Sorry, you need to enable JavaScript to visit this website.

ആർപ്പുവിളികളിൽ നീരാടി കുട്ടനാട്; വള്ളംകളിക്ക് ഇനി ദിവസങ്ങൾ മാത്രം

ആലപ്പുഴ- ആർപ്പോാാാാാാാാാാ ഇർറോാാാാാ ഇർറോാാാാാാ...…കുട്ടനാട്ടിലെങ്ങും ആർപ്പുവിളിയുടെയും വഞ്ചിപ്പാട്ടിന്റെയും ലഹരി നുരഞ്ഞുപൊന്തുകയാണ്. വള്ളവും വഞ്ചിപ്പാട്ടും കുട്ടനാടിന്റെ വികാരമാണ്. ജനസഞ്ചയങ്ങളുടെ മനസിൽ എന്നും മുഴങ്ങുന്നത്, ചുണ്ടുകളിൽ തത്തിക്കളിക്കുന്നത് നതോന്നതയുടെ ഈരടികളാണ്. കിഴക്കിന്റെ വെനീസായ ആലപ്പുഴയുടെ പേരും പെരുമയും ലോകമെങ്ങുമെത്തിച്ച പുന്നമടയിലെ പൂരത്തിന് ആരവം മുഴങ്ങിക്കഴിഞ്ഞു. ഇനി രണ്ടുനാൾ മാത്രം. 
കുട്ടനാട്ടിലെ കരുമാടിക്കുട്ടന്മാർ പുന്നമടക്കായലിൽ ചാട്ടുളിപോലെ പായാനുള്ള തയാറെടുപ്പ് തകൃതിയിലാക്കി. ആലപ്പുഴക്കാർക്കും കുട്ടനാട്ടുകാർക്കും ഓണത്തേക്കാളേറെ പ്രാധാന്യമാണ് വള്ളംകളി. അതവരുടെ ജീവിതത്തിന്റെ ഭാഗമാണ്. ചമ്പക്കുളം മൂലം വള്ളംകളിയോടെ കുട്ടനാട്ടിലെ ചുണക്കുട്ടന്മാർ ചുണ്ടൻവള്ളങ്ങളിലായിരിക്കും. ഓണവും കഴിഞ്ഞ് ഒരുമാസത്തോളം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വള്ളംകളികളിൽ മാറ്റുരച്ചശേഷമാകും വിശ്രമം. ഒരു വ്യാഴവട്ടക്കാലം മുമ്പുവരെ ആലപ്പുഴക്കാർക്കുപുറമെ കോട്ടയം, പത്തനംതിട്ട ജില്ലകളിലുള്ളവരും മാത്രമെ വള്ളംകളിയിൽ ശ്രദ്ധിച്ചിരുന്നുള്ളൂ.
 ഇപ്പോഴത്തെ സ്ഥിതിയതല്ല. മറ്റു ജില്ലക്കാർക്കുപുറമെ അന്യസംസ്ഥാനക്കാരും വള്ളംകളിയുടെ ആവേശം എടുത്തണിയുന്നു. ലോകടൂറിസം ഭൂപടത്തിൽ കയറിപ്പറ്റാൻ ആലപ്പുഴയ്ക്ക് തുണയായത് എല്ലാ വർഷവും ഓഗസ്റ്റ് മാസത്തിലെ രണ്ടാംശനിയാഴ്ച പുന്നമടക്കായലിൽ നടക്കുന്ന വള്ളംകളിയാണ്. അത് കുറ്റമറ്റരീതിയിൽ നടത്താനും സ്വദേശിയർക്കുപുറമെ വിദേശസഞ്ചാരികളുടെ പങ്കാളിത്തം കൂട്ടാനും ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സംഘാടകസമിതി നിരന്തര പരിശ്രമത്തിലാണ്. 

