റിയാദ്- സൗദിയിൽ സിഗരറ്റിനും പുകയില ഉൽപന്നങ്ങൾക്കും നികുതി ഉയർത്താൻ നീക്കം. മന്ത്രിസഭാ തീരുമാനത്തോടെ സിഗരറ്റിനും പുകയില ഉൽപന്നങ്ങൾക്കും നികുതി ഉയർത്തണമെന്ന് ആരോഗ്യ മന്ത്രി ഡോ.തൗഫീഖ് അൽറബീഅ അംഗീകരിച്ച പരിഷ്‌കരിച്ച പുകവലി വിരുദ്ധ നിയമാവലി ആവശ്യപ്പെടുന്നു. നിയമാവലി ലംഘിക്കുന്നവർക്കുള്ള പിഴ 5000 റിയാലായി ഉയർത്തിയിട്ടുമുണ്ട്. നിയമ ലംഘനം ആവർത്തിക്കുന്നവർക്ക് ഇരട്ടി തുക പിഴ ചുമത്തും. നിയമ ലംഘനങ്ങൾക്ക് പിഴ ചുമത്തപ്പെട്ടതിൽ 60 ദിവസത്തിനകം ബന്ധപ്പെട്ട വകുപ്പുകൾക്കു മുന്നിൽ അപ്പീൽ നൽകുന്നതിന് നിയമ ലംഘകർക്ക് അവകാശമുണ്ടാകും. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച ശേഷം പുതിയ നിയമാവലി പ്രായോഗിക തലത്തിൽ നടപ്പാക്കും.
മന്ത്രിസഭാ തീരുമാനത്തോടെ സിഗരറ്റിനും പുകയില ഉൽപന്നങ്ങൾക്കും നികുതി ഉയർത്തണമെന്ന് നിയമാവലിയിലെ ഭേദഗതി ചെയ്ത നാലാം വകുപ്പ് അനുശാസിക്കുന്നു. സിഗരറ്റിനും പുകയില ഉൽപന്നങ്ങൾക്കുമുള്ള നികുതി ഉയർത്തുന്ന കാര്യത്തിൽ തങ്ങളുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ദേശീയ പുകയില വിരുദ്ധ കമ്മിറ്റി ആരോഗ്യ മന്ത്രിക്ക് സമർപ്പിക്കുമെന്ന് നിയമാവലി വ്യക്തമാക്കുന്നു. ഇവ ആരോഗ്യമന്ത്രി പിന്നീട് മന്ത്രിസഭക്ക് സമർപ്പിക്കും.
നിരോധിത സ്ഥലങ്ങളിൽ പുകവലിക്കുന്ന എല്ലാവർക്കും 200 റിയാൽ തോതിൽ പിഴ ലഭിക്കും. ഗുണമേന്മാ മാനദണ്ഡങ്ങൾക്ക് നിരക്കുന്നതാണെന്ന് ലാബുകളിൽ നടത്തുന്ന സാമ്പിൾ പരിശോധനകളിലൂടെ ഉറപ്പുവരുത്തിയ ശേഷം മാത്രമേ പുകയില ഉൽപന്നങ്ങൾക്ക് അന്തിമമായി ക്ലിയറൻസ് നൽകുകയുള്ളൂവെന്നും പരിഷ്‌കരിച്ച നിയമാവലി വ്യക്തമാക്കുന്നു. ഗുണമേന്മാ മാനദണ്ഡങ്ങൾക്ക് നിരക്കുന്നതാണെന്ന് ഉറപ്പുവരുത്തുന്നതിനുള്ള പരിശോധനകൾക്ക് വിപണികളിൽ നിന്നും അതിർത്തി പ്രവേശന കവാടങ്ങളിൽ നിന്നും പുകയില ഉൽപന്നങ്ങളുടെ സാമ്പിളുകൾ പിടിച്ചെടുക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിയമാവലി അധികാരം നൽകുന്നുമുണ്ട്. സമൂഹത്തിൽ നാനാ തുറകളിൽ പെട്ടവർക്കിടയിൽ പുകവലി തടയുന്നതിന് നിയമാവലിയിൽ വരുത്തിയ ഭേദഗതികൾ ലക്ഷ്യമിടുന്നു.
