Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആക്രമണസൂചനകളില്ല, സമാശ്വാസത്തോടെ പശ്ചിമേഷ്യ

വാഷിംഗ്ടൺ/തെഹ്‌റാൻ- സൈനിക മേധാവി ഖാസിം സുലൈമാനിയെ വധിച്ചതിന് പ്രതികാരമായി ഇറാഖിലെ രണ്ട് യു.എസ് സൈനികത്താവളങ്ങളിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങളോട് ഉടൻ പ്രതികരിക്കില്ലെന്ന സൂചന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകിയത് പശ്ചിമേഷ്യക്ക് ആശ്വാസമായി. ആക്രമണത്തിൽ ഒരു സൈനികന് പോലും പരിക്കില്ലെന്ന് വ്യക്തമാക്കി ഇറാന്റെ അവകാശവാദം യു.എസ് തള്ളി. കുറഞ്ഞ നാശം മാത്രമേ സംഭവിച്ചിട്ടുള്ളു.
ബുധനാഴ്ച രാത്രി രാഷ്ട്രത്തോട് നടത്തിയ അഭിസംബോധനയിൽ, സുലൈമാനിയെ നേരത്തെ വധിക്കേണ്ടതായിരുന്നു എന്ന് ട്രംപ് പറഞ്ഞു. വലിയ ഭീകരവാദിയായിരുന്നു അയാൾ. നൂറുകണക്കിന് അമേരിക്കൻ സൈനികർ വധിക്കപ്പെടാൻ അയാൾ കാരണമായി. അതേസമയം, മിസൈൽ ആക്രമണത്തോടെ ഇറാനും നടപടികൾ അവസാനിപ്പിക്കാനുള്ള സാധ്യതയാണുള്ളത്. 
ഇറാന്റെ നിലപാട് മാറാതെ പശ്ചിമേഷ്യയിൽ സമാധാനമുണ്ടാകില്ലെന്ന് ട്രംപ് പറഞ്ഞു. ഐ.എസിനെ അടിച്ചമർത്തുന്നതിൽ അമേരിക്ക വലിയ പങ്കുവഹിച്ചു. അമേരിക്കയെ സംരക്ഷിക്കാൻ എന്തിനും തയാറാണ്. ഇറാനുമായുണ്ടാക്കിയ ആണവ കരാർ തട്ടിപ്പായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. അതിന്റെ ഫലമായി കിട്ടിയ പണമുപയോഗിച്ചാണ് ഇറാൻ യു.എസ് താവളങ്ങൾ ആക്രമിച്ചതെന്നും ഇതിന് ഉത്തരവാദി മുൻ ഭരണകൂടമാണെന്നും ട്രംപ് കുറ്റപ്പെടുത്തി. 
അമേരിക്കയെ താൻ വൻ പുരോഗതിയിലേക്ക് നയിച്ചതായ അവകാശവാദവും ട്രംപ് നടത്തി. സാമ്പത്തികമായി രാജ്യം കരുത്താർജിച്ചു. ഊർജമേഖലയിൽ ആരേയും ആശ്രയിക്കേണ്ടി വരുന്നില്ല. ഇറാൻ മേഖലയിൽ കപ്പലുകൾക്ക് നേരെ നടത്തുന്ന ആക്രമണങ്ങൾ വലിയ സുരക്ഷാ ഭീഷണി ഉയർത്തിയതായും ട്രംപ് പറഞ്ഞു. ആണവമോഹങ്ങൾ ഇറാൻ ഉപേക്ഷിക്കണം. ഇറാൻ ആണവായുധം സ്വന്തമാക്കാൻ ഒരിക്കലും അമേരിക്ക സമ്മതിക്കില്ല.

പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാക്കിയാണ് ഇറാഖിലെ യു.എസ് സൈനികത്താവളങ്ങളിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയത്.  സംഭവം സ്ഥിരീകരിച്ച അമേരിക്ക, സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് പ്രതികരിച്ചിരുന്നു. ഇറാഖിലെ യു.എസ് സൈനിക കേന്ദ്രങ്ങൾക്കു നേരെയുള്ള ഇറാന്റെ ആക്രമണം മറ്റൊരു ഗൾഫ് യുദ്ധം തുടങ്ങുന്നുവെന്ന ആശങ്ക ശക്തമാക്കി. അമേരിക്കയുടെ ആക്രമണത്തിന് സൗകര്യം നൽകുന്ന രാജ്യങ്ങളെ വെറുതെ വിടില്ലെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാഖിൽനിന്ന് പൗരൻമാരെ ഒഴിപ്പിക്കാൻ വിവിധ രാജ്യങ്ങൾ നടപടി തുടങ്ങി.
കടുത്ത നടപടികൾക്ക് മുതിരരുതെന്നാണ് സൗദി അറേബ്യ ഉൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളും അമേരിക്കയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇറാനു പുറമെ വിവിധ രാജ്യങ്ങളിലെ തെഹ്‌റാൻ അനുകൂല ഭീകര സംഘടനകൾ ഉയർത്തുന്ന ഭീഷണിയും മേഖലയെ കലുഷിതമാക്കുന്നു. യു.എസിന്റെ പശ്ചിമേഷ്യയിലെ പ്രധാന സൈനിക കേന്ദ്രങ്ങളിൽ ചിലത് ഗൾഫിലാണ്. മുപ്പതിനായിരത്തിലേറെ യു.എസ് സൈനികർ ഇവിടെ തമ്പടിച്ചിട്ടുണ്ട്. 
ആഗോള വിപണിയിൽ എണ്ണവില ഉയരുകയും ഗൾഫ് ഓഹരി വിപണികളിൽ തകർച്ച തുടരുകയുമാണ്. യു.എസ് വിമാന കമ്പനികൾ സർവീസ് നിർത്തിവെച്ചത് ഗൾഫ് വിനോദ സഞ്ചാര മേഖലക്കും തിരിച്ചടിയായി. യാത്രക്കാരുടെ സുരക്ഷക്ക് ഉയർന്ന പരിഗണന നൽകുന്നതിനാൽ ഗൾഫ് വിമാന കമ്പനികളും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.
എല്ലാ പൗരൻമാരെയും അടിയന്തരമായി ഇറാഖിൽനിന്ന് ഒഴിപ്പിക്കാൻ ഫിലിപ്പീൻസ് തീരുമാനിച്ചു. മറ്റു രാജ്യങ്ങളും സമാന നിലപാട് സ്വീകരിച്ചേക്കും. ഇറാഖിലെ ഇന്ത്യക്കാർ ജാഗ്രത പുലർത്തണമെന്ന് ആവശ്യപ്പെട്ട ഇന്ത്യ, അത്യാവശ്യമല്ലാത്ത യാത്ര മാറ്റിവെക്കണമെന്നും നിർദേശിച്ചു. പ്രതിസന്ധി പരിഹരിക്കാൻ ലോകരാജ്യങ്ങൾ ഇടപെടണമെന്ന് ജപ്പാനും ഓസ്‌ട്രേലിയയും ആവശ്യപ്പെട്ടു. സംഘർഷം രൂക്ഷമായതോടെ പെന്റഗൺ, വൈറ്റ്ഹൗസ് അധികൃതർ സൗദി ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളുമായി തിരക്കിട്ട ആശയവിനിമയം തുടരുകയാണ്. 
ബുധനാഴ്ച പുലർച്ചെയോടെയാണ് ഇറാഖിലെ അൽ ആസാദ്, ഇർബിൽ എന്നീ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയത്. ഇറാന്റെ മേജർ ജനറൽ ഖാസിം സുലൈമാനിയെ അമേരിക്ക വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയതിനെ തുടർന്ന് പ്രതികാര നടപടിയെന്ന നിലയിലായിരുന്നു ഇത്. ഇറാഖിൽനിന്ന് യു.എസ് സൈന്യത്തെ ഉടൻ പിൻവലിക്കണമെന്ന് ആക്രമണത്തിന് പിന്നാലെ ഇറാൻ ആവശ്യപ്പെട്ടു. തങ്ങൾക്ക് നേരെ ആക്രമണത്തിന് തുനിഞ്ഞാൽ യു.എസിന്റെ സഖ്യകക്ഷികളേയും വെറുതെ വിടില്ലെന്നും ഇറാൻ സൈന്യം അറിയിച്ചു. ഇറാഖിൽ നിലയുറപ്പിച്ച യു.എസിന്റെയും സഖ്യസേനകളുടെയും കേന്ദ്രങ്ങളിലേക്ക് പന്ത്രണ്ടോളം ബാലസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ഇറാൻ ആക്രമണം നടത്തിയതായി യു.എസ് പ്രതിരോധകാര്യ അസിസ്റ്റന്റ് സെക്രട്ടറി ജോനാഥൻ ഹോഫ്മാൻ വാർത്താക്കുറിപ്പിൽ സ്ഥിരീകരിച്ചിരുന്നു. 

മുൻകരുതലുമായി ഇന്ത്യ

ആവശ്യമെങ്കിൽ ഇറാനിലുള്ള ഇന്ത്യക്കാരെ നാവികസേനാ കപ്പൽ ഉപയോഗിച്ച് രക്ഷപ്പെടുത്തുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പറഞ്ഞു. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. ഐ.എൻ.എസ് ത്രിഖണ്ഡ് എന്ന യുദ്ധക്കപ്പലായിരിക്കും ഇറാനിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനായി നിയോഗിക്കുക. 
കഴിഞ്ഞ സെപ്റ്റംബർ മുതൽ ഒമാൻ കടലിടുക്കിന് സമീപം ചരക്കുകപ്പലുകളുടെ സുരക്ഷക്കായി ഇന്ത്യ വിന്യസിച്ചിരിക്കുന്ന യുദ്ധക്കപ്പലാണ് ഐ.എൻ.എസ് ത്രിഖണ്ഡ്. ആവശ്യമായി വരികയാണെങ്കിൽ നാവികസേനാ കപ്പലുപയോഗിച്ച് ഇറാനിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ പറഞ്ഞു.
ഇറാനും അമേരിക്കയും തമ്മിലുടലെടുത്തിരിക്കുന്ന പുതിയ സംഘർഷം ഇന്ത്യ ഗൗരവത്തോടെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്നും തർക്കങ്ങളും പ്രശ്‌നങ്ങളും ചർച്ചയിലൂടെ പരിഹരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭ്യർഥിച്ചു. ഇന്ത്യൻ വിമാനങ്ങൾ ഇറാഖ്, ഇറാൻ വ്യോമപാത ഒഴിവാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.  ഇറാനിലും ഇറാഖിലുമുള്ള ഇന്ത്യക്കാർക്കും ഇവിടേക്ക് പോകുന്നവർക്കും വിദേശകാര്യ മന്ത്രാലയം സുരക്ഷാ മുന്നറിയിപ്പ് നൽകി.

Latest News