ചാച്ചാജിയുടെ കൈയൊപ്പുള്ള ട്രോഫി വന്നവഴി
പ്രഥമപ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ നാമധേയത്തിൽ മുടക്കംകൂടാതെ നടന്നുവരുന്ന വള്ളംകളിക്ക് പിന്നിൽ ചാച്ചാജിയുടെ സാന്നിധ്യംകൊണ്ട് ആവേശംനിറഞ്ഞ ഒരു ചരിത്രപശ്ചാത്തലമുണ്ട്. കുട്ടനാടിനെയും കർഷകസമൂഹത്തെയും അവരുടെ കലയോടുള്ള ആത്മസമർപ്പണത്തെയും നെഹ്‌റു എത്രത്തോളം ആദരിച്ചുവെന്നതിന് തെളിവുകൂടിയാണ് പുന്നമടക്കായലിലെ ജലമാമാങ്കം. 1952 ഡിസംബർ 22 നായിരുന്നു ആലപ്പുഴയുടെ ചരിത്രത്തിൽ ആലേഖനം ചെയ്ത ആ സുദിനം.
പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും മകൾ ഇന്ദിരാഗാന്ധിയും ഇന്ദിരയുടെ മക്കളായ രാജീവ് ഗാന്ധിയും സഞ്ജയ്ഗാന്ധിയും ഉൾപ്പെട്ട സംഘം കേരളസന്ദർശനത്തിനിടെ കോട്ടയത്തുനിന്നും ജലമാർഗം ആലപ്പുഴയ്‌ക്കെത്തുന്നു. നെഹ്‌റു കുടുംബത്തെ സ്വീകരിക്കാൻ കുട്ടനാട്ടുകാർ തിമിർത്ത ആഘോഷമാണ് സംഘടിപ്പിച്ചത്. അതിന്റെ ഭാഗമായി ചുണ്ടൻവള്ളങ്ങളിലുള്ള തുഴച്ചിലും നടത്തി. മൂവർണക്കൊടികൾ കൊണ്ടലങ്കരിച്ച കളിവള്ളങ്ങൾ കണ്ട് നെഹ്‌റുവും മകളും ചെറുമക്കളും അത്ഭുതംകൂറി. പ്രധാനമന്ത്രിയുടെ വരവ് കാണാൻ കുട്ടനാടൻ കായലുകൾക്കിരുവശവും ജനസഞ്ചയവുമെത്തി. 
കേരളം അതുവരെ ദർശിച്ചിട്ടില്ലാത്ത ഒരു വരവേൽപായിരുന്നു. 22ന് രാവിലെ പതിനൊന്നിനുതന്നെ ജലസേചന വകുപ്പിന്റെ ഡക്‌സ് എന്ന മോട്ടോർബോട്ടിൽ നെഹ്‌റു എത്തി. മൺറോ തുരുത്തിലെ വേദിയിൽ അദ്ദേഹവും കുടുംബവും ഇരുന്നു. തുടർന്ന് വള്ളംകളി. ഒമ്പത് ചുണ്ടൻവള്ളങ്ങളാണ് കളിയിൽ പങ്കെടുത്തത്. പത്തുമിനിറ്റ് മാത്രമെ അന്ന് വള്ളംകളി ഉണ്ടായിരുന്നുള്ളൂ. നടുഭാഗം, പാർഥസാരഥി, നെൽസൺ, നെപ്പോളിയൻ, കാവാലം, ഗോപാലകൃഷ്ണൻ, ഗിയർഗോസ്, ചമ്പക്കുളം, നേതാജി എന്നീവള്ളങ്ങളാണ് പങ്കെടുത്തത്. ഒന്നര കിലോമീറ്റർ ദൂരത്തിൽ നടന്ന മൽസരത്തിൽ ഒന്നാമത് തുഴഞ്ഞെത്തിയത് നടുഭാഗം ചുണ്ടനാണ്. മനസിനെ മദിപ്പിച്ച വള്ളങ്ങളുടെ പോരാട്ടംകണ്ട് നെഹ്‌റു കൊച്ചുകുട്ടിയെപ്പോലെ തുള്ളിച്ചാടി. രാഷ്ട്രശിൽപിക്ക് അത് കേവലം കാഴ്ചക്കളി മാത്രമായിരുന്നില്ല. ഒരു നാടിന്റെ കാർഷികത്തനിമയ്ക്ക് ഇങ്ങനെയൊരു കായികവിനോദം മാറ്റ് പകരുന്നുണ്ടല്ലോ എന്ന സന്തോഷം നെഹ്‌റുവിനെ വിസ്മയിപ്പിച്ചു. 
എല്ലാവർഷവും വള്ളംകളി ജനപങ്കാളിത്തത്തോടെ നടത്തണമെന്ന് അന്ന് നെഹ്‌റുജി നിർദേശിച്ചു. ആവേശത്താൽ നടുഭാഗം ചുണ്ടനിൽ ചാടിക്കയറിയാണ് ക്യാപ്റ്റൻ പയ്യനാട് ചാക്കോ മാപ്പിളയ്ക്ക് നെഹ്‌റു ട്രോഫി സമ്മാനിച്ചത്. ഡൽഹിയിലേക്ക് മടങ്ങിയ നെഹ്‌റു വെള്ളിയിൽ നിർമിച്ച ചുണ്ടൻവള്ളത്തിന്റെ മാതൃകയിൽ സ്വന്തം കൈയൊപ്പ് പതിച്ച് ആലപ്പുഴയിലെത്തിച്ചു. 
പുന്നമടക്കായലിലേക്ക് വള്ളംകളി പ്രേമികളെ ഓരോ വർഷവും ആനയിക്കുന്നത് ഈ വെള്ളിക്കപ്പാണ്. നെഹ്‌റുവിന്റെ കാലമത്രയും പ്രൈംമിനിസ്റ്റേഴ്‌സ് ട്രോഫിയായി അറിയപ്പെട്ടിരുന്ന വള്ളംകളി അദ്ദേഹത്തിന്റെ കാലശേഷം നെഹ്‌റുട്രോഫിയായി.
 പ്രൈംമിനിസ്റ്റേഴസ് ട്രോഫി ആദ്യമായി നേടിയത് കാവാലം ചുണ്ടനാണ്. വട്ടക്കായലിൽ നടന്ന മൽസരവള്ളംകളി നടത്തിപ്പിന്റെ സൗകര്യംകണക്കിലെടുത്താണ് പുന്നമടക്കായലിലേക്ക് മാറ്റിയത്. 
ഒരു രാഷ്ട്രത്തലവന്റെ സ്മാരകം വെള്ളിവെളിച്ചം വിതറുന്ന ശോഭയോടെ കുട്ടനാട് ഊട്ടിവളർത്തിയ നെഹ്‌റുട്രോഫി അല്ലാതെ വേറൊന്നില്ല. 

