മുസ്ലിമിനെ മതിയെന്ന് ഹിന്ദു ഭൂരിപക്ഷം; തമിഴ് ഗ്രാമത്തില്‍ മാതൃക സൃഷ്ടിച്ച് സൗദി മുന്‍പ്രവാസി

ചെന്നൈ- പൗരത്വ നിയമ ഭേദഗതിയുടെ മറവില്‍ ജനങ്ങളെ വര്‍ഗീയമായി ധ്രുവീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടയില്‍ മുസ്ലിം യുവാവിനെ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്ത് തമിഴ്‌നാട്ടിലെ ഒരു ഗ്രാമം.

ഹിന്ദുവിനെ തന്നെ പ്രസിഡന്റായി തെരഞ്ഞെടുക്കണമെന്ന് ഗ്രാമത്തിലെ ഏതാനും മുതിര്‍ന്നവര്‍ പ്രതിജ്ഞ വാങ്ങിയിട്ടും 45 കാരനായ മുഹമ്മദ് ജിയാവുദ്ദീന്‍ തെരഞ്ഞെടുക്കപ്പെട്ടു. പുതുക്കോട്ട ജില്ലയിലെ കീരമംഗലം സെരിയാളൂര്‍ ഗ്രാമമാണ് വിദ്വേഷ പ്രചാരണത്തിനെതിരെ ഇന്ത്യക്ക് മാതൃകയാകുന്നത്.

സൗദി അറേബ്യയിലെ 20 വര്‍ഷത്തെ പ്രവാസം മതിയാക്കി നാട്ടിലെത്തിയ ജിയാവുദ്ദീന്‍ 2018 ല്‍ കനത്ത നാശനഷ്ടമുണ്ടാക്കിയ ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്ന് നടത്തിയ പുനരധിവാസ, റിലീഫ് പ്രവര്‍ത്തനങ്ങളിലൂടെയാണ് ജനമനസ്സുകള്‍ കീഴടക്കിയത്.

ജനങ്ങള്‍ കഷ്ടപ്പെട്ടപ്പോള്‍ സഹായിക്കാന്‍ രംഗത്തുവന്നത് ജിയാവുദ്ദീനാണെന്നും അന്നുവരെ തെരഞ്ഞെടുക്കപ്പെട്ട ഹിന്ദുക്കളായ ജനപ്രതിനിധികള്‍ ഒരു തുണി പോലും നല്‍കിയില്ലെന്നും ഗ്രാമത്തിലെ കര്‍ഷകന്‍ കാമരാജ് പറയുന്നു. സ്‌പോണ്‍സര്‍ഷിപ്പുകള്‍ ലഭ്യമാക്കി ജിയാവുദ്ദീന്‍ 15 വീടുകള്‍ നിര്‍മിച്ചു നല്‍കി. ജാതിയും മതവും തിരിച്ചായിരുന്നില്ല ജിയാവുദ്ദീന്റെ സഹായമെന്നും അതുകൊണ്ടാണ് തങ്ങളുടെ ഗ്രാമത്തെ ഇന്ത്യ മാതൃകയാക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. 1650 വോട്ടര്‍മാരുള്ള ഗ്രാമത്തില്‍ 60 പേര്‍ മാത്രമാണ് മുസ്ലിംകള്‍.

അതേസമയം, ശങ്കര്‍ എന്നയാളെ പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്ന ഗ്രാമത്തിലെ ചിലര്‍ ക്ഷേത്രം നിര്‍മിക്കാനായി 10 ലക്ഷം രൂപ ശേഖരിച്ചുവെന്നും ജിയാവുദ്ദീനെ തെരഞ്ഞെടുത്താല്‍ ഗ്രാമത്തില്‍ വര്‍ഗീയ പ്രശ്‌നങ്ങളുണ്ടാകുമെന്ന് ഇവര്‍ വീടുകള്‍ കയറി പ്രചരിപ്പിച്ചുവെന്നും പറയുന്നു. സ്ത്രീകളും യുവാക്കളുമാണ് തനിക്കുള്ള പിന്തുണയെന്ന് ജിയാവുദ്ദീന്‍ പറഞ്ഞു.
കടപ്പാട്- ദ ന്യൂസ് മിനുട്ട്

 

Latest News