Sorry, you need to enable JavaScript to visit this website.

ബി.ജെ.പിക്ക് തിരിച്ചടി തുടരുന്നു; മഹാരാഷ്ട്രക്ക് പുറമെ ഛത്തീസ്ഗഡിലും സമ്പൂർണ്ണ പരാജയം

ന്യൂദൽഹി- നിയമസഭ തെരഞ്ഞെടുപ്പുകളിലേറ്റ തിരച്ചടിക്ക് പിന്നാലെ തദ്ദേശസ്ഥാപനങ്ങളിലും ബി.ജെ.പിക്ക് അടിക്കടി പരാജയം. മഹാരാഷ്ട്ര, ഛത്തീസ്ഗഡ് എന്നിവടങ്ങളിലെ മുനിസിപ്പൽ കോർപ്പറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ ജയം. ഛത്തീസ്ഗഡിലെ പത്ത് മുനിസിപ്പൽ കോർപ്പറേഷനുകളിലെയും മേയർ സ്ഥാനം കോൺഗ്രസ് സ്വന്തമാക്കി. സംസ്ഥാനത്ത് ആകെയുള്ള 10 മുനിസിപ്പൽ കോർപ്പറേഷനുകളിൽ ഒന്നിൽപോലും ബി.ജെ.പിയില്ല. 10 മുനിസിപ്പൽ കോർപ്പറേഷനുകൾ, 38 മുനിസിപ്പൽ കൗൺസിലുകൾ, 103 നഗർ പഞ്ചായത്തുകൾ എന്നിവ ഉൾപ്പെടെ 151 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബർ 21നാണ് നടന്നത്. 2834 വാർഡുകളിൽ 1283 വാർഡുകൾ കോൺഗ്രസ് സ്വന്തമാക്കിയപ്പോൾ ബി.ജെ.പിക്ക് 1131 വാർഡുകളാണ് ലഭിച്ചത്.
 മഹാരാഷ്ട്രയിലെ ലാത്തൂർ മുനിസിപ്പൽ കോർപ്പറേഷനിലും ബി.ജെ.പിക്ക് പരാജയം. ബി.ജെ.പി ഭരിച്ചിരുന്ന 11 എ വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥി വികാസ് വാഗ്മാരെ വിജയിച്ചു. 726 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് വാർഡ് പിടിച്ചെടുത്തത്. കോർപ്പറേറ്ററുടെ മരണത്തെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്. ബി.ജെ.പിയുടെ ശിവകുമാർ ആയിരുന്നു കോർപ്പറേറ്റർ.
ഉപതെരഞ്ഞെടുപ്പ് നടന്ന ബ്രിഹാൻ മുംബൈ മുനിസിപ്പിൽ കോർപ്പറേഷനിലെ 141ാം വാർഡിലും ബി.ജെ.പി പരാജയപ്പെട്ടു. 1385 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ശിവസേന സ്ഥാനാർത്ഥിയായ വിദാൽ ലോക്‌റെ ബി.ജെ.പി സ്ഥാനാർത്ഥിയായ ദിനേശ് പഞ്ചാലിനെ പരാജയപ്പെടുത്തിയത്. ലോക്‌റെ 4427 സീറ്റുകളും ബി.ജെ.പി സ്ഥാനാർത്ഥി 3042 വോട്ടുകളുമാണ് നേടിയത്. പതിനെട്ട് സ്ഥാനാർത്ഥികളായിരുന്നു ഇവിടെ മത്സരിച്ചത്. കോർപ്പറേറ്ററായിരുന്ന വിദാൽ ലോക്‌റെ കോൺഗ്രസ് വിട്ട് ശിവസേനയിൽ ചേർന്നതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. ആഗസ്റ്റ് 2019 ലായിരുന്നു ലോക്‌റെയുടെ ശിവസേന പ്രവേശനം. പിന്നീട് ലോക്‌റെ ശിവസേനാ ടിക്കറ്റിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നെങ്കിലും സമാജ്‌വാദി സ്ഥാനാർത്ഥി അബു അസ്മിയോട് 25000 വോട്ടുകൾക്ക് പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞദിവസം നാഗ്പുർ ജില്ലാ പഞ്ചായത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും ബി.ജെ.പി വൻ തോൽവി സംഭവിച്ചിരുന്നു. മഹാരാഷ്ട്ര, ഛത്തീസ്ഗഡ് സംസ്ഥാനങ്ങൾ നിലവിൽ ബി.ജെ.പി ഭരണമില്ല.
 

Latest News