മുംബൈ- കുർളയിൽ മാതാവിനെ കൊല്ലാൻ മകന് പ്രചോദനമായത് ടെലിവിഷനിലെ ക്രൈം ഷോ. ഇക്കഴിഞ്ഞ 28നാണ് മുപ്പതുകാരനായ മകൻ അമ്മയെ കഴുത്തറത്തു കൊന്നത്. ഒൻപത് ദിവസത്തിന് ശേഷമാണ് അമ്മയുടെ ശിരസില്ലാത്ത ശരീരം കണ്ടുകിട്ടിയത്. അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ സുഹൈൽ ശൈഖ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മദ്യലഹരിയിലാണ് ഇയാൾ അമ്മയെ വകവരുത്തിയത്. സ്ഥിരം മദ്യപാനിയായ ഇയാൾ അമ്മയുമായി ദിവസവും വഴക്കായിരുന്നു. ജോലിക്ക് പോകാതായതോടെ ഇയാളുടെ ഭാര്യ ഏതാനും മാസം മുമ്പ് വീടുവിട്ടിറങ്ങുകയും ചെയ്തു. ഇക്കഴിഞ്ഞ 28ന് രാത്രി ഇയാൾ അമ്മയുമായി വഴക്കുണ്ടാക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. പിറ്റേന്ന് രാവിലെയാണ് താനെന്താണ് ചെയ്തത് എന്നതിനെ പറ്റി ഇയാൾക്ക് ബോധമുണ്ടായത്. തുടർന്ന് ടി.വിയിലെ ക്രൈം ഷോ കണ്ട ഇയാൾ അമ്മയുടെ ശരീരം കഷ്ണങ്ങളാക്കി പലയിടങ്ങളിലായി ഉപേക്ഷിച്ചു. ഡിസംബർ 30നാണ് തലയില്ലാത്ത ശരീരം വിദ്യാവിഹാറിലെ കിറോഡ് റോഡിൽനിന്ന് കണ്ടെത്തിയത്. അടുത്ത ദിവസം വെട്ടിമാറ്റപ്പെട്ട രണ്ടു കാലുകൾ ഗട്‌കോപാറിൽനിന്നും കണ്ടെത്തി. ജനുവരി നാലിന് സാന്താക്രൂസ് ചെമ്പുർ ലിങ്ക് റോഡിലെ പാലത്തിന് അടിയിൽനിന്ന് തലയും കണ്ടെത്തി. ആരാണ് കൊല്ലപ്പെട്ടത് എന്ന് തിരിച്ചറിയാനാകാത്തവിധം വികൃതമായിരുന്നു ശരീരഭാഗങ്ങൾ. ചിത്രങ്ങളെല്ലാം വരച്ചാണ് ആരാണെന്ന് കണ്ടെത്തിയത്. ഈ ഭാഗത്തെ സി.സി.ടി.വി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. സുഹൈൽ ശൈഖിന്റെ അമ്മയെ കാണാനില്ലന്ന വിവരം പോലീസ് ഇതോടകം മനസിലാക്കിയിരുന്നു. അമ്മ എവിടെ എന്ന് ചോദിച്ച സഹോദരിയോട് ദൽഹിയിൽ ചില കുടുംബ സുഹൃത്തുക്കളെ കാണാൻ പോയതാണ് എന്നായിരുന്നു ഇയാൾ മറുപടി നൽകിയത്. സംശയം തോന്നിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിഞ്ഞത്. അമ്മയെ കൊലപ്പെടുത്തിയ കാര്യം ഇയാൾ പോലീസിനോട് സമ്മതിക്കുകയും ചെയ്തു.






