ഗര്‍ഭിണിയായ മകളും മാതാപിതാക്കളും ആത്മഹത്യ ചെയ്ത നിലയില്‍

കോട്ടയം- കോട്ടയത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പീഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് മകള്‍ ഗര്‍ഭിണിയായ വിവരമറിഞ്ഞ മനോവിഷമത്തില്‍ ആദ്യം മാതാപിതാക്കളും പിന്നാലെ മകളും ആത്മഹത്യ ചെയ്തുവെന്ന് പോലീസ് അറിയിച്ചു.

ശാരീരിക അസ്വാസ്ഥ്യത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിലെ ആശുപത്രിയില്‍ ചികിത്സ തേടിയ പെണ്‍കുട്ടി രണ്ടുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയിരുന്നു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ആശുപത്രി അധികൃതര്‍ വിവരം പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി പ്രകാരം ഇറുമ്പയം കല്ലുവേലി ജിഷ്ണു (20) വിനെ പോലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ ചുമത്തി കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തിരുന്നു.

മകള്‍ ഗര്‍ഭിണിയായ വാര്‍ത്തയറിഞ്ഞ അച്ഛനും അമ്മയും വിഷമത്തിലായിരുന്നു. ഞായറാഴ്ച രാവിലെ ഏഴുമണിയോടെ മകള്‍ ഉണര്‍ന്നപ്പോള്‍ അച്ഛനും അമ്മയും മുറിയുടെ ജനലില്‍ ഷാളില്‍ തൂങ്ങിമരിച്ചുകിടക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് പെണ്‍കുട്ടി സഹോദരിയെ ഫോണില്‍ വിളിച്ച് വിവരം പറഞ്ഞിരുന്നു. അവര്‍ അറിയിച്ചത് പ്രകാരം പോലീസും സമീപവാസികളും വീട്ടിലെത്തിയപ്പോള്‍ മകളും തൂങ്ങിമരിച്ച നിലയിലായിരുന്നു.

 

Latest News