മസ്ജിദുകൾ, മസ്ജിദുകളുടെ മുറ്റങ്ങൾ, മക്കയിലെ വിശുദ്ധ ഹറം, മസ്ജിദുന്നബവി, സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തൊഴിൽ പരിശീലന സ്ഥാപനങ്ങൾ, വിദേശങ്ങളിലെ സൗദി എംബസികൾക്കും കോൺസുലേറ്റുകൾക്കും കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പുരാവസ്തു, പൈതൃക കേന്ദ്രങ്ങൾ, മ്യൂസിയങ്ങൾ, വിവാഹ ഓഡിറ്റോറിയങ്ങൾ, സമ്മേളനങ്ങളും സെമിനാറുകളും പ്രഭാഷണങ്ങളും നടക്കുന്ന ഹാളുകൾ, വാഹനങ്ങൾ, ബസുകൾ, ട്രെയിനുകൾ, കപ്പലുകൾ, ബോട്ടുകൾ, വിമാനങ്ങൾ അടക്കമുള്ള ഗതാഗത സംവിധാനങ്ങൾ, റെയിൽവെ സ്റ്റേഷനുകൾ, എയർപോർട്ടുകൾ, ബസ് സ്റ്റേഷനുകൾ എന്നീ സ്ഥലങ്ങളിലെല്ലാം പുകവലിക്ക് വിലക്കുണ്ട്. സിഗരറ്റ് വാങ്ങുന്നയാൾക്ക് 18 വയസ്സ് പൂർത്തിയായിട്ടുണ്ട് എന്ന് സ്ഥിരീകരിക്കുന്ന തെളിവുകൾ കാണിക്കുന്നതിന് ആവശ്യപ്പെടാൻ സെയിൽസ്മാന് നിയമാവലി അനുവാദം നൽകുന്നുണ്ട്.
സൗദിയിലെ ദൃശ്യമാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ബ്ലോഗുകളിലും ഇലക്‌ട്രോണിക് മാധ്യമങ്ങളിലും പ്രത്യക്ഷമായും പരോക്ഷമായുമുള്ള എല്ലാവിധ സിഗരറ്റ് പരസ്യങ്ങളും വിലക്കുന്നതിന് നിയമം ആവശ്യപ്പെടുന്നു. പുകയില ഉൽപന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്നും നിയമം അനുശാസിക്കുന്നു. പുകവലി വിരുദ്ധ നിയമം ലംഘിക്കുന്നവരെ കണ്ടെത്തി പിഴ ചുമത്തുന്നതിന്റെ ഉത്തരവാദിത്തം മുഴുവൻ മന്ത്രാലയങ്ങൾക്കും സർക്കാർ വകുപ്പുകൾക്കും ആരോഗ്യ, വിദ്യാഭ്യാസ, സാംസ്‌കാരിക, സാമൂഹിക സ്ഥാപനങ്ങൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും നിയമാവലി നൽകുന്നു. പുകവലിക്ക് വിലക്കുള്ള കാര്യം അറിയിച്ച് അറബിയിലും ഇംഗ്ലീഷിലുമുള്ള ബോർഡുകൾ മന്ത്രാലയങ്ങളും സർക്കാർ വകുപ്പുകളും ആരോഗ്യ, വിദ്യാഭ്യാസ, സാംസ്‌കാരിക, സാമൂഹിക സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും എല്ലായിടങ്ങളിലും സ്ഥാപിക്കണമെന്നും പരിഷ്‌കരിച്ച നിയമാവലി ആവശ്യപ്പെടുന്നു.