കേരളപ്പെരുമ തുടിക്കുന്ന  കായൽ ടൂറിസം 


കിഴക്കിന്റെ വെനീസിലും മഴയുടെ മദ്ദളംകൊട്ട്. മൺസൂൺ ആരംഭിച്ചതോടെ ആലപ്പുഴയിലെ കായൽ ടൂറിസം പുത്തൻ ഉണർവ്വിൽ. മഴയുടെ സൗന്ദര്യത്തിനൊപ്പം കായൽ സൗന്ദര്യം ആസ്വദിക്കാൻ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ ഇത്തവണ വർധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ മൺസൂൺ സീസണിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ 8.5 ശതമാനവും ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ 13.5 ശതമാനവും വർധനവ് ഉണ്ടായിരുന്നു. ഇത്തവണ ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിലാണ് വർധനവ് പ്രതീക്ഷിക്കുന്നത്. 
ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, കർണാടക, ദൽഹി എന്നിവിടങ്ങളിൽ നിന്നുള്ള ബുക്കിംഗ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ വർധിച്ചിട്ടുണ്ട്. വിദേശ സഞ്ചാരികളിൽ സ്‌പെയിൻ, യു കെ, സൗദി അറേബ്യ, ദുബായ് എന്നിവിടങ്ങളിൽ നിന്നുള്ള ബുക്കിംഗിലും വർധനവ് ഉണ്ടായിട്ടുണ്ട്.
ജൂലൈ മാസത്തിൽ ഗൾഫ് നാടുകളിൽ ചൂട് കൂടുമ്പോൾ പതിവായി ഇവിടെയെത്തുന്ന സഞ്ചാരികളുണ്ട്. ഗൾഫിൽ വിദ്യാലയങ്ങൾ അടക്കുന്ന സമയമായതിനാൽ പ്രവാസി മലയാളികൾ ഈ സമയത്ത് കായൽ യാത്രയ്ക്കും സുഖചികത്സയ്ക്കും ഇവിടെ എത്താറുണ്ട്. സൗദി സഞ്ചാരികളിൽ കൂടുതൽ പേരും ആയുർവ്വേദ ചികിത്സയ്ക്ക് കൂടിയാണ് ഇവിടെ ഈ സമയത്ത് എത്തുന്നത്. ടൂറിസം വകുപ്പും സ്വകാര്യ ഹൗസ് ബോട്ട് ഉടമകളും മൺസൂൺ സീസൺ പ്രമാണിച്ച് പ്രത്യേക പാക്കേജുകളാണ് ഇത്തവണ നടപ്പിലാക്കിയിരിക്കുന്നത്. ഹൗസ് ബോട്ട് ഉടമകൾ 30 ശതമാനം വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നുണ്ട്. ആയുർവ്വേദ റിസോർട്ടുകളും മുൻവർഷങ്ങളെ അപേക്ഷിച്ച് പ്രത്യേക ചികിത്സാ രീതികളും വാഗ്ദാനം ചെയ്യുന്നുണ്ട്. പല ആയുർവ്വേദ റിസോർട്ടുകളിലും കഴിഞ്ഞ വർഷത്തേക്കാൾ പത്ത് ശതമാനം അധികം ബുക്കിംഗും ഇതുവരെ ഉണ്ടായിട്ടുണ്ട്.
വേമ്പനാട് കായലിന്റെ മഴച്ചിത്രങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ വെബ്‌സൈറ്റുകളിൽ ആകൃഷ്ടരായ നിരവധി വിദേശികൾ ഇത്തവണ പുതിയതായി ബുക്ക് ചെയ്തിട്ടുണ്ട്. ആയിരത്തോളം ഹൗസ് ബോട്ടുകളും നൂറിലധികം ശിക്കാരി വള്ളങ്ങളും ആലപ്പുഴയിൽ ടൂറിസം രംഗത്തുണ്ട്. വള്ളംകളി സീസൺ ആരംഭിക്കുന്നതോടെ ടൂർ ഓപറേറ്റർമാരും വിദേശ ട്രാവൽ ഏജൻസികളും തമ്മിലുള്ള നിരന്തര അടുപ്പം മൂലം വിദേശ സഞ്ചാരികളുടെ വരവിൽ വർധനവ് ഉണ്ടാകാൻ സാധ്യതയുണ്ട്. മൺസൂൺ സീസൺ ആരംഭിച്ചതോടെ ആറായിരത്തോളം വരുന്ന ഹൗസ് ബോട്ട് ജീവനക്കാരും പതിനായിരത്തിലധികം വരുന്ന അനുബന്ധ മേഖലയിൽ പെട്ടവരും ശുഭപ്രതീക്ഷയിലാണ്. 

Latest News