ന്യൂദല്‍ഹി- രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും വളര്‍ച്ചാ മുരടിപ്പും മറച്ചുവെക്കാന്‍ മോഡി-അമിത് ഷാ സര്‍ക്കാര്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി കുറ്റപ്പെടുത്തി. ജനങ്ങളെ ഭരിക്കാനും അവര്‍ക്ക് സുരക്ഷ നല്‍കാനുമുള്ള മോഡി സര്‍ക്കാരിന്റെ കഴിവില്ലായ്മയാണ് ഓരോ ദിവസവും വ്യക്തമാകുന്നതെന്ന് അവര്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു സോണിയ.
രാജ്യം നേരിടുന്ന സാമ്പത്തിക തകര്‍ച്ചയെ കുറിച്ചും വളര്‍ച്ചാ മുരടിപ്പിനെ കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കൃത്യമായ ഉത്തരങ്ങളില്ല. ഇതില്‍നിന്ന് ജനങ്ങളുടെശ്രദ്ധ തിരിക്കുന്നതിനാണ് വിദ്വേഷം പ്രചരിപ്പിച്ചുകൊണ്ട് ജനങ്ങളെ വര്‍ഗീയമായി ചേരിതിരിക്കാന്‍ ശ്രമിക്കുന്നത്. ഇതിനെതിരെ രാജ്യത്ത് വന്‍ പ്രതിഷേധമാണ് ഉയരുന്നത്. പ്രതിഷേധിക്കുന്നവരെ സര്‍ക്കാര്‍ എല്ലാ മാര്‍ഗങ്ങളും
ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നു.
രാജ്യവ്യാപകമായി യുവാക്കള്‍ പ്രക്ഷോഭത്തിലാണ്. പൗരത്വനിയമ ഭേദഗതിയും എന്‍.ആര്‍.സിയുമാണ് ഇതിന് കാരണം. ഉത്തര്‍പ്രദേശിലും ദല്‍ഹിയിലും പോലീസ് ക്രൂരമായാണ് പ്രതിഷേധക്കാരെ നേരിട്ടത്- സോണിയാ ഗാന്ധി പറഞ്ഞു.