രാജ്യത്ത് ഭരണഘടനയുടെ പ്രവര്‍ത്തനം സംബന്ധിച്ച് ആത്മപരിശോധനയ്ക്കും ഓഡിറ്റിങ്ങിനും ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് മുന്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് അടക്കമുള്ള പ്രധാനപ്പെട്ട എട്ട് വ്യക്തിത്വങ്ങള്‍ . പൗരത്വഭേദഗതിയ്ക്ക് എതിരായ പ്രതിഷേധങ്ങള്‍ക്കിടെയാണ് റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി ഇക്കാര്യങ്ങള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
മുന്‍സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ചെലമേശ്വര്‍, മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ് വൈ ഖുറേഷി, മുന്‍ സൈനിക കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ ഹര്‍ചരണ്‍ജിത് സിംഗ് പനാംഗ്, നടിയും സെന്‍സര്‍ബോര്‍ഡ് മുന്‍ ചെയര്‍പേഴ്സണുമായ ഷര്‍മിള ടാഗോര്‍ മുന്‍ യുജിസി ചെയര്‍മാന്‍ സുഖ്‌ദോ തോരട്ട്, മുന്‍ പ്ലാനിംഗ് കമ്മീഷന്‍ അംഗം സ്യേദ ഹമീദ്, കര്‍ണടിക് മ്യൂസിഷന്‍ ടി.എം കൃഷ്ണ, അടൂര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങി എട്ടുപേരാണ് പൗരത്വ ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ജനങ്ങളോട് അഭ്യര്‍ത്ഥനയുമായി രംഗത്ത് വന്നിരിക്കുന്നത്.
'ഭരണഘടന, തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളുടെ അധികാര ദുര്‍വിനിയോഗത്തിന് നിയമസാധുത നല്‍കാനുള്ള കേവലം ഭരണപരമായ ഒരു മാനുവലാണോ ? സ്വാതന്ത്ര്യമെന്നത് ഒരു വിഭാഗം പൗരന്മാര്‍ക്ക് മറ്റുള്ളവരുടെ അവകാശങ്ങളെ അവമതിച്ചുകൊണ്ട് എന്തും ചെയ്യാനുള്ള ലൈസന്‍സാണോയെന്നും' അവര്‍ ചോദിക്കുന്നു.
ഇന്ത്യന്‍ ഭരണഘടനയുടെ 70 വര്‍ഷങ്ങള്‍ നമുക്ക് വിജയാഘോഷത്തിനും ഒപ്പം പോരായ്മകളെ മറികടക്കാന്‍ ആത്മപരിശോധന നടത്തുന്നതിനുമുള്ള അവസരമാണ്.
വിജയം ആഘോഷിക്കുന്നതോടൊപ്പം ഗൗരവമേറിയ ഈ അവസരം നമ്മുടെ നിലവിലെ ആശങ്കകളെ പ്രതിഫലിപ്പിക്കാനും, പ്രത്യേകിച്ചും നമ്മുടെ വൈവിധ്യമാര്‍ന്ന, മതേതര സമൂഹത്തെക്കുറിച്ച്, ഡോ. അംബേദ്കറും നമ്മുടെ പൂര്‍വ്വികരും ആമുഖത്തില്‍തന്നെ വിഭാവനം ചെയ്ത ഭരണഘടനാ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനും തീരുമാനമെടുക്കുക. - 'ഇന്ത്യന്‍ ഭരണഘടനയുടെ 70 വര്‍ഷങ്ങള്‍ നിര്‍വചിക്കുന്ന നിമിഷം' എന്ന തലക്കെട്ടോടെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.