ജിദ്ദ- ജനറൽ ഖാസിം സുലൈമാനിയുടെ വധം സൃഷ്ടിച്ച ഞെട്ടലും, അമേരിക്കൻ തിരിച്ചടി ഭയന്ന് ഒരാൾക്കും പരിക്കേൽക്കാത്ത മിസൈൽ ആക്രമണ നാടകവും ഇറാന്റെ അന്തസ്സിനും ഭരണ നേതൃത്വത്തിനും ഗുരുതരമായ പരിക്കേറ്റ കാര്യം സ്ഥിരീകരിക്കുന്നതായി പ്രമുഖ സൗദി എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ അബ്ദുറഹ്മാൻ അൽറാശിദ് അഭിപ്രായപ്പെടുന്നു. അമേരിക്കൻ സൈനിക ശക്തിയെ വിലകുറച്ചുകാണുന്നതിലെയും അമേരിക്കൻ പ്രസിഡന്റുമാരെ അവഹേളിക്കുന്നതിലെയും തെറ്റ് ഇറാന് ഇപ്പോൾ ബോധ്യപ്പെട്ടിരിക്കുന്നു. ഇറാന് വേദന സമ്മാനിക്കുന്ന തീരുമാനം എടുക്കാൻ കഴിയുന്ന ധീരനായ ഒരു പ്രസിഡന്റ് ഇപ്പോൾ അമേരിക്കയിൽ അധികാരത്തിലുള്ളത്. നാൽപതു വർഷം കൊണ്ട് തങ്ങൾ കെട്ടിപ്പടുത്ത സൈനിക, വ്യാവസായിക ശക്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ദിവസങ്ങൾക്കുള്ളിൽ തരിപ്പണമാക്കിയേക്കുമെന്ന് അവർ മനസ്സിലാക്കുന്നു. നിലവിലെ സംഘർഷത്തിന് വിവേകത്തോടെയും നയതന്ത്ര ശ്രമങ്ങളിലൂടെയും പരിഹാരം കാണണമെന്നും അബ്ദുറഹ്മാൻ അൽറാശിദ് ആവശ്യപ്പെടുന്നു.
മേഖലയിൽ എന്തും സംഭവിക്കാമെന്ന് പ്രതീക്ഷിക്കാവുന്നതാണെന്ന് 'ആരാണ് ഏറ്റവും വലിയ ധിക്കാരി' എന്ന ശീർഷകത്തിൽ അശ്ശർഖുൽ ഔസത്ത് ദിനപ്പത്രത്തിൽ എഴുതിയ ലേഖനത്തിൽ അബ്ദുറഹ്മാൻ അൽറാശിദ് പറയുന്നു. അസാധാരണമായ പുതിയ സംഭവവികാസങ്ങൾക്ക് പ്രത്യാഘാതങ്ങളുണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. ഇറാനുമായുള്ള അമേരിക്കയുടെ നേരിട്ടുള്ള ആദ്യ ഏറ്റുമുട്ടലാണിത്. മേഖലയിലെ യുദ്ധക്കൊതിയനായ ജനറൽ ഖാസിം സുലൈമാനിയുടെ വധം ഇറാൻ നേതൃത്വത്തിന് ഒരേസമയം ഞെട്ടലും ആഘാതവും സൃഷ്ടിച്ചു.
കാര്യങ്ങൾ തെറ്റായ രീതിയിൽ വിലയിരുത്തിയതിന്റെ ഫലമായി ഇറാന്റെ അന്തസ്സിനും ഇറാൻ നേതൃത്വത്തിനും ഗുരുതരമായ പരിക്കാണ് പറ്റിയത്. ഇറാൻ അടക്കം മേഖലയിലെ തിന്മയുടെ ശക്തികൾ അമേരിക്കൻ ശക്തിയെ വിലകുറച്ചു കാണുന്നതും അമേരിക്കൻ പ്രസിഡന്റുമാരെ അവഹേളിക്കുന്നതും പതിവാക്കിയവരാണ്. ഇതാണ് സദ്ദാം ഹുസൈന്റെയും ഉസാമ ബിൻ ലാദിന്റെയും അബൂബക്കർ അൽബഗ്ദാദിയുടെയും വധങ്ങളിലേക്ക് നയിച്ചത്.
