Sorry, you need to enable JavaScript to visit this website.

സമസ്തക്കൊപ്പമുള്ള ഇടത് പ്രചാരണം യു.ഡി.എഫിന്റെ നെഞ്ചിടിപ്പ് കൂട്ടുന്നു

കോഴിക്കോട്- പൗരത്വ നിയമഭേദഗതിയെ മുൻനിർത്തിയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രചാരണം യു.ഡി.എഫിന്റെ നെഞ്ചിടിപ്പേറ്റുന്നു. ഇതിനെ എങ്ങിനെ നേരിടണമെന്നറിയാതെ ഉഴലുകയാണ് യു.ഡി.എഫ് നേതൃത്വം. മുസ്‌ലിം ലീഗിന്റെ ഒപ്പം നിൽക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയടക്കമുള്ള സംഘടനകളെ ഒപ്പം നിർത്താൻ ഇടതുമുന്നണി ശ്രമിക്കുകയാണ്.
പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് മതേതര വിശ്വാസികൾക്ക് പൊതുവെയും മുസ്‌ലിംകൾക്ക് വിശേഷിച്ചുമുണ്ടായ ആശങ്കയെ തനിക്കനുകൂലമായ തരംഗമാക്കിമാറ്റുകയാണ് പിണറായി വിജയൻ. കഴിഞ്ഞ കുറച്ചു കാലമായി മുസ്‌ലിംകളെ ലക്ഷ്യം വെച്ച തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്ന സി.പി.എമ്മിന് പൗരത്വ നിയമ ഭേദഗതി വലിയ അവസരമാണ് ഒരുക്കിയത്.
2020 സെപ്തംബറിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന ആശങ്കയിലാണ് യു.ഡി.എഫ്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പോരാട്ടത്തിൽ നിരവധി പരിപാടികൾ യു.ഡി.എഫും കോൺഗ്രസും സംഘടിപ്പിക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രിക്കൊപ്പം എത്തുന്നില്ലെന്നതാണ് പ്രശ്‌നം. യു.ഡി.എഫും എൽ.ഡി.എഫും ഇക്കാര്യത്തിൽ കൈകോർത്തതിനെതിരെ കോൺഗ്രസിൽ ഉയർന്ന എതിർപ്പ് പിണറായിക്ക് അനുകൂലമായാണ് ഭവിക്കുന്നത്. ഇക്കാര്യത്തിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ പരസ്യമായി വിമർശിച്ച് ഇ.കെ വിഭാഗം സമസ്ത രംഗത്തുവരികയുണ്ടായി.
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദറും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമാണ് പൗരത്വ നിയമ ഭേദഗതി സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് ആദ്യം പ്രഖ്യാപിച്ചത്. പിണറായി എവിടെ എന്ന ചോദ്യം ഉയർന്ന ശേഷമാണ് പിണറായിയുടെ പ്രഖ്യാപനം വന്നതെങ്കിൽപോലും ജനം; വിശേഷിച്ച് മുസ്‌ലിം സമുദായം ഇതിൽ വലിയ പ്രതീക്ഷയാണ് അർപ്പിക്കുന്നത്. ഇതിനിടെ സംയുക്ത സമരം എന്ന ആശയം മുന്നോട്ടുവെച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. അവിടെയും ഗോളടിച്ചത് പിണറായിയാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒന്നിച്ച് ധർണ നടത്തിയപ്പോഴും ശ്രദ്ധിക്കപ്പെട്ടത് മുഖ്യമന്ത്രി. സംയുക്ത സമരത്തിലുള്ള