പൗരത്വഭേദഗതി നിയമത്തിനെതിരെ പാട്ടിലൂടെ ബിജിപാലിന്റെ പ്രതിഷേധം. നിയമത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങൾക്ക് പിന്തുണയുമായാണ് ബിജിപാലിന്റെ പുതിയ ഗാനം എത്തിയത്. നോട്ടുനിരോധനവും തൊഴിലാല്ലായ്മയും ഉൾപ്പെടെ കേന്ദ്രസർക്കാരിനെതിരെ ശക്തമായ വിമർശനമുന്നയിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ബി.കെ ഹരിനാരായണനാണ്. മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ലിറിക് വീഡിയോ ആരംഭിക്കുന്നത് ആസാദി മുദ്രാവാക്യങ്ങളോടെയാണ്. കശ്മീരിലെ നിരോധനാജ്ഞയും, ജെഎൻയുവിന് നേരെയുള്ള കേന്ദ്രസർക്കാർ ആക്രമണവും, എതിർ ശബ്ദങ്ങൾ അടിച്ചമർത്താനുള്ള ശ്രമവും കർഷക ആത്മഹത്യയുമെല്ലാം വരികളിലുണ്ട്. റസൽ പരീതാണ് മോണോക്രോം ഇഫക്ടിൽ ലിറിക്കൽ വീഡിയോ ഒരുക്കിയിരിക്കുന്നത്. കീബോർഡ് ജിബിൻ ഗോപാൽ ഗിത്താർ സന്ദീപ് മോഹൻ. രാജ്യത്ത് നടക്കുന്ന പ്രശ്‌നങ്ങളിൽ മൗനം പാലിക്കുന്നവരെയും പാട്ടിൽ വിമർശിക്കുന്നുണ്ട്. ഞങ്ങൾക്കൊരു തേങ്ങയുമില്ലാ, ഞങ്ങൾ മിണ്ടൂലാ എന്നാണ് മൗനം പാലിക്കുന്നവർക്കുള്ള വിമർശനം.