മേഖലയിലെ ഭൂരിഭാഗം സംവിധാനങ്ങളും ശക്തിയെ മാത്രമേ മാനിക്കുകയുള്ളൂ. ഇവ റഷ്യയെ ഭയക്കുകയും റഷ്യയുടെ താൽപര്യങ്ങൾക്ക് എതിരു നിൽക്കുന്നത് ഒഴിവാക്കുകയും ചെയ്യുന്നു. ചാരവൃത്തി ആരോപിച്ച് റഷ്യൻ മാധ്യമപ്രവർത്തകയെ ഇറാൻ അടുത്ത കാലത്ത് അറസ്റ്റ് ചെയ്തിരുന്നു. റഷ്യ ഭീഷണി മുഴക്കിയതോടെ ദിവസങ്ങൾക്കുള്ളിൽ അവരെ ഇറാൻ വിട്ടയച്ചു. ഇതേസമയം, നിരവധി അമേരിക്കക്കാരും ബ്രിട്ടീഷുകാരും വർഷങ്ങളായി ഇറാൻ ജയിലുകളിൽ കഴിയുന്നുണ്ട്. സമ്മർദ തന്ത്രങ്ങൾക്കും വിലപേശലുകൾക്കും ഇവരെ ഇറാൻ ഭരണകൂടം ഉപയോഗിക്കുന്നു. പരസ്പര ബഹുമാനവും ധാർമികതയും അന്താരാഷ്ട്ര ബന്ധങ്ങളുടെ അടിസ്ഥാന തത്വങ്ങളുടെ മുൻഗണനയാകണമെന്നില്ല. എന്നാൽ രാജ്യങ്ങളുടെ അന്തസ്സിന് മറ്റു കാര്യങ്ങളെക്കാൾ എല്ലാവരും മുൻഗണന കൽപിക്കുന്നു.
തങ്ങളുടെ ഭാഗത്തുള്ള തെറ്റുകളുടെ വിലയാണ് ഇറാൻ ഇപ്പോൾ നൽകുന്നത്. അമേരിക്ക അടക്കം ലോക രാജ്യങ്ങളുമായുള്ള ഇടപഴകലുകളിൽ ഇറാൻ മോട്ടുകാണിക്കുകയായിരുന്നു. പതിറ്റാണ്ടുകളായി ഈ രാജ്യങ്ങളുടെ താൽപര്യങ്ങൾക്ക് ഇറാൻ ഭീഷണി സൃഷ്ടിച്ചു. എന്നാൽ ഇറാനെതിരെ തങ്ങളുടെ ശക്തി ഉപയോഗിക്കുന്നത് അമേരിക്കൻ പ്രസിഡന്റുമാർ ഒഴിവാക്കി. പകരം, ഇറാനു കീഴിലെ ഗ്രൂപ്പുകളെ വേട്ടയാടുന്നതിൽ മാത്രം അമേരിക്ക ശ്രദ്ധ പരിമിതപ്പെടുത്തി.
നിലവിലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോടും മുൻ പ്രസിഡന്റുമാരെ പോലെ തന്നെ ഇറാൻ പെരുമാറി. പകരം മേഖലാ ചരിത്രത്തിലെ ഏറ്റവും കടുത്ത സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തി ട്രംപ് ഇറാനെ വരിഞ്ഞുമുറുക്കി. ഇറാഖിലെ കുർദിസ്ഥാനിൽ അമേരിക്കക്കാരനെ വധിക്കുന്നതിനും ബഗ്ദാദിലെ അമേരിക്കൻ എംബസി ഉപരോധം ആസൂത്രണം ചെയ്യുന്നതിനും ഇറാൻ ധൈര്യം കാണിച്ചതോടെ ഇറാനിലെ ഏറ്റവും പ്രധാനപ്പെട്ട സൈനിക മേധാവിയെ ട്രംപ് കൊലപ്പെടുത്തി. തന്റെ ശിരസ്സിലെ ഒരു രോമത്തിൽ പോലും സ്പർശിക്കുന്നതിന് ആരും ധൈര്യം കാണിക്കില്ല എന്നാണ് ഖാസിം സുലൈമാനി ധരിച്ചിരുന്നത്.
ഇറാഖിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കു നേരെ ഇറാൻ നടത്തിയ ആക്രമണം വെറും നാടകമായിരുന്നു. അമേരിക്കൻ തിരിച്ചടി ഭയന്ന് ഒരാൾക്കു പോലും പരിക്കേൽക്കാത്ത നിലക്കുള്ള ആക്രമണമാണ് ഇറാൻ നടത്തിയത്. മുൻ പ്രസിഡന്റുമാരിൽ നിന്ന് തീർത്തും വ്യത്യസ്തനാണ് ട്രംപ് എന്ന് ഇറാൻ നേതാക്കൾ ഇപ്പോൾ നന്നായി മനസ്സിലാക്കുന്നു. അമേരിക്കൻ താൽപര്യങ്ങൾ ലക്ഷ്യമിട്ട് ശക്തമായ ആക്രമണം നടത്തുന്നതിന് ഇറാൻ ധൈര്യപ്പെടുന്ന പക്ഷം നിശ്ചയദാർഢ്യവും ഇച്ഛാശക്തിയും ധൈര്യവും കൈമുതലായുള്ള ട്രംപ് ഇറാൻ സൈനിക ശക്തി ഇല്ലാതാക്കുന്നതിന് ഒട്ടും അറച്ചുനിൽക്കില്ല. നാലു പതിറ്റാണ്ടിനിടെ ഇറാൻ കെട്ടിപ്പടുത്ത സൈനിക, വ്യാവസായിക ശക്തി ദിവസങ്ങൾക്കുള്ളിൽ അമേരിക്ക തകർത്തു തരിപ്പണമാക്കും. ഇതോടെ സ്വന്തം മണ്ണോ ഭരണകൂടമോ സംരക്ഷിക്കാൻ കഴിയാത്ത രാജ്യമായി ഇറാൻ മാറും.
ശക്തിയുടെ ഭാഷ മാത്രമേ ഇറാൻ മാനിക്കുകയുള്ളൂ എന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. ഇറാനെതിരെ അമേരിക്ക പരിധിയില്ലാത്ത ശക്തി ഉപയോഗിക്കുന്നത് മേഖലയിലെ സ്ഥിതിഗതികൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന മികച്ച രാഷ്ട്രീയ പ്രവർത്തനമായി മാറും.
ഇറാഖ്, സിറിയ, ലെബനോൻ, ഗാസ, യെമൻ അടക്കമുള്ള വിശാലമായ പ്രദേശം നിയന്ത്രിക്കുകയും മറ്റു ഭരണകൂടങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സൈനിക മേധാവിയായി ജനറൽ ഖാസിം സുലൈമാനി മാറിയിരുന്നു. ഭീഷണിയുടെയും അഹങ്കാരത്തിന്റെയും ഭാഷയാണ് ട്രംപ് പ്രയോഗിക്കുന്നതെന്ന് ആരോപിക്കുന്നവർ നാൽപതു വർഷമായി ഇറാൻ ഭരണകൂടം ഭീഷണിയുടെയും അഹങ്കാരത്തിന്റെയും ഭാഷ ഉപയോഗിക്കുന്നത് സൗകര്യപൂർവം വിസ്മരിക്കുകയാണ്. മേഖലയിൽ ആയുധബല സമവാക്യത്തിൽ മാറ്റം വരുത്തുന്നതിന് ഇറാൻ ഭരണകൂടത്തെക്കാൾ കൂടുതൽ അഹങ്കാരവും ഭീഷണിയും പ്രയോഗിക്കാൻ സാധിക്കുന്നവർ രംഗപ്രവേശം ചെയ്യേണ്ടിവന്നു.
