Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പൗരത്വ ഭേദഗതി പിൻവലിക്കണം; മോഡിയോട് നേരിട്ട് ആവശ്യപ്പെട്ട്  മമത സമരപ്പന്തലിൽ

കൊൽക്കത്ത- പൗരത്വ നിയമ ഭേദഗതി (സി.എ.എ) യിൽ പുനർവിചിന്തനം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് അഭ്യർഥിച്ചതായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രാജ്ഭവനിൽ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം അവർ മാധ്യമങ്ങളെ അറിയിച്ചതാണ് ഇക്കാര്യം.
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയശേഷം അവർ വീണ്ടും പൗരത്വ നിയമ ഭേദഗതിക്കും പൗരത്വ രജിസ്റ്ററിനും എതിരായ പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്യാനെത്തി.  തൃണമൂൽ കോൺഗ്രസിന്റെ വിദ്യാർഥി സംഘടന സംഘടിപ്പിച്ച റാലി ഉദ്ഘാടനം ചെയ്യാനാണ് മോഡിയുമായി ചർച്ച നടത്തിയതിന് തൊട്ടുപിന്നാലെ മമത എത്തിയത്.
പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റർ എന്നിവയെ താൻ എതിർക്കുന്നത് എന്തുകൊണ്ടാണെന്ന് കൂടിക്കാഴ്ചക്കിടെ പ്രധാനമന്ത്രിയോട് വിശദീകരിച്ചതായി മമത മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്തിന് കേന്ദ്രത്തിൽനിന്ന് കിട്ടാനുള്ള 38,000 കോടി ഉടൻ നൽകണമെന്നും 15 മിനിറ്റ് നീണ്ട കൂടിക്കാഴ്ചക്കിടെ മമത അഭ്യർഥിച്ചു. ഔപചാരികതയുടെ പേരിലാണ് കൂടിക്കാഴ്ച നടത്തിയതെന്ന് അവർ വിശദീകരിച്ചു.
പ്രധാനമന്ത്രിയും രാഷ്ട്രപതിയും സംസ്ഥാനത്ത് എത്തുമ്പോഴെല്ലാം കൂടിക്കാഴ്ച നടത്താറുണ്ട്. കേന്ദ്രത്തിൽനിന്ന് ലഭിക്കാനുള്ള വൻതുകയെ സംബന്ധിച്ചും ബാബുൽ ചുഴലിക്കാറ്റ് നഷ്ടപരിഹാരം സംബന്ധിച്ചും പ്രധാനമന്ത്രിയെ ഓർമിപ്പിച്ചു. സംസ്ഥാനത്തിന് ആ തുക അത്യാവശ്യമാണ്. അത് ചോദിച്ചു വാങ്ങേണ്ടത് തന്റെ കടമയാണ്. പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റർ എന്നിവയെക്കുറിച്ച് വ്യാപക പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തിൽ അതേക്കുറിച്ചും പ്രധാനമന്ത്രിയോട് സംസാരിച്ചുവെന്ന് മമത പറഞ്ഞു.
രണ്ടുദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി മോഡി കൊൽക്കത്തയിലെത്തിയത്. ഗവർണറുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിനിടയിലും വൻ പ്രതിഷേധമാണ് വിമാനത്താവളത്തിന്റെ പ്രധാന കവാടത്തിലും കൊൽക്കത്തയുടെ വിവിധ ഭാഗങ്ങളിലും അരങ്ങേറിയത്.
 

Latest News