന്നും ശിവകുമാര്‍ അറിയിച്ചു. ക്രിസ്തുവിന്റെ സ്റ്റാച്യു സ്ഥാപിക്കാനായി സര്‍ക്കാര്‍ വിട്ടുനല്‍കിയ സ്ഥലം കാലികള്‍ക്ക് മേയുന്നതിനായി നീക്കി വെച്ച സ്ഥലമാണെന്നും ഇവിടെ നിര്‍മാണ പ്രവൃത്തികള്‍ അനുവദിക്കില്ലെന്നും റവന്യൂവകുപ്പ് മന്ത്രി അശോക് അറിയിച്ചു.
 

Latest News