വിജയിയെ പ്രവചിച്ച് സമ്മാനം നേടാം
നെഹ്‌റു ട്രോഫി ഏതു ചുണ്ടൻ വള്ളം നേടുമെന്നു പ്രവചിച്ച് സമ്മാനം നേടാം. നെഹ്‌റു ട്രോഫി പബഌസിറ്റി കമ്മിറ്റിയാണ് മത്സരം സംഘടിപ്പിക്കുന്നത്. വിജയിക്ക് പാലത്ര ഫാഷൻ ജൂവലേഴ്‌സ് നൽകുന്ന 10,001 രൂപയുടെ പി.റ്റി. ചെറിയാൻ സ്മാരക കാഷ് അവാർഡ് നൽകും. എട്ടു രൂപയുടെ മത്സര പോസ്റ്റ് കാർഡിൽ തപാലിലൂടെ ലഭിക്കുന്ന എൻട്രികളേ പരിഗണിക്കൂ. സാധാരണ പോസ്റ്റ് കാർഡിൽ ആറു രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ചും അയയ്ക്കാം. പ്രവചിക്കുന്ന ചുണ്ടന്റെ പേര്, എൻട്രി അയയ്ക്കുന്നയാളുടെ പേര്, വിലാസം, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തണം. ഒരാൾക്ക് ഒരു വള്ളത്തിന്റെ പേരു മാത്രമേ പ്രവചിക്കാനാകൂ. കൂടുതൽ പേരുകൾ അയച്ചാൽ എൻട്രി തള്ളിക്കളയും. അയയ്ക്കുന്ന കവറിനു മുകളിൽ നെഹ്‌റു ട്രോഫി പ്രവചനമത്സരം 2017 എന്നെഴുതണം. ആഗസ്റ്റ് 11നു വൈകിട്ട് അഞ്ചിനകം കൺവീനർ, നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, ആലപ്പുഴ -688001 വിലാസത്തിൽ എൻട്രി ലഭ്യമാക്കണം. 

