Sorry, you need to enable JavaScript to visit this website.

ഗോഡൗണുകൾക്ക് നഗര മന്ത്രാലയം പുതിയ നിബന്ധനകൾ ഏർപ്പെടുത്തി

റിയാദ്- ഗോഡൗണുകൾ, വർക്ക്‌ഷോപ്പുകൾ എന്നിവക്ക് പുതിയ നിബന്ധനകൾ ഏർപ്പെടുത്തിയതായി നഗര, ഗ്രാമ മന്ത്രാലയം അറിയിച്ചു. ലോജിസ്റ്റിക് സർവീസിനെയോ ട്രെയിലറുകളടക്കമുള്ള വാഹന ഗതാഗതത്തെയോ പ്രതികൂലമായി ബാധിക്കാത്ത നിലയിൽ നിലവിലെ പ്രതിസന്ധികൾ പരിഹരിക്കുന്ന വിധത്തിലാണ് പുതിയ വ്യവസ്ഥകൾ. ഗോഡൗണുകളിലുള്ള അതേ ഉൽപന്നങ്ങളുടെ ഷോറൂമുകൾ അവിടെ സ്ഥാപിക്കുന്നതിന് അനുമതിയുണ്ട്. സൂക്ഷിക്കുന്ന വസ്തുക്കളുടെ സ്വഭാവത്തിനനുസരിച്ച് ഗോഡൗണുകളെ തരംതിരിച്ച് സുരക്ഷക്കും പരിസര ശുചീകരണത്തിനും മുൻഗണന നൽകുന്ന വിധത്തിലാണ് പുതിയ വ്യവസ്ഥകൾ നടപ്പാക്കുന്നത്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന നിക്ഷേപകരുടെയും സംരംഭകരുടെയും ആവശ്യപ്രകാരമാണ് വ്യവസ്ഥകൾക്ക് രൂപം നൽകിയത്. പ്ലാസ്റ്റിക്, കെട്ടിട നിർമാണ സാമഗ്രികൾ, തീപിടിക്കാത്ത അസംസ്‌കൃത വസ്തുക്കൾ എന്നിവ സൂക്ഷിക്കുന്നവ, പൊതു ഗോഡൗണുകൾ, ഫ്രോസൺ തുടങ്ങി ഗോഡൗണുകളെ വിവിധ ഇനങ്ങളാക്കി തിരിച്ചിട്ടുണ്ട്. വർക്ക്‌ഷോപ്പുകൾക്ക് മുന്നിൽ മതിയായ കാർ പാർക്കിംഗ് സംവിധാനം ഉറപ്പുവരുത്തി ചരക്കുകൾ ഇറക്കുന്നതിനും കയറ്റുന്നതിനും സൗകര്യം വേണം. സൗദി നിർമാണ വ്യവസ്ഥകൾക്കനുസരിച്ച ആവശ്യമായ വെളിച്ചവും വായു സഞ്ചാരവും ഉറപ്പുവരുത്തൽ, തീപിടിക്കുന്ന വസ്തുക്കളുടെ ഉപയോഗം ഇല്ലാതാക്കൽ, ഫയർ സേഫ്റ്റി, ശബ്ദ നിയന്ത്രണ സംവിധാനം എന്നിവ ഏർപ്പെടുത്തൽ, കീടനാശിനികളുടെ ഗോഡൗണിന് സമീപം ഭക്ഷ്യ വസ്തുക്കളുടെ ഗോഡൗൺ സ്ഥാപിക്കാതിരിക്കൽ, ഉൾഭാഗങ്ങളിലെ മുന്നറിയിപ്പ് ഉപകരണങ്ങൾ പുറത്ത് സ്ഥാപിച്ച കൺട്രോൾ റൂമുമായി ബന്ധിപ്പിക്കൽ തുടങ്ങിയവയാണ് നിബന്ധനകൾ. തൊഴിലാളികളെ ഗോഡൗണുകളിൽ താമസിക്കാൻ ഒരു കാരണവശാലും അനുമതി നൽകുകയും അരുത്.

Tags

Latest News