വിവാഹദിനത്തില്‍ നാട്ടുകാര്‍ നല്‍കിയ 1.69 ലക്ഷം രൂപ തട്ടിയ രണ്ട് പേര്‍ പിടിയില്‍

ആലപ്പുഴ- വിവാഹദിനത്തില്‍ നാട്ടുകാര്‍ നല്‍കിയ 1.69 ലക്ഷം രൂപ വീട്ടുകാരെ കബളിപ്പിച്ച തട്ടിയെടുത്ത സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍.

ആലപ്പുഴ സ്വദേശികളായ കാഞ്ഞിരംചിറ കനാല്‍ വാര്‍ഡില്‍ ബംഗ്ലാവ് പറമ്പില്‍ മുഹമ്മദ് ഷെരീഫ് (ഷെറിമോന്‍ ), ആലപ്പുഴ മംഗലം പുതുവല്‍ ആന്റപ്പന്‍ (65) എന്നിവരെയാണ് തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഒരാളെ കൂടി പിടികിട്ടാനുണ്ട്.

ഡിസംബര്‍ 22ന് തൃക്കുന്നപ്പുഴ കുമ്പളത്ത് ഓഡിറ്റോറിയത്തില്‍ പള്ളിപ്പാട്ട് മുറി കാട്ടാശ്ശേരി പടീറ്റതില്‍ കുഞ്ഞുമോന്റെ മകളുടെ വിവാഹത്തിനിടെയാണ് സംഭവം.   ഓഡിറ്റോറിയത്തില്‍ സംഭാവന നല്‍കുന്ന സ്ഥലത്തെത്തി പ്രതികള്‍ തിരക്കുണ്ടാക്കുകയും പണം സൂക്ഷിച്ചിരുന്ന തടി മേശയുടെ വലിപ്പ് തുറന്ന് പണം മോഷ്ടിക്കുകയുമായിരുന്നു.

വിവാഹം കഴിഞ്ഞ് വീട്ടുകാര്‍ വൈകുന്നേരം വീട്ടിലെത്തി കണക്കു പരിശോധിച്ചപ്പോഴാണ് തുകയില്‍ വലിയ കുറവ് കണ്ടത്. തുടര്‍ന്ന് തൃക്കുന്നപ്പുഴ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഓഡിറ്റോറിയത്തിലെയും തൃക്കുന്നപ്പുഴ ജംഗ്ഷനിലെയും സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പോലീസ് പ്രതികളെ കണ്ടെത്തിയത്

 

Latest News