മുംബൈയില്‍ 16 സെമാലി കടല്‍ക്കൊള്ളക്കാര്‍ക്ക് ഏഴു വര്‍ഷം തടവ്

മുംബൈ- 2011-ല്‍ ഇറാനില്‍ നിന്നുള്ള മത്സ്യബന്ധന കപ്പല്‍ റാഞ്ചി ജീവനക്കാരെ ബന്ദികളാക്കിയ കേസില്‍ പിടിക്കപ്പെട്ട 16 സൊമാലിയന്‍ കടല്‍ കൊള്ളക്കാരെ മുംബൈ ഒരു കോടതി ഏഴു വര്‍ഷം തടവിനു ശിക്ഷിച്ചു. കപ്പലിലുണ്ടായിരുന്ന ഇറാനില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നുമുള്ള ജീവനക്കാരെ തട്ടിക്കൊണ്ടു പോകാനും വധിക്കാനും ശ്രമിച്ചെന്ന കുറ്റം ചുമത്തിയാണ് സെഷന്‍സ് കോടതി ജഡ്ജി ജെ സി ജഗ്ദലെ ശിക്ഷ വിധിച്ചത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമ (യു.എ.പി.എ) പ്രകാരമായിരുന്നു ഇവര്‍ക്കെതിരായ കേസ്. 

ഏഴും പ്രതികള്‍ക്കും 14,000 രൂപ വീത പിഴയും കോടതി വിധിച്ചു. ഏഴു വര്‍ഷത്തെ തടവു ശിക്ഷ അനുഭവിച്ച ശേഷം ഇവരെ സോമാലിയയിലേക്ക് നാടുകടത്താനും കോടതി സര്‍ക്കാരിനോട് ഉത്തരവിട്ടു. അതേസമയം മോചനദ്രവ്യം ആവശ്യപ്പെട്ട് കപ്പലിലുള്ളവരെ തട്ടികൊണ്ടുപോകാനും വധിക്കാനും ശ്രമിച്ചെന്ന കുറ്റങ്ങളില്‍ നിന്നും കോടതി ഇവരെ വിമുക്തരാക്കി.

ഇന്ത്യന്‍ നാവിക സേനാ കപ്പലായ സുവര്‍ണ, ലക്ഷദ്വീപില്‍ നിന്നുള്ള ആന്റി പൈറസ് പട്രോള്‍ സംഘം എന്നിവര്‍ ചേര്‍ന്നാണ് 2011 മാര്‍ച്ച് 26-ന് കൊള്ളക്കാരെ പിടികൂടിയത്. പിടികൂടുന്നതിനിടെ സുവര്‍ണയ്ക്കു നേരെ കൊള്ളക്കാരുടെ വെടിവയ്പ്പും ഉണ്ടായി. തിരിച്ചുള്ള വെടിവയ്പ്പില്‍ കൊള്ളക്കാര്‍ റാഞ്ചിയ കപ്പലായ എം വി മൊര്‍തസയ്ക്ക് തീ പിടിച്ചു. പിന്നീട് നടന്ന ഓപറേഷനില്‍ കപ്പല്‍ ജീവനക്കാരായ 12 ഇറാനികളേയും നാല് പാക്കിസ്ഥാനികളേയും നാവിക സേന രക്ഷപ്പെടുത്തുകയായിരുന്നു. 16 സെമാലി കൊള്ളക്കാരെ പിടികൂടുകയും ചെയ്തു.

Latest News