450ലേറെപ്പേർ ഒന്നിച്ചുള്ള കായികപ്രകടനം
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഒരുമിച്ച് പങ്കെടുക്കുന്ന മൽസരമെന്ന പ്രത്യേകതയുണ്ട് ചുണ്ടനുകളുടെ പോരാട്ടത്തിന്. 95 മുതൽ 111 വരെ തുഴക്കാർ, 4 പങ്കായക്കാർ, 11 നിലക്കാർ ഇത്രയുംപേരാണ് ഒരു വള്ളത്തിലുണ്ടാവുക. ഒരേസമയം കുറഞ്ഞത് നാലു വള്ളങ്ങൾ മൽസരരംഗത്തുണ്ടാകും. ഏകദേശം 460 പേർ ഒറ്റ മൽസരത്തിൽ മാറ്റുരയ്ക്കും. 

ചുണ്ടനിൽ ഇതര സംസ്ഥാനക്കാർ 25 ശതമാനത്തിൽ കൂടരുത് 
ചുണ്ടൻ വിഭാഗത്തിൽ മത്സരിക്കുന്ന വള്ളങ്ങളിലെ തുഴച്ചിലുകാരിൽ ഇതരസംസ്ഥാനക്കാരും ഇതരസംസ്ഥാനത്ത് ജോലി ചെയ്യുന്നവരും മൊത്തം തുഴച്ചിൽക്കാരുടെ എണ്ണത്തിന്റെ 25 ശതമാനത്തിൽ അധികമാകാൻ പാടില്ല. ഇതിനു വിരുദ്ധമായി പ്രവർത്തിച്ചാൽ ക്ലബുകളെ മത്സരത്തിൽനിന്ന് അയോഗ്യരാക്കും. 

വള്ളംകളി വെബ്‌സൈറ്റിന് പുതിയമുഖം
നെഹ്‌റു ട്രോഫി വള്ളംകളിയുടെ വെബ്‌സൈറ്റ് കൂടുതൽ മനോഹരമാക്കി പുനർ രൂപകൽപന ചെയ്തിട്ടുണ്ട്. ജനുവരി മുതൽ ഇതുവരെ ഏഴര ലക്ഷം പേരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വെബ്‌സൈറ്റ് സന്ദർശിച്ചത്. വിവിധ രാജ്യങ്ങളിൽനിന്ന് വെബ്‌സൈറ്റ് സന്ദർശിച്ചവരുടെ കണക്കിൽ അമേരിക്ക ഇന്ത്യയെ കടത്തിവെട്ടി. അമേരിക്കയിൽനിന്ന് 30000ലേറെപ്പേർ സൈറ്റ് സന്ദർശിച്ചപ്പോൾ ഇന്ത്യയിൽനിന്ന് 22000 സന്ദർശിച്ചത്. നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്റർ പരിപാലിക്കുന്ന വെബ്‌സൈറ്റ് മലയാളം, ഹിന്ദി, ഇംഗഌഷ് എന്നീ ഭാഷകളിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. നെഹ്‌റു ട്രോഫി ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള ലിങ്ക്  അടക്കം എല്ലാ വിവരങ്ങളും വെബ്‌സൈറ്റിലുണ്ട്. വെബ്‌സൈറ്റ് വിലാസം: ംംം.ിലവൃൗൃേീുവ്യ.ിശര.ശി 

ചരിത്രത്തിലാദ്യമായി 78 വള്ളങ്ങൾ
നെഹ്‌റുട്രോഫി വള്ളംകളിയിൽ ഏറ്റവും കൂടുതൽ വള്ളങ്ങൾ പങ്കെടുക്കുന്ന മേളയായി ഇക്കുറി മാറും. 78 വള്ളങ്ങളാണ് മത്സരത്തിനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. ചരിത്രത്തിലാദ്യമായാണ് ഇത്രയും വള്ളങ്ങൾ മേളയിൽ പങ്കെടുക്കുന്നത്. 

ജലഘോഷയാത്ര രണ്ടിന്
വള്ളംകളിയുടെ ഭാഗമായുള്ള ജലഘോഷയാത്ര ശനിയാഴ്ച രണ്ടു മണിക്ക് തുടങ്ങും. ഉച്ചയ്ക്ക് ഒന്നിന് കായൽ കുരിശടിക്കു മുമ്പിൽ അണിനിരക്കുന്ന വള്ളങ്ങൾ ഘോഷയാത്ര പൈലറ്റിന്റെ നിർദ്ദേശം ലഭിക്കുന്നതോടെ വഞ്ചിപ്പാട്ടു പാടി ഫിനിഷിങ് പോയിന്റിലേക്കു നീങ്ങും. തുടർന്ന് മാസ് ഡ്രില്ലിന് ശേഷം മത്സരം.

