തൊടുപുഴ- കാമുകന് വീഡിയോ കോൾ ചെയ്യുന്നതിനിടെ ബിരുദ വിദ്യാർഥിനി ആത്മഹത്യ ചെയ്തു. ഏലപ്പാറ സ്വദേശിനി സൗമ്യ (19) യാണ് മരിച്ചത്. പ്രണയനൈരാശ്യമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഏലപ്പാറ സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായ അനീഷുമായി (19) അഞ്ച് വർഷമായി വിദ്യാർഥിനി പ്രണയത്തിലായിരുന്നു. ഇവരുടെ ബന്ധത്തിൽ വീട്ടുകാർക്ക് പ്രശ്നങ്ങൾ ഇല്ലായിരുന്നെന്നാണ് പോലീസ് ഭാഷ്യം. ഇവർ തമ്മിലുള്ള സൗന്ദര്യപ്പിണക്കമാണ് ആത്മഹത്യയിൽ കലാശിച്ചെതെന്നാണ് പോലീസ് സംശയിക്കുന്നത്. ഇന്നലെ രാവിലെ ഒൻപത് മണിയോട് കൂടി അനീഷുമായി വീഡിയോ കോളിൽ സംസാരിച്ചു കൊണ്ടിരുന്ന വിദ്യാർഥിനി വീട്ടിലെ കഴുക്കോലിൽ തൂങ്ങുകയായിരുന്നു. ഇത് കണ്ടയുടൻ യുവാവ് പീരുമേട് പോലീസ് സ്റ്റേഷനിൽ എത്തി വിവരമറിയിച്ചു. പോലീസ് എത്തിയപ്പോഴേക്കും സൗമ്യ മരിച്ചിരുന്നു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനയച്ചു. അതേ സമയം സൗമ്യയുടെ വീട്ടുകാർ ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ഐ.എച്ച്.ആർ.ഡി കോളേജിൽ ഡിഗ്രി വിദ്യാർഥിനിയാണ്.