ലഖ്‌നൗ- അലിഗഡ് മുസ്ലിം സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ താരിഖ് മന്‍സൂര്‍ തനിക്കും കുടുംബത്തിനും സുരക്ഷ തേടി പോലീസിന് കത്ത് നല്‍കി. പൗരത്വഭേദഗതി പ്രതിഷേധങ്ങള്‍ പ്രക്ഷോഭങ്ങളിലേക്ക് തിരിഞ്ഞതിനെ തുടര്‍ന്ന് ഡിസംബര്‍ 15 മുതല്‍ സര്‍വകലാശാലക്ക് നല്‍കിയ അവധി കഴിഞ്ഞ് വീണ്ടും തുറക്കാനിരിക്കെയാണ് വിസിയുടെ നടപടി. അലിഗഢ് സീനിയര്‍ സൂപ്രണ്ട് ഓഫ് പോലീസിനാണ് തനിക്ക് സുരക്ഷാഭീഷണിയുണ്ടെന്ന് കാണിച്ച് വൈസ് ചാന്‍സലര്‍ കത്ത് നല്‍കിയത്. യൂനിവേഴ്‌സിറ്റിയിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിനും അദേഹത്തിന്റെ ലോഡ്ജിനും സുരക്ഷ ഏര്‍പ്പെടുത്തിയതായി എസ്എസ്പി അറിയിച്ചു.
അതേസമയം ഭീഷണി വിദ്യാര്‍ത്ഥികളില്‍ നിന്നല്ലെന്ന് പ്രൊഫസര്‍ വ്യക്തമാക്കിയിട്ടുണ്ട്. ''വിദ്യാര്‍ത്ഥികള്‍ കുട്ടികളെ പോലെയാണ്. അവരെ തനിക്ക് നൂറ് ശതമാനം വിശ്വാസമുണ്ട്. പക്ഷെ അവിടെ ചില സാമൂഹ്യവിരുദ്ധരുണ്ട്. ക്രിമിനല്‍കേസുകളില്‍ ജാമ്യത്തിലിറങ്ങിയ ചിലര്‍. അവര്‍ തന്നെ ആക്രമിക്കാന്‍ വേണ്ടി വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുന്നുണ്ട്. താന്‍ ആര്‍എസ്എസുകാരനും പൗരത്വഭേദഗതിയെ പിന്തുണയ്ക്കുന്നവനാണെന്നും അവര്‍ ആരോപിക്കുന്നു'എന്ന് വിസി പറഞ്ഞു.
താന്‍ ഒറ്റുക്കാരനാണെന്നും സമൂഹം ബഹിഷ്‌കരിക്കണമെന്നും സോഷ്യല്‍മീഡിയകളിലൂടെ ആവശ്യപ്പെടുന്നുവെന്നും വൈസ് ചാന്‍സലര്‍ കത്തിലൂടെ പറഞ്ഞു. കത്തിന്റെ കോപ്പി ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും ആഭ്യന്തരമന്ത്രിയുടെ സെക്രട്ടറിക്കും പോലീസ് കമ്മീഷണര്‍ക്കും അയച്ചതായും അദേഹം അറിയിച്ചു.