ചാവക്കാട് - ബ്രിട്ടീഷുകാർ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിച്ചപോലെ ബി.ജെ.പി സർക്കാരും അധികാരത്തിനുവേണ്ടി ജനങ്ങളെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കുകയാണെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. പൗരത്വ നിയമ ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് 'ഇന്ത്യ എല്ലാവരുടേതുമാണ്' എന്ന മുദ്രാവാക്യമുയർത്തി ലീഗ് തൃശൂർ ജില്ലാ കമ്മിറ്റി നടത്തിയ ദേശ രക്ഷാ മാർച്ചിന്റെ സമാപന സമ്മേളനം ചാവക്കാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൗരത്വ നിയമ ഭേദഗതി കൊണ്ടുവന്നതിലൂടെ അമിത് ഷായുടെ കൈ പൊള്ളിയിരിക്കുകയാണ്. പൗരത്വ ബിൽ കൊണ്ടുവന്നപ്പോഴത്തെ ആവേശമൊന്നും ഇപ്പോൾ ബി.ജെ.പി നേതാക്കൾക്കില്ല. രാജ്യമൊന്നാകെ ഈ നിയമ ഭേദഗതിക്കെതിരെ പോരാടുന്നു. രണ്ടാം സ്വാതന്ത്ര്യ സമരം എന്ന നിലയിലാണ് ജനങ്ങൾ ഇതേറ്റെടുത്തിരിക്കുന്നത്. സ്വാതന്ത്ര്യ സമരത്തിന് ശേഷം ഇന്ത്യക്കാർ ഇത്രയേറെ ദേശഭക്തി കാണിച്ച സമയം ഉണ്ടായിട്ടില്ല. പുരോഗതിയിലേക്ക് അടുക്കുകയായിരുന്ന രാജ്യത്തെ പിന്നോട്ടടിപ്പിക്കുന്ന നയങ്ങളുമായിട്ടാണ് ബി.ജെ.പി സർക്കാരിന്റെ ഭരണം. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാൻ ബി.ജെ.പിക്കു കഴിയുന്നില്ല. ഇതു മറച്ചുവെക്കാൻ വേണ്ടിയാണ് വർഗീയത വളർത്തുന്ന വിധത്തിലുള്ള നയങ്ങളും നിയമങ്ങളും ബി.ജെ.പി സർക്കാർ വീണ്ടും വീണ്ടും കൊണ്ടുവരുന്നത്. പൗരത്വ നിയമ ഭേദഗതി പിൻവലിക്കുന്നതു വരെ രാജ്യത്തെ മതേതര വിശ്വാസികൾ ഉറങ്ങില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇന്ത്യയിൽ മുഴുവൻ ജനങ്ങളും പൗരത്വ ഭേദഗതി ബിൽ നിയമത്തിനെതിരെ മുദ്രാവാക്യം വിളിക്കുമ്പോൾ ഫാസിസ്റ്റ് സർക്കാറിന് ഇതല്ലാം നിസ്സാരവത്ക്കരിച്ച് കൊണ്ടുപോകാൻ കഴിയുമെന്ന് കരുതണ്ട. ഇന്ത്യയിലെ കാമ്പസുകൾ സമര രംഗത്താണ്. സമരങ്ങൾ അടിച്ചമർത്തി എന്നു കരുതി ഇല്ലാതാവുമെന്നന്ന് ഏതെങ്കിലും ഏകാധിപതികൾ കരുതിയിട്ടുണ്ടെങ്കിൽ അവർക്കെല്ലാം ചരിത്രത്തിൽ തെറ്റുപറ്റിയിട്ടുണ്ട്. ഇത്തരം ഭരണാധികാരികൾ ചരിത്രം പഠിക്കുന്നത് നല്ലതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ്, അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. പി.എം. സാദിഖലി മുഖ്യപ്രഭാഷണം നടത്തി സംസ്ഥാന സെക്രട്ടറി സി.എച്ച്. റഷീദ്, ജില്ലാ ജനറൽ സെക്രട്ടറി പി.എം. അമീർ, തുടങ്ങിയവർ സംബന്ധിച്ചു.