അച്ചടക്കമില്ലായ്മ അപകടമാകും
വള്ളംകളിയിൽ പങ്കെടുക്കുന്ന തുഴച്ചിലുകാർ അച്ചടക്കം പാലിച്ചില്ലെങ്കിൽ അപകടം പലതാണ്. ചുരുങ്ങിയത് ഏഴുദിവസമെങ്കിലും പരിശീലനം നടത്തിയില്ലെങ്കിൽ ബോണസിന് അർഹതയുണ്ടാകില്ല. യൂണിഫോം, തിരിച്ചറിയൽ കാർഡ് എന്നിവ ധരിക്കാത്ത ചുണ്ടൻ  വള്ളങ്ങളെ മത്സരത്തിൽ പങ്കെടുപ്പിക്കാതിരിക്കാൻ ചീഫ് സ്റ്റാർട്ടർക്ക് അധികാരമുണ്ട്.

ചെറുവള്ളങ്ങളുടെ പ്രാഥമിക മത്സരം രാവിലെ 
വള്ളംകളിയിൽ പങ്കെടുക്കുന്ന ചെറുവള്ളങ്ങളുടെ പ്രാഥമിക മത്സരങ്ങൾ 12ന് രാവിലെ 11ന് തുടങ്ങും. ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്‌സിന് ശേഷം ചെറുവള്ളങ്ങളുടെ ഫൈനൽ ആരംഭിക്കും.

ചുണ്ടന്റെ ചീറിപ്പായൽ
എക്കാലവും വീറും വാശിയും നിറഞ്ഞുനിന്നിട്ടുള്ള ചുണ്ടനുകളുടെ പോരാട്ടത്തിൽ കിരീടം ചൂടാനുള്ള തയാറെടുപ്പിലാണ് ബോട്ട് ക്ലബുകളും കരക്കാരും. ഓളപ്പരപ്പിൽ ചാട്ടുളിപോലെ ചീറിപ്പായുന്ന ചുണ്ടൻവള്ളങ്ങളുടെ സൗന്ദര്യം വർണനാതീതമാണ്. ദൈവീകതയുടെ സ്പർശം ചേർത്ത് മെനഞ്ഞെടുക്കുന്നവയാണ് ഓളപ്പരപ്പുകളുടെ കുളിർസ്പർശമാകുന്ന ജലകേസരികൾ. ഒരുമിച്ചുയർന്ന് ഒരുമിച്ച് ജലോപരിതലത്തിൽ പതിക്കുന്ന തുഴകൾ. ആ താളവും വേഗവും നെഞ്ചേറ്റി പുളകിതമായി മുന്നോട്ടുപായുന്ന ചുണ്ടൻ. അമരത്ത് വലിയപങ്കായവുമായി നാലാൾ. ഏറ്റ് തുഴയാൻ നൂറിലേറെപ്പേർ. 
എല്ലാവരുടെയും മനസിൽ ഒരേ ലക്ഷ്യം. 1100 മീറ്റർ അകലെയുള്ള ഫിനിഷിംഗ് പോയിന്റ്. താളശബ്ദങ്ങൾക്കൊപ്പം കരക്കാരുടെ ആർപ്പുവിളികളും ആരവവും മുഴങ്ങവെ ചുണ്ടൻ കുതിച്ചുമുന്നേറുന്നു. കുട്ടനാട്ടുകാരന്റെ മനസിൽ ആഹഌദത്തിന്റെ അനർഘ നിമിഷങ്ങൾ. ലക്ഷ്യത്തിലെത്തുമ്പോൾ ഇരുകൈകൾകൊണ്ട് തുഴകൾ കൂട്ടത്തോടെ മുകളിലേക്കുയർത്തി ആഹഌദത്തിന്റെ ആരവമുയർത്തുന്ന തുഴക്കാർ. 
ദൃശ്യപ്പൊലിമയുടെ ഈ മനോഹാരിത പുന്നമടക്കായലില്ലാതെ മറ്റെവിടെയാണ് കാണാനാവുക. എന്തുരസമാണ് ആ കുത്തിത്തുഴച്ചിലും ഫിനിഷിംഗും. ഈ രസം കായലും കടലുമെല്ലാം കടന്ന് പോകുമ്പോൾ ഹരംകൊള്ളുന്ന സഞ്ചാരികൾ ആലപ്പുഴയിലേക്ക് ഓടിയണയുന്നു. അങ്ങനെ ആലപ്പുഴയിലെ വിനോദസഞ്ചാരസീസൺ ഓഗസ്റ്റായി മാറി. 