അധികാരമേറ്റതു മുതൽ ട്രംപ് ഇറാനെ ചർച്ചകൾക്ക് ആവർത്തിച്ച് ക്ഷണിച്ചിരുന്നു. എന്നാൽ ഇത് ട്രംപിന്റെ ദൗർബല്യമായാണ് ഇറാൻ ഭരണാധികാരികൾ കണ്ടത്. ഏതാനും അമേരിക്കക്കാരെ കൊലപ്പെടുത്തിയും അമേരിക്കൻ എംബസി അഗ്നിക്കിരയാക്കിയും ട്രംപിന്റെ കൈകൾ പിടിച്ചുകെട്ടാമെന്ന് അവർ കണക്കുകൂട്ടി. ഇത് പ്രായോഗിക തലത്തിൽ പരീക്ഷിച്ചു നോക്കിയതോടെ തെഹ്‌റാനിൽ കണ്ണീർ ചാലുകളായിരുന്നു ഫലം. ഇറാനെതിരെ തിരിച്ചടിക്കുമെന്നും ഇറാന്റെ ശേഷികൾ തകർക്കുമെന്നും ട്രംപ് മറയില്ലാതെ ഭീഷണി മുഴക്കുന്നു. മടിയേതുമില്ലാതെ ഇത് ട്രംപ് നടപ്പാക്കുമെന്നും ഇപ്പോൾ എല്ലാവരും മനസ്സിലാക്കുന്നു.
തങ്ങളുടെ പരിസരങ്ങളിൽ നടക്കുന്ന കാര്യങ്ങളിൽ നിന്ന് ഇറാൻ ഭരണകൂടം പാഠംപഠിച്ചിട്ടില്ല. ചൈന പോലുള്ള വൻശക്തി പോലും വിട്ടുവീഴ്ചകളോടെ അമേരിക്കയുമായുള്ള ചർച്ചകൾക്ക് നിർബന്ധിതമാകുന്ന കാഴ്ചയാണ് പുറത്തുവരുന്നത്. മെക്‌സിക്കോയും കാനഡയും നാറ്റോ രാജ്യങ്ങളുമെല്ലാം ഇതു തന്നെയാണ് ചെയ്യുന്നത്. അപമാനിക്കപ്പെട്ട തുർക്കി പ്രസിഡന്റ് പ്രശ്‌നപരിഹാരങ്ങൾക്ക് ശ്രമിച്ച് അമേരിക്ക സന്ദർശിക്കുന്നു. നിലവിലെ സംഘർഷത്തിന് പരിഹാരം കാണുന്നതിന് ഇറാൻ വിവേകത്തിന്റെയും നയതന്ത്രത്തിന്റെയും പാത പിന്തുടരണം. ഇതിന്റെ അന്തിമ ഫലം ഇറാൻ അടക്കം എല്ലാവർക്കും അനുകൂലമായിരിക്കും. പരമോന്നത ആത്മീയ നേതാവ് നേതൃത്വം നൽകുന്ന ഇറാൻ ഭരണകൂടത്തിന് എതിരായ ശക്തമായ ആക്രമണം ഇറാൻ അടക്കം മേഖലക്ക് മൊത്തത്തിൽ ഗുണകരമായി ഭവിച്ചേക്കാവുന്ന നയതന്ത്ര ശ്രമങ്ങൾക്ക് അനുകൂല സാഹചര്യമൊരുക്കുന്നതായും അബ്ദുറഹ്മാൻ അൽറാശിദ് പറയുന്നു.