വിദ്യാര്‍ഥികളെ ലക്ഷ്യമാക്കിയുള്ള ആക്രമണം അസഹിഷ്ണുതയുടെ തീവ്രരൂപം -കാന്തപുരം

മര്‍ക്കസ് 43-ാം വാര്‍ഷികത്തോടനുബന്ധിച്ച് മലപ്പുറത്ത് നടത്തിയ സഖാഫി പണ്ഡിത സമ്മേളനത്തില്‍ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു.

മലപ്പുറം- രാജ്യത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളെയും വിദ്യാര്‍ഥികളെയും അധ്യാപകരെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ അസഹിഷ്ണുതയുടെ തീവ്രരൂപമാണെന്നു മര്‍ക്കസ് ചാന്‍സലര്‍ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍. സുസ്ഥിര സമൂഹം, സുഭദ്ര രാഷ്ട്രം എന്ന പ്രമേയത്തില്‍ ഏപ്രിലില്‍ നടക്കുന്ന മര്‍ക്കസ് 43-ാം വാര്‍ഷികത്തോടനുബന്ധിച്ച് മലപ്പുറത്ത് സംഘടിപ്പിച്ച സഖാഫി പണ്ഡിത സമ്മേളനത്തില്‍  മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇസ്‌ലാമിന്റെ ഉത്ഭവം മുതല്‍ മുസ്‌ലിങ്ങള്‍ രാജ്യത്തിന്റെ ഭാഗമായിട്ടുണ്ട്. ഇപ്പോള്‍ മുസ്‌ലിങ്ങളെ അന്യവത്കരിക്കാനുള്ള ശ്രമങ്ങള്‍ ആരുനടത്തിയാലും വിജയിക്കില്ല. മതജാതിഭേദമന്യേ എല്ലാ പൗരന്‍മാര്‍ക്കും തുല്യപരിഗണന നല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ പിഴുതെറിയാനുള്ള ശ്രമങ്ങളെ അനുവദിക്കില്ല. പ്രവചനാതീതമായ സാങ്കേതിക വികസനത്തിലൂടെ ലോകം കുതിക്കുമ്പോള്‍ ഇന്ത്യക്ക് അതിവേഗം വളരാന്‍ മിടുക്കരും ധിഷണാശാലികളുമായ  ചെറുപ്പക്കാര്‍ ആവശ്യമാണ്. വിദ്യാര്‍ഥികള്‍ക്ക് ഭയം തോന്നുകയും അക്കാദമിക സംവിധാനം ശോഷിക്കുകയും ചെയ്യുന്നത് ഇന്ത്യയുടെ ഭാവിയെ ആഴത്തില്‍ ബാധിക്കും. അതിനാല്‍, സര്‍ക്കാരിന്റെ അടിസ്ഥാന ഉത്തരവാദിത്തം ജനങ്ങളെ ആത്മവിശ്വാസത്തിലാക്കുകയും സമൂഹത്തിന്റെ ക്ഷേമത്തിനുള്ള പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കുകയും ചെയ്യുക എന്നതാണെന്നു കാന്തപുരം പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി മര്‍ക്കസ് നോളജ് സിറ്റിയുടെ പ്രധാന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സാംസ്‌കാരിക വിദ്യാഭ്യാസ നഗരമായി മര്‍ക്കസ് നോളജ് സിറ്റി  മാറുമെന്നും കാന്തപുരം പറഞ്ഞു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു.
കെ.പി.എച്ച് തങ്ങള്‍ അധ്യക്ഷത വഹിച്ചു. പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, റഹ്മത്തുല്ല സഖാഫി എളമരം,  ശാഫി സഖാഫി മുണ്ടമ്പ്ര, അബ്ദുറഹ്മാന്‍ സഖാഫി ഊരകം എന്നിവര്‍ പ്രസംഗിച്ചു. സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാമ്പ്, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി, ജലീല്‍ സഖാഫി ചെറുശോല,  മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍, അലവി സഖാഫി കൊളത്തൂര്‍, അസീസ് സഖാഫി വെള്ളയൂര്‍, ഹസന്‍ സഖാഫി തറയിട്ടാല്‍, ഇബ്രാഹീം ബാഖവി മേല്‍മുറി, ഇ.കെ.മുഹമ്മദ് കോയ സഖാഫി, മുഹിയുദ്ദീന്‍ സൗദി കൊട്ടൂക്കര, മാനു സഖാഫി പുത്തനങ്ങാടി, അബ്ദുറസാഖ് സഖാഫി വെള്ളിയാമ്പുറം, സയ്യിദ് ശിഹാബുദ്ദീന്‍ സഖാഫി, ജമാല്‍ കരുളായി എന്നിവര്‍ സംബന്ധിച്ചു. കുഞ്ഞിമുഹമ്മദ് സഖാഫി പറവൂര്‍ സ്വാഗതവും സുല്‍ഫീക്കര്‍ അലി സഖാഫി നന്ദിയും പറഞ്ഞു.

 

Latest News