Sorry, you need to enable JavaScript to visit this website.

ഇന്ത്യയിൽ 2018-ൽ ജീവനൊടുക്കിയത് 10,349 പേർ

ന്യൂദൽഹി- കർഷകരും കാർഷിക തൊഴിലാളികളും ഉൾപ്പടെ 2018ൽ രാജ്യത്ത് 10,349 ആളുകൾ ജീവനൊടുക്കി. ദേശീയ ക്രൈം റിക്കാർഡ്‌സ് ബ്യൂറോയുടെ റിപ്പോർട്ടിലാണ് കർഷക ആത്മഹത്യക്കുറിച്ചുള്ള വിവരങ്ങളുള്ളത്. ആത്മഹത്യ ചെയ്ത 10,349 പേരിൽ 4,586 പേർ കാർഷിക തൊഴിലാളികളാണ്. ഇക്കാലയളവിൽ കടക്കെണി ഉൾപ്പടെ വിവിധ ദുരിതങ്ങൾ മൂലം ജീവനൊടുക്കിയ കർഷകർ5,763 പേരാണ്. 2018ൽ രാജ്യത്ത് ആകെ ആത്മഹത്യ ചെയ്തവരുടെ ഔദ്യോഗിക കണക്ക് 1,34,516 ആണ്. ഇതിന്റെ 7.7 ശതമാനം പേരും ജീവനൊടുക്കിയ കാർഷിക മേഖലയുമായി ബന്ധപ്പെട്ടുള്ളവരാണ്. 
മരിച്ച കാർഷിക തൊഴിലാളികളിൽ 4.071 പേർ പുരുഷൻമാരും 515 പേർ സ്ത്രീകളുമാണ്. ജീവനൊടുക്കിയ കർഷകരിൽ 5,457 പേർ പുരുഷൻമാരും 306 പേർ സ്ത്രീകളുമാണ്. പശ്ചിമബംഗാൾ, ബീഹാർ, ഒഡീഷ, ഉത്തരാഖണ്ഡ്, മേഘാലയ, ഗോവ, ചണ്ഡീഗഡ്, ഡാമൻ ഡിയു, ഡൽഹി, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്ന് ഒറ്റ കാർഷിക ആത്മഹത്യകൾ പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് ദേശീയ ക്രൈം റിക്കാർഡ്‌സ് ബ്യൂറോയുടെ റിപ്പോർട്ടിൽ പറയുന്നത്.  മുൻ വർഷങ്ങളെ അപേക്ഷിച്ച് കാർഷിക രംഗത്തു നിന്നു ജീവനൊടുക്കുന്നവരുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. 2016ൽ കാർഷിക മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന 11,379 പേർ ആത്മഹത്യ ചെയ്തപ്പോൾ 2017ൽ ഇത് 10,655 ആയിരുന്നു. എന്നാൽ മുൻ വർഷങ്ങളിലെ റിപ്പോർട്ടുകളിൽ എന്ന പോലെ തന്നെ ഇത്തവണയും എന്തു കാരണത്താലാണ് കർഷകർ ആത്മഹത്യ ചെയ്തതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നില്ല. 
2018ൽ രാജ്യത്തെ ആത്മഹത്യ നിരക്കിൽ തന്നെ വർധനവുണ്ടെന്നാണ് റിപ്പോർട്ടിൽ നിന്നു വ്യക്തമാകുന്നത്. 2017ൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 1.29 ലക്ഷം ആളുകളുടെ ആത്മഹത്യ ആണെങ്കിൽ 2018ൽ ഇത് 1.34 ലക്ഷം ആയി. കുടുംബപ്രശ്‌നം, രോഗം, പ്രണയം, തൊഴിൽ പ്രശ്‌നം, ഒറ്റപ്പെടൽ, പീഡനം, മാനസിക പ്രശ്‌നം, മദ്യപാനാസക്തി, സാമ്പത്തിക നഷ്ടം തുടങ്ങിയ കാരണങ്ങളാണ് ഇത്രയധികം പേർ ആത്മഹത്യ ചെയ്തിരിക്കുന്നത്. മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, കർണാടക, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം ആത്മഹത്യകൾ നടന്നിരിക്കുന്നത്. 
കർഷക ആത്മഹത്യകളിലും ഏറ്റവും മുന്നിൽ മഹരാഷ്ട്രയും കർണാടകയുമാണ്. ആത്മഹത്യ ചെയ്തവരിൽ  12.7 ശതമാനം പേരും പ്രാഥമിക വിദ്യാഭ്യാസം പോലും നേടാത്തവരാണ്. 17.1 ശതമാനം ആളുകൾ പ്രാഥമീക വിദ്യാഭ്യാസം നേടിയിട്ടുണ്ട്. 19.5 ശതമാനം ആളുകൾ ഹൈസ്‌കൂൾ തലം വരെയും 23.6 ശതമാനം പേർ പത്താം ക്ലാസ് വിദ്യാഭ്യാസം നേടിയവരുമാണ്.
 

Latest News