കാലവർഷ മഴയും മഞ്ഞും എത്തിയതോടെ ഇടുക്കിയിലെ ഹൈറേഞ്ചിന്റെ കുളിര് തേടിയെത്തുന്ന വിദേശ സഞ്ചാരികളുടെ എണ്ണം പതിന്മടങ്ങ് വർധിച്ചു. ഇവരിൽ അറബികളും ധാരാളമുണ്ട്.
കാലവർഷത്തിന്റെ ശക്തി ജില്ലയിൽ മാറിമറിയുന്നുണ്ടെങ്കിലും ഹൈറേഞ്ചിന്റെ കാലാവസ്ഥ ആസ്വദിക്കാൻ സ്വദേശീയരും വിദേശീയരുമടക്കം ധാരാളം പേരാണ് ദിവസേന കടന്നുവരുന്നത്. ജില്ലയിലെ തന്നെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ശ്രീനാരായണപുരത്തും സഞ്ചാരികളുടെ വൻ തിരക്കാണ്. മൺസൂണിലെ കനത്ത മഞ്ഞും മരംകോച്ചുന്ന തണുപ്പുമെല്ലാം ആസ്വദിക്കാൻ പതിവുപോലെ ഇത്തവണയും വിനോദ സഞ്ചാരികളുടെ ഒഴുക്കാണ്. അഞ്ചിലധികം വെള്ളച്ചാട്ടങ്ങളാലും മലനിരകളുടെ വിദൂര ദൃശ്യങ്ങളാലും മനോഹരമായ ശ്രീനാരായണപുരം റിപ്പിൾ വാട്ടർഫാൾസാണ് സഞ്ചാരികളുടെ ഇഷ്ട കേന്ദ്രം. കുത്തിയൊഴുകിയെത്തുന്ന മുതിരപ്പുഴയാറിന്റെ തേക്കിൻകാനം മുതൽ ശ്രീനാരായണപുരം വരെയുള്ള പ്രദേശത്താണ് അഞ്ചോളം വെള്ളച്ചാട്ടങ്ങൾ സജീവമായിട്ടുള്ളത്.
കടുത്ത വേനലിൽ നീരുറവകളെല്ലാം വറ്റി വെള്ളച്ചാട്ടങ്ങൾ അപ്രത്യക്ഷമായപ്പോൾ ഇവിടേയ്ക്കുള്ള സഞ്ചാരികളുടെ കടന്നുവരവ് നിലച്ചിരുന്നു. കാലവർഷം സജീവമായി മുതിരപ്പുഴയാറ് നിറഞ്ഞൊഴുകുകയും വെള്ളച്ചാട്ടങ്ങൾ ജലസമൃദ്ധമാവുകയും ചെയ്തതോടെയാണ് സഞ്ചാരികൾ വീണ്ടും ഇവിടെ സജീവമായത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ ഇത്തവണ വലിയ വർധനയുണ്ടായിട്ടുണ്ടെന്നും അറബ് സഞ്ചാരികൾ ധാരാളമായി കടന്നുവരുന്നുണ്ടെന്നും ശ്രീനാരായണപുരത്തെ ജീവനക്കാർ പറഞ്ഞു.






