Friday , January   24, 2020
Friday , January   24, 2020

റബർ വിപണിക്ക് പ്രതീക്ഷ; സ്വർണ വിലയിൽ റെക്കോർഡ്

ആഗോള റബർ മാർക്കറ്റ് ഈ വർഷം തിരിച്ചുവരവ് കാഴ്ച വെക്കും, ടയർ ഭീമൻമാർ ഷീറ്റ് സംഭരണത്തിന് ഒരുങ്ങുന്നു. പുതിയ കുരുമുളക് വരവ് വരവിനെ ഇടപാടുകാർ ഉറ്റുനോക്കുന്നു. ഏലക്ക ലേലത്തിൽ വരവ് ചുരുങ്ങിയത് ആഭ്യന്തര വിദേശ വാങ്ങലുകാരെ അസ്വസ്ഥരാക്കുന്നു. സ്വർണ വിലയിൽ വീണ്ടും റെക്കോർഡ്.       
ഏഷ്യൻ റബർ മാർക്കറ്റുകൾ ഈ വർഷം തളർച്ചയിൽനിന്ന് തിരിച്ചുവരവ് നടത്താനുള്ള സാധ്യതകൾക്ക് ശക്തിയേറുന്നു. ആഗോള വ്യാവസായിക മേഖലയിൽ നിലനിന്ന് മാന്ദ്യം മാറുമെന്ന സൂചനയാണ് പുറത്തു വരുന്നത്. ടയർ മേഖലയിൽ ഈ വർഷം ഉണർവ് കണക്കൂകൂട്ടുന്നത് ഇന്ത്യൻ മാർക്കറ്റിനും ഗുണകരമാവും. ആഗോള റബർ ഡിമാന്റ് 2020 ൽ 2.6 ശതമാനം വർധിക്കുമെന്നാണ് അന്താരാഷ്ട്ര റബർ റിസർച്ച് ഓർഗനൈസേഷന്റെ പഠനങ്ങൾ വ്യക്തമാക്കുന്നത്. അനുകൂല വാർത്തകൾ നേട്ടമാക്കാൻ ഉൽപാദക രാജ്യങ്ങൾ ഷീറ്റിൽ പിടിമുറുക്കിയാൽ നിക്ഷേപകരും വിപണിയിലേക്ക് ശ്രദ്ധ തിരിക്കും. റബർ അവധി വ്യാപാര കേന്ദ്രങ്ങളിൽ വാങ്ങൽ താൽപര്യം ഉടലെടുത്താൽ രാജ്യാന്തര റബർ വിപണിയുടെ അടിത്തറ ശക്തമാക്കും. 
കേരളത്തിൽ റബർ ടാപിംഗ് സീസൺ അവസാനിക്കും മുമ്പേ കരുതൽ ശേഖരത്തിലേക്ക് ഷീറ്റ് കണ്ടത്താനുള്ള ശ്രമത്തിലാണ് ഉൽപാദകർ. ക്രിസ്മസിന് ശേഷം വിപണികളിൽ ചരക്ക് വരവ് ചുരുങ്ങിയത് മധ്യവർത്തികളെയും വ്യവസായികളെയും വില ഉയർത്താൻ പ്രേരിപ്പിക്കുന്നുണ്ട്. പിന്നിട്ട വാരം നാലം ഗ്രേഡ് 13,100 ൽനിന്ന് 13,300 രൂപയായി. ഡിസംബറിലും വിപണി ഈ നിലവാരത്തിലേക്ക് ഉയർന്നെങ്കിലും ഈ റേഞ്ചിലെ തടസ്സം മറികടക്കാനായില്ല. പ്രമുഖ അവധി വ്യാപാര കേന്ദ്രമായ ടോക്കോമിൽ റബർ വില 200 യെന്നിലെ തടസ്സം മറികടന്ന് 204 യെന്നിലേക്ക് കയറിയാൽ ഇന്ത്യൻ വില 1,34,00,13,700 ലേക്ക് ചുവടു വെക്കാം. ബാങ്കോക്കിൽ റബർ 11,283 രൂപയിൽനിന്ന് 11,633 രൂപയായി.   
കുരുമുളക് തോട്ടങ്ങളിൽ മണികൾ മുത്ത് വിളയുകയാണ്. മലയോര മേഖലകളിൽ പകൽ തെളിഞ്ഞ കാലാവസ്ഥ ലഭ്യമായതോടെ മൂത്ത് വിളഞ്ഞ കുരുമുളക് വിളവെടുപ്പിനുള്ള ശ്രമത്തിലാണ് കർഷകർ. മൂപ്പ് കുറഞ്ഞ പച്ച കുരുമുളക് ശേഖരിക്കാൻ അച്ചാർ നിർമാതാക്കൾ താൽപര്യം കാണിച്ചു. ദക്ഷിണേന്ത്യയിലെ തോട്ടങ്ങൾ അധികം വൈകാതെ പുതിയ മുളക് വിൽപനക്ക് ഇറക്കുമെന്ന കണക്കൂകൂട്ടലിലാണ് അന്തർസംസ്ഥാന വ്യാപാരികൾ. വിദേശ കുരുമുളക് വരവ് ചുരുങ്ങിയതിനാൽ വില ഇടിക്കാനുള്ള വാങ്ങലുകാരുടെ നീക്കങ്ങൾ തൽക്കാലം നിലച്ചു.  ഗാർബിൾഡ് 34,800 രൂപ. അന്താരാഷ്ട്ര വില ടണ്ണിന് 5000 ഡോളർ.  
ഫെബ്രുവരി മുതൽ ഏലക്കയുടെ ലഭ്യത ചുരുങ്ങുമെന്ന ആശങ്കയിലാണ് വാങ്ങലുകാർ. മഴയുടെ അഭാവം മൂലം ഉൽപാദന രംഗം തളർച്ചയിലാണ്. ലേല കേന്ദ്രങ്ങളിൽ വരവ് ചുരുങ്ങും മുമ്പേ പരമാവധി ഏലക്ക ശേഖരിക്കാനുള്ള നീക്കത്തിലാണ് കയറ്റുമതിക്കാരും. വാരാന്ത്യം മികച്ചയിനം ഏലക്ക കിലോഗ്രാമിന് 5057 രൂപയിലാണ്. 
കേരളത്തിൽ സ്വർണ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരമായ 30,400 രൂപയിൽ വ്യാപാരം നടന്നു. 29,680 രൂപയിൽ വിൽപനയാരംഭിച്ച പവൻ ചരിത്ര നേട്ടങ്ങൾ സ്വന്തമാക്കിയ ശേഷം വാരത്തിന്റെ രണ്ടാം പകുതിയിൽ 29,520 രൂപയായി ഇടിഞ്ഞു. അപ്രതീക്ഷിത വില ഇടിവ് ആഭരണ കേന്ദ്രങ്ങളിൽ വിവാഹ പാർട്ടികളുടെ തിരിച്ചുവരവിന് വഴിതെളിച്ചു. ശനിയാഴ്ച പവൻ 29,720 രൂപയിലാണ്. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1554 ഡോളറിൽ നിന്ന് 1595 ഡോളർ വരെ കയറിയ ശേഷം 1562 ഡോളറിലാണ്.
 

Latest News