മാസ്മരികത നിറഞ്ഞ മാസ്ഡ്രിൽ
ചുണ്ടനുകളുടെ മത്സരപ്പാച്ചിൽപോലെ രസകരവും നയനമനോഹരവുമാണ് മാസ്ഡ്രിൽ. മൽസരിക്കുന്ന എല്ലാ വള്ളങ്ങളും നിരനിരയായി ഇട്ട് രണ്ടായിരത്തോളം തുഴക്കാർ ഒരൊറ്റ മനസോടെ ചിട്ടയായി ചെയ്യുന്ന അഭ്യാസപ്രകടനം വിദേശിയരും തദ്ദേശിയരുമായ കാണികൾക്ക് എക്കാലവും ഹരമാണ്. മാസ്ഡ്രില്ലിന്റെ ഇന്നത്തെ അവതരണരീതിക്ക് രൂപം നൽകിയത് പരേതരായ ഐ.കെ മാത്യുവും ജോസ് പുഷ്പമംഗലവുമാണ്. 1978ൽ ജവഹർ തായങ്കരി ചുണ്ടനിൽ അവതരിപ്പിച്ച തുഴകൊണ്ടുള്ള അഭ്യാസം കാണികളിൽ അദ്ഭുതം ജനിപ്പിച്ചു. തൊട്ടടുത്തവർഷം കൈനകരി യു.ബി.സി തുഴഞ്ഞ ചുണ്ടനിൽ സി.കെ സദാശിവൻ എക്‌സ് എം.എൽ.എ ഇത് കുറേക്കൂടി പരിഷ്‌കരിച്ചു. 

ആലപ്പുഴയ്ക്ക് ഉൽസവം
ആലപ്പുഴയ്ക്കും കുട്ടനാട്ടിനും വള്ളംകളി നാളുകൾ ഉൽസവദിനങ്ങളാണ്. എങ്ങും വഞ്ചിപ്പാട്ടിന്റെ ഈരടികളും ആർപ്പുവിളികളും മാത്രം ഉയർന്നുകേൾക്കും. വള്ളംകളി 12നാണ് നടക്കുന്നതെങ്കിലും രണ്ടാഴ്ചമുമ്പ് മുതൽ സാംസ്‌ക്കാരിക പരിപാടികളും വഞ്ചിപ്പാട്ട് മൽസരവുമൊക്കെയായി ആലപ്പുഴ തിമിർത്താടുകയാണ്. ഇന്ന് ഒക്തംശബളമായ ഘോഷയാത്ര ആലപ്പുഴ നഗരത്തിൽ നടക്കും. കുട്ടികൾക്കുള്ള പെയിന്റിംഗ് മൽസരവും നിറച്ചാർത്തും കഴിഞ്ഞു. പ്രശസ്ത ഫോട്ടോഗ്രാഫർമാരുടെ ഫോട്ടോകൾ അംിനിരത്തിയുള്ള ഫോട്ടോ പ്രദർശനവും ഇന്ന് തുടങ്ങും. 

വിദേശസഞ്ചാരികൾ എത്തുന്നു
ജലരാജാക്കന്മാരുടെ പോര് കാണാൻ വിദേശികർ കൂട്ടത്തോടെ ആലപ്പുഴയിലേക്ക് എത്തിത്തുടങ്ങി. യൂറോപ്യൻ രാജ്യങ്ങളിൽനിന്നാണ് കൂടുതൽപേർ വള്ളംകളിക്ക് എത്തുന്നത്. ഇക്കുറിയും ബുക്കിംഗ് കൂടുതൽ അവിടെ നിന്നുതന്നെ. ഫോൺ മുഖേനയും ഇന്റർനെറ്റ് മുഖേനയും ടിക്കറ്റ് ബുക്ക് ചെയ്യാൻ സംവിധാനമുണ്ട്. ഇ-മെയിൽ: [email protected] 

Latest News