Sorry, you need to enable JavaScript to visit this website.

ബജറ്റ് വരുന്നു, സൂചികകൾ നേട്ടത്തിൽ

ഇന്ത്യൻ ഓഹരി വിപണി പ്രീ ബജറ്റ് റാലിക്കുള്ള ശ്രമത്തിലാണ്. യുദ്ധ ഭീതിയിൽ സൂചിക ആടിയുലഞ്ഞെങ്കിലും കഴിഞ്ഞയാഴ്ച സൂചിപ്പിച്ച 12,946 ലെ താങ്ങ് നിഫ്റ്റി നിലനിർത്തി. ശക്തമായ തിരിച്ചുവരവിൽ സർവകാല റെക്കോർഡിലേക്കുള്ള കുതിപ്പിനും അവസരം ലഭിച്ചു. രണ്ടാഴ്ച നീണ്ട തളർച്ചക്ക് ശേഷമാണ് ഇന്ത്യൻ ഇൻഡക്‌സുകൾ പ്രതിവാര നേട്ടത്തിലേക്ക് നീങ്ങിയത്.
നിഫ്റ്റി സൂചിക 30 പോയന്റ് പോയ വാരം കയറി. ഇതിനിടയിൽ റെക്കോർഡ് നിലവാരമായ 12,311 ലേക്കും സൂചിക സഞ്ചരിച്ചു. വീണ്ടും ഒരു കുതിപ്പിന് കരുത്ത് മുന്നിൽ കണ്ട് താഴ്ന്ന റേഞ്ചിൽ പുതിയ നിക്ഷേപങ്ങൾക്ക് തിരുത്തലിൽ ഫണ്ടുകൾ ഉത്സാഹിച്ചു. യുദ്ധ ഭീതിയിലെ വിൽപപ്പന സമ്മർദത്തിൽ വിപണി ആടിയുലഞ്ഞത് മുൻനിര ഓഹരികളിൽ പലതിന്റെയും നിരക്ക് ആകർഷകമാക്കി. താഴ്ന്ന റേഞ്ചിൽ ബയ്യിങിന് പ്രദേശിക നിക്ഷേപകരും മത്സരിച്ചു. 
വാരാവസാനം നിഫ്റ്റി 12,257 പോയന്റിലാണ്. ഈ വാരം 12,402-12,020  റേഞ്ചിൽ സഞ്ചരിക്കാം. ആദ്യ പ്രതിരോധം തകർത്താൽ ബജറ്റ് വേളയിൽ 12,547 ലേക്ക് ഉയരും. ഫെബ്രുവരി മൂന്നിന് കേന്ദ്ര ബജറ്റ്. അതേസമയം ആദ്യ താങ്ങായ 12,020 ൽ പിടിച്ചുനിൽക്കാനായില്ലെങ്കിൽ 11,783 പോയന്റിലേക്ക് തളരാം.
ബോംബെ സെൻസെക്‌സ് 41,464 ൽനിന്ന് 40,614 ലേക്ക് തുടക്കത്തിൽ ഇടിഞ്ഞെങ്കിലും പിന്നീട് അലയടിച്ച ബുൾ തരംഗത്തിൽ സൂചിക 41,775 വരെ കയറി. എന്നാൽ മുൻവാരം സൂചിപ്പിച്ച 41,809 പ്രതിരോധം മറികടക്കാനായില്ല. വാരാന്ത്യം സൂചിക  41,599 ലാണ്. ഈ വാരം 42,044 ലേക്ക് ഉയരാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടാൽ 40,883 ലേക്ക് പരീക്ഷണങ്ങൾക്ക് ഇടയുണ്ട്. ഈ റേഞ്ചിൽ പിടിച്ചുനിൽക്കാൻ ക്ലേശിച്ചാൽ സൂചിക 40,168 വരെ തളരാം. പ്രതിദിന ചാർട്ടിൽ സൂപ്പർ ട്രെന്റ് ദുർബലാവസ്ഥയിലേക്ക് വിരൽ ചൂണ്ടുന്നു. 
യു.എസ്-ഇറാൻ സംഘർഷാവസ്ഥക്ക് അയവ് കണ്ടതോടെ രാജ്യാന്തര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില ഇടിഞ്ഞത് രൂപക്കു ഡോളറിന് മുന്നിൽ ഒരു ശതമാനം നേട്ടത്തിന് അവസരം ഒരുക്കി. ജൂലൈക്ക് ശേഷമുള്ള ഏറ്റവും വേഗമേറിയ തിരിച്ചു വരവാണ് എണ്ണയിൽ ദൃശ്യമായത്. ബാരലിന് 65.62 ഡോളറിൽ നിന്ന് ക്രൂഡ് ഓയിൽ പിന്നീട് 58.60 ഡോളറായി. വ്യാപാരാന്ത്യം എണ്ണ വില 59.16 ഡോളറിലാണ്. എണ്ണ വില അഞ്ച് ശതമാനം പോയ വാരം കുറഞ്ഞു. 
മുൻനിരയിലെ പത്തിൽ ഏഴ് കമ്പനികളുടെ വിപണി മൂല്യത്തിൽ 32,020 കോടി രൂപയുടെ വർധന. എച്ച്.ഡി.എഫ്.സി ബാങ്കും ആർ.ഐ.എല്ലും നേട്ടം വാരിക്കുട്ടി. ടി.സി.എസ്, എച്ച്.ഡി.എഫ്.സി, എച്ച്.യു.എൽ, ഐ.സി.ഐസി.ഐ ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയുടെ വിപണി മൂല്യം ഉയർന്നപ്പോൾ ഇൻഫോസീസ്, എസ്.ബി.ഐ, ഐ.ടി.സി എന്നിവക്ക് നഷ്ടം. 
ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ്. സാമ്പത്തിക മേഖലക്ക് ഊർജം പകരുന്ന പ്രഖ്യാപനങ്ങൾ ധനമന്ത്രിയിൽനിന്ന് പ്രതീക്ഷിക്കുന്നു. ഡിസംബറിലെ പണപ്പെരുപ്പ നിരക്കുകൾ സംബന്ധിച്ച പുതിയ കണക്ക് ഈ വാരം പുറത്തു വരും. പണപ്പെരുപ്പം ഉയരാനാണ് സാധ്യത. 
പച്ചക്കറി, ഭക്ഷ്യയെണ്ണ വിലകളിലെ വർധന കണക്കിലെടുത്താൽ കഴിഞ്ഞ മാസത്തെ പണപ്പെരുപ്പം നിരക്ക് ആറര ശതമാനത്തിലേക്ക് നീങ്ങാം. ഭക്ഷ്യവസ്തുക്കളുടെ വില വർധന മൂലം നവംബറിൽ പണപ്പെരുപ്പം മൂന്നു വർഷത്തെ ഉയർന്ന നിരക്കായ 5.54 ശതമാനമായിരുന്നു. 
വിനിമയ വിപണിയിൽ പത്ത് മാസത്തിനിടയിലെ ഏറ്റവും ശക്തമായ പ്രതിവാര തിരിച്ചുവരവ്  ഡോളറിന് മുന്നിൽ രൂപ കാഴ്ച വെച്ചു. 71.79 ൽ നിന്ന് രൂപ 72.05 വരെ ദുർബലമായ ശേഷം 70.95 ലേക്ക് കരുത്ത് നേടി. രൂപക്ക് ഈ വാരം 70.58 ൽ താങ്ങും 71.90 ൽ പ്രതിരോധവുമുണ്ട്.
 

Latest News