ന്യൂദൽഹി- പൗരത്വത്തിന് മതം മാനദണ്ഡമാക്കിയതിലൂടെ വിവാദമായ പൗരത്വ നിയമ ഭേദഗതി നിലവിൽ വന്നതായി കേന്ദ്രസർക്കാർ വിജ്ഞാപനം. നിയമത്തിന്റെ ചട്ടങ്ങൾ ഇനി രൂപീകരിക്കും. ജനുവരി 10 മുതൽ നിയമം നിലവിൽ വന്നുവെന്ന് വ്യക്തമാക്കുന്ന വിജ്ഞാപനമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്.
കടുത്ത പ്രതിഷേധവും സുപ്രീം കോടതിയിലെ ഹരജികളും പരിഗണിക്കാതെയാണ് നിയമവുമായി സർക്കാർ മുന്നോട്ടുപോകുന്നത്. നിയമത്തിനെതിരെ സുപ്രീം കോടതി സ്റ്റേ ഇല്ലാത്തതിനാൽ മുന്നോട്ടുപോകാമെന്നാണ് സർക്കാരിന് ലഭിച്ചിരിക്കുന്ന നിയമോപദേശമത്രെ. മതപീഡനത്തെ തുടർന്ന് 2014 ന് മുൻപ് ഇന്ത്യയിലെത്തിയ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് രാജ്യങ്ങളിൽനിന്നുള്ള ഹിന്ദു, സിക്ക്, ബുദ്ധ, ജൈന, പാർസി, ക്രിസ്ത്യൻ മതവിശ്വാസികൾക്ക് പൗരത്വം നൽകുക എന്നതാണ് നിയമത്തിന്റെ ലക്ഷ്യം.