മലപ്പുറം- പി.വി.അന്‍വര്‍ എം.എല്‍.എക്കെതിരെ മലപ്പുറം ജില്ലാ കലക്ടര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ സമഗ്ര അന്വേഷണം അനിവാര്യമാണെന്ന് മുസ്്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ്. മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നീതിക്ക് നിരക്കാത്ത കാര്യങ്ങളാണ് എം.എല്‍.എ തന്റെ മണ്ഡലത്തിലെ ദുരിതബാധിതരോട് ചെയ്തിരിക്കുന്നത്. എം.എല്‍.എയുടെ ഭൂമിക്കച്ചവടത്തിന് കലക്ടര്‍ കൂട്ടുനിന്നില്ല എന്നതാണ് നിലവിലെ പ്രശ്നമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പട്ടിക വര്‍ഗ വിഭാഗത്തിന് സൗജന്യമായി നിര്‍മിച്ചു നല്‍കുന്ന വീട് പണി തടസ്സപ്പെടുത്തിയ സംഭവം നീതീകരിക്കാനാവത്തതാണ്. ജനപ്രതിനിധി എന്ന നിലയില്‍ ചെയ്യേണ്ട കര്‍ത്തവ്യം നിറവേറ്റാതെ മറ്റുള്ളവര്‍ ചെയ്യുന്ന കാര്യങ്ങളെ തടസ്സപ്പെടുത്തുന്നത് ശരിയല്ല. കവളപ്പാറ ദുരന്തം കഴിഞ്ഞു മാസം അഞ്ചു കഴിഞ്ഞിട്ടും സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായങ്ങള്‍ ദുരിത ബാധിതര്‍ക്ക് ലഭ്യമായിട്ടില്ല. സഹായം അര്‍ഹരിലെത്തിക്കാന്‍ മുന്‍കയ്യെടുക്കുന്നതിന് പകരം അതിവേഗത്തില്‍ നടക്കുന്ന പദ്ധതികള്‍ക്ക് വിലങ്ങു തടിയാവുന്നത് ശരിയല്ല. ഗുരുതരമായ അഴിമതി ആരോപണങ്ങളാണ് എം.എല്‍.എക്കെതിരെ കലക്ടര്‍ ഉന്നയിച്ചിരിക്കുന്നത്. കലക്ടര്‍ ഉന്നയിച്ച മുഴുവന്‍ ആരോപണങ്ങളിലും സമഗ്ര അനേഷണം നടത്തണമെന്നും കര്‍ശന നടപടി സ്വീകരിക്കണമെന്നും മജീദ് ആവശ്യപ്പെട്ടു.
കലക്ടര്‍ക്കെതിരെ ശക്തമായ നിയമനടപടിയുമായി മുന്നോട്ടു പോകും -അന്‍വര്‍ എം.എല്‍.എ
മലപ്പുറം- പ്രളയ ബാധിതര്‍ക്കുള്ള വീടുനിര്‍മാണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ തനിക്കെതിരെ വ്യക്തിപരമായി പരാമര്‍ശം നടത്തിയ മലപ്പുറം ജില്ലാ കലക്ടര്‍ക്കെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് നിലമ്പൂര്‍ എം.എല്‍.എയായ പി.വി.അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആദിവാസികളുടെ വീട് നിര്‍മാണത്തിന് ചെമ്പന്‍കൊല്ലിയില്‍ ഭൂമി വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്നും ഇതിനെ കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മലപ്പുറം വിജിലന്‍സ് ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയതായും അന്‍വര്‍ പറഞ്ഞു. വീട് നിര്‍മാണത്തിന് പര്‍ച്ചേസ് കമ്മിറ്റി കൂടാതെ ആദിവാസി ഭൂമി വാങ്ങിയതിന്റെ ഫോണ്‍ സംഭാഷണം വാര്‍ത്താ സമ്മേളനത്തില്‍ എം.എല്‍.എ പരസ്യമാക്കി.
കഴിഞ്ഞ ദിവസം കലക്ടറുടെ നിലപാടിനെതിരെ എം.എല്‍.എ രംഗത്ത് വന്നിരുന്നു. ഇതിന് തുടര്‍ച്ചയായാണ് നിയമനടപടിയുമായെത്തിയത്. റീബില്‍ഡ് നിലമ്പൂര്‍ പദ്ധതിയുമായി ബന്ധപ്പെട്ടും തനിക്കെതിരെയും ജില്ലാ കലക്ടര്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ക്കെതിരെ ജില്ലാ കലക്ടര്‍ക്കെതിരെ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്തതായും അന്‍വര്‍ പറഞ്ഞു. കലക്ടര്‍ക്കെതിരെ വേണ്ടി വന്നാല്‍ സുപ്രീം കോടതിയില്‍ വരെ പോകുമെന്നും എം.എല്‍.എ വ്യക്തമാക്കി.
ആദിവാസികള്‍ക്ക് വീടുനിര്‍മിക്കാന്‍ ചെമ്പന്‍കൊല്ലിയില്‍ സ്ഥലം വാങ്ങിയതില്‍ ചട്ടലംഘനം നടന്നതായി തെളിവുണ്ടെന്ന് അന്‍വര്‍ പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസര്‍, ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എന്നിവരോട് ഫോണിലൂടെ താന്‍ സംസാരിച്ചതായും ചട്ടലംഘനം നടന്നതായി വ്യക്തമായതായും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ മാനദണ്ഡ പ്രകാരം സ്ഥലം വാങ്ങുമ്പോള്‍ വില്ലേജ് ഓഫീസിലും പത്രങ്ങളിലൂടെയും പരസ്യപ്പെടുത്തണമെന്നും ഇതൊന്നും പാലിക്കാതെയാണ് ഭൂമി ഇടപാട് നടന്നതെന്നും അദ്ദേഹം ആരോപിച്ചു.