എതിർപ്പ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പരസ്യമായി പ്രഖ്യാപിച്ചത് ചെന്നിത്തലയെ മാത്രമല്ല കോൺഗ്രസിനെയും മുസ്‌ലിം ലീഗിനെയും പ്രതിസന്ധിയിലാക്കി. നിയമത്തിനെതിരെ നിയമസഭ പ്രമേയം അംഗീകരിച്ചതോടെ പിണറായി കൂടുതൽ ശ്രദ്ധ നേടി. ഇതിനിടെ കോൺഗ്രസ് സംസ്ഥാനത്ത് വലിയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി. ജില്ല തോറും ഡി.സി.സികളുടെ നേതൃത്വത്തിൽ പ്രക്ഷോഭമുണ്ടാക്കി അറസ്റ്റ് വരിച്ചു. ലോക്‌സഭാംഗങ്ങൾ ലോംഗ് മാർച്ചുകൾ സംഘടിപ്പിച്ചു. മുസ്‌ലിം ലീഗും യൂത്ത് ലീഗും എം.എസ്.എഫും വിവിധ സമരങ്ങൾ നടത്തിയെങ്കിലും പിണറായിക്കുള്ള മൈലേജ് കുറക്കാൻ കഴിഞ്ഞില്ല.
ശബരിമല വിധിയുടെ പിന്നാലെ ഇതുപോലൊരു നീക്കം പിണറായി നടത്തിയതാണ്. നവോത്ഥാന റാലികളായിരുന്നു സംസ്ഥാനത്തുടനീളം നടത്തിയത്. നവോത്ഥാന സംരക്ഷണ സമിതിയുമുണ്ടാക്കി. അതിന്റെ നേതൃത്വത്തിൽ വനിതാ മതിലും സംഘടിപ്പിച്ചു. നവോത്ഥാന നായകനായി പിണറായിയെ ഉയർത്തിക്കാട്ടാൻ എൽ.ഡി.എഫ് ശ്രമിച്ചെങ്കിലും വൻ തിരിച്ചടിയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായത്. ഇതേത്തുടർന്ന് ശബരിമല നയത്തിൽ തന്നെ മാറ്റംവരുത്തി. വെള്ളാപ്പള്ളി നടേശൻ ചെയർമാനായ നവോത്ഥാന സമിതി തന്നെ നിർജീവമായി.
ശബരിമല നീക്കത്തിലൂടെ കോൺഗ്രസിനെ ദുർബലപ്പെടുത്താമെന്നും ന്യൂനപക്ഷ പിന്തുണ നേടാമെന്നും പിണറായി കണക്കുകൂട്ടിയിരുന്നുവെങ്കിലും പാളി. ദേശീയ തലത്തിൽ കോൺഗ്രസിന് മാത്രമേ സാധ്യതയുള്ളൂവെന്ന വിലയിരുത്തലിനെതുടർന്നാണ് ന്യൂനപക്ഷങ്ങൾ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ കൈവിട്ട് യു.ഡി.എഫിനെ തുണച്ചത്. എന്നാൽ ദേശീയ തലത്തിൽ കോൺഗ്രസ് തോറ്റതോടെ ന്യൂനപക്ഷങ്ങൾ മാറി ചിന്തിച്ചു തുടങ്ങി. അതിനിടെയാണ് മുത്തലാഖ്, യു.എ.പി.എ, കാശ്മീർ തുടങ്ങിയ ന്യൂനപക്ഷ വിഷയങ്ങൾ ഉയർന്നുവന്നത്. ആ സന്ദർഭങ്ങളിലെല്ലാം കോൺഗ്രസിനെ സംശയത്തിന്റെ നിഴലിൽ നിർത്താൻ സി.പി.എമ്മിന് കഴിഞ്ഞു.
പൗരത്വ ഭേദഗതിയിലും കോൺഗ്രസ് സംസ്ഥാനങ്ങൾ വേണ്ടവിധം പ്രവർത്തിക്കുന്നില്ലെന്ന ആക്ഷേപം മുഖ്യമന്ത്രി ഉന്നയിച്ചുകഴിഞ്ഞു. ഇപ്പോൾ യോജിച്ച മുന്നേറ്റത്തിന് തയ്യാറെന്നാണ് മുഖ്യമന്ത്രി മുന്നോട്ടുവെക്കുന്നത്. എന്നാൽ ഈ നീക്കം ഫലത്തിൽ എൽ.ഡി.എഫിന് മാത്രമേ ഗുണം ചെയ്യൂവെന്നതാണ് യു.ഡി.എഫ് കരുതുന്നത്. പിണറായിയുടെ മുന്നേറ്റത്തെ തടയാൻ വഴിതേടുകയാണ് യു.ഡി.എഫ് നേതൃത്വം. ജനുവരി 26 ന് നടക്കുന്ന മനുഷ്യച്ചങ്ങലയിൽ സമസ്തയടക്കം മുസ്‌ലിം സംഘടനാ പ്രതിനിധികളെ കൂടി പങ്കെടുപ്പിക്കാനാണ് എൽ.ഡി.എഫ് നീക്കം.
 

Latest News