Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

യു.എസ്-ഇറാന്‍ സംഘര്‍ഷം: എണ്ണ വിപണിയുടെ സ്ഥിരത സൗദി ഉറപ്പാക്കും

ദഹ്‌റാൻ - ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൗദി അറേബ്യ ആഗോള എണ്ണ വിപണിയുടെ സ്ഥിരതക്ക് സാധ്യമായതെല്ലാം ചെയ്യുമെന്ന് ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. 


പെട്രോളിയം സാങ്കേതികവിദ്യയെ കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംഘർഷ ഭരിതമായ സാഹചര്യങ്ങളിലൂടെയാണ് മേഖല കടന്നുപോകുന്നത്.  ഈ പശ്ചാത്തലത്തിൽ എണ്ണക്ക് സൗദി അറേബ്യയേക്കാൾ അവലംബിക്കാവുന്ന, ഉത്തരവാദിത്തമുള്ള മറ്റൊരു രാജ്യം ലോകത്തില്ല. ആഗോള എണ്ണ വിപണിയുടെ ഭദ്രതക്ക് സാധ്യമായതെല്ലാം ചെയ്യുന്നത് സൗദി അറേബ്യ തുടരും. 
അമേരിക്കൻ - ഇറാൻ സംഘർഷം വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ എണ്ണ വിപണിയുടെ സ്ഥിരതയും ഭദ്രതയും ഉറപ്പു വരുത്തുന്നതിന് സൗദി അറേബ്യ പ്രവർത്തിക്കും. 


ആഗോള വിപണിയിൽ എണ്ണ വിലയിടിച്ചിൽ തടയുകയെന്ന ലക്ഷ്യത്തോടെ  ഉൽപാദനം നിയന്ത്രിക്കുന്നതിന് പെട്രോളിയം ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കും സംഘടനക്ക് പുറത്തുള്ള സ്വതന്ത്ര ഉൽപാദകരും (ഒപെക് പ്ലസ്) തമ്മിലുണ്ടാക്കിയ കരാർ തുടരുമോയെന്ന കാര്യം ഇപ്പോൾ പറയാറായിട്ടില്ല. ഉൽപാദനം വെട്ടിക്കുറക്കുന്നതിനുള്ള ഒപെക് പ്ലസ് കരാറിന്റെ കാലാവധി മാർച്ചിൽ അവസാനിക്കും.  


ആവശ്യത്തിലും ലഭ്യതയിലും സുസ്ഥിര വളർച്ചയുള്ള, ഭദ്രമായ എണ്ണ വിപണിയാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നത്. 
എണ്ണക്ക് ഉയർന്ന വിലയും കുറഞ്ഞ വിലയും ആഗ്രഹിക്കുന്നില്ല. എണ്ണ വ്യവസായ മേഖലക്ക് കോട്ടം തട്ടിക്കുന്ന നിലക്ക് എണ്ണ വില കുറയുന്നതാണ് ഏറ്റവും മോശമായ കാര്യം. എണ്ണക്ക് ചാഞ്ചാട്ടങ്ങളില്ലാത്ത സുസ്ഥിര വിലയാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നതെന്നും അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.  


അമേരിക്ക സൗദി അറേബ്യയുടെ തന്ത്രപ്രധാന പങ്കാളിയാണ്. ആഗോള സുരക്ഷയിൽ അമേരിക്കക്ക് വലിയ പങ്കുണ്ട്. മേഖലാ, ആഗോള സുരക്ഷയുമായി ബന്ധപ്പെട്ട് അനുയോജ്യമെന്ന് തങ്ങൾക്ക് തോന്നുന്ന നിലക്ക് പ്രവർത്തിക്കുന്നതിന് അമേരിക്കയെ അനുവദിക്കുകയെന്നതാണ് സൗദി അറേബ്യയുടെ നിലപാടെന്നും സൗദി ഊർജ മന്ത്രി പറഞ്ഞു.
 

Latest News