പശ്ചിമ ബംഗാളില്‍ ബിജെപി പാര്‍ട്ടി ഓഫീസിന് തീപിടിച്ചു; തൃണമൂലെന്ന് ആരോപണം

 

അസന്‍സോള്‍- പശ്ചിമബംഗാളിലെ അസന്‍സോളില്‍ ബിജെപിയുടെ ഓഫീസിന് തീയിട്ടതായി പരാതി. ഇന്നലെ രാത്രിയാണ് സംഭവം. തങ്ങളുടെ പാര്‍ട്ടി ഓഫീസ് കത്തിച്ചതിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്ന് ബിജെപി ആരോപിച്ചു. അതേസമയം ആരോപണങ്ങള്‍ തള്ളി ടിഎംസി നേതാക്കള്‍ രംഗത്തെത്തി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഗുണ്ടകളാമ് പാര്‍ട്ടി ഓഫീസിന് തീയിട്ടതെന്നും പ്രദേശത്ത് ബിജെപിയുടെ സ്വാധീനം വര്‍ധിക്കുന്നതില്‍ ക്ഷുഭിതരായാണ് അക്രമണമെന്നും

ബിജെപി നേതാവ് ഗോപാല്‍ റോയ് ആരോപിച്ചു. ജനങ്ങള്‍ക്ക് കൊടുംതണുപ്പില്‍ നിന്ന് രക്ഷനേടാന്‍ കബിളികള്‍ വിതരണം ചെയ്യുന്ന പരിപാടി ബിജെപി നടത്തിയിരുന്നു. ഇതില്‍ വന്‍ ജനസാന്നിധ്യമുണ്ടായിരുന്നു. ഇതില്‍ അസൂയപൂണ്ടാണ് സംഭവമെന്നും അദേഹം കൂട്ടിച്ചേര്‍ത്തും. അതേസമയം ബിജെപിയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തൃണമൂല്‍ നേതാവ് ഹരേരാം തിവാരി അറിയിച്ചു. ബിജെപിയ്ക്ക് അകത്തുള്ള അസ്വാരസ്യങ്ങള്‍ കാരണം അവര്‍ തന്നെയാണ് സ്വന്തം പാര്‍ട്ടി ഓഫീസിന് തീവെച്ചതെന്ന് അദേഹം പറഞ്ഞു.

ബിജെപി നേതാക്കള്‍ക്ക് പാര്‍ട്ടി ഓഫീസനകത്ത് മദ്യപിക്കുന്നത് ഉള്‍പ്പെടെയുള്ള എല്ലാ വിധ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ടെന്നും അദേഹം പറഞ്ഞു. അതേസമയം പാര്‍ട്ടി ഓഫീസിന് തീപിടിച്ച കാര്യം അറിയിച്ചിട്ടും പോലീസ് വൈകിയാണ് വന്നതെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം തുടങ്ങിയതായി പോലീസ്  അറിയിച്ചു.

Latest News