Sorry, you need to enable JavaScript to visit this website.

കശ്മീരിലേക്ക് ഒറ്റയ്ക്ക് പൊയ്‌ക്കോളാം, ഇന്ത്യക്ക് തിരിച്ചടി നൽകി യൂറോപ്യൻ യൂനിയൻ 

ന്യൂദൽഹി- കശ്മീരിൽ സന്ദർശനം നടത്താനുള്ള വിദേശ പ്രതിനിധി സംഘത്തിൽനിന്ന് യൂറോപ്യൻ യൂനിയൻ അംഗങ്ങൾ പിൻമാറി. ഇന്ന് താഴ്‌വരയിൽ നടത്താനുള്ള സന്ദർശനത്തിൽനിന്നാണ് യൂറോപ്യൻ യൂനിയൻ അംഗങ്ങൾ പിൻവാങ്ങിയത്. ഇന്ത്യൻ സർക്കാർ നടത്തുന്ന നിയന്ത്രിത സന്ദർശനത്തിന്റെ ഭാഗമാകാനില്ലെന്നും സ്വതന്ത്രരായ ജനങ്ങളെ കാണാനാണ് ആഗ്രഹമെന്നും യൂറോപ്യൻ യൂനിയൻ നയതന്ത്ര പ്രതിനിധികൾ പറഞ്ഞു. ജമ്മു കശ്മീരിൽ സന്ദർശനം നടത്താനുള്ള തീരുമാനത്തെ യൂറോപ്യൻ യൂനിയൻ അംഗങ്ങൾ സ്വാഗതം ചെയ്തുവെന്ന് നേരത്തെ കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഒക്‌ടോബറിൽ യൂറോപ്യൻ യൂനിയൻ പ്രതിനിധികൾ കശ്മീരിൽ സന്ദർശനം നടത്തിയിരുന്നു. കശ്മീരിനുള്ള പ്രത്യേക അധികാരം പിൻവലിച്ച് മൂന്ന് മാസത്തിന് ശേഷമായിരുന്നു ഈ സന്ദർശനം. സമാനമായ സന്ദർശനം തന്നെയായിരുന്നു ഇന്നും കശ്മീരിൽ ആസൂത്രണം ചെയ്തിരുന്നത്. ലാറ്റിൻ അമേരിക്ക, ആഫ്രിക്ക എന്നിവടങ്ങളിൽനിന്നുള്ള പതിനഞ്ചുവീതം പ്രതിനിധികളും ഓസ്‌ട്രേലിയ, വിവിധ ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള നയതന്ത്ര വിദഗ്ധരും ഉൾപ്പെടുന്ന സംഘത്തെയാണ് കശ്മീരിലേക്ക് കൊണ്ടുപോകാൻ നിശ്ചയിച്ചിരുന്നത്. 
എന്നാൽ കശ്മീരിലെ ജനങ്ങളെ കാണാൻ കേന്ദ്ര സർക്കാരിന്റെ കൂടെ പോകുന്നതിൽ കാര്യമില്ലെന്നും ജനങ്ങളെ ഞങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ചാണ് കാണാൻ ആഗ്രഹിക്കുന്നതെന്ന് യൂറോപ്യൻ യൂനിയൻ പ്രതിനിധികളെ ഉദ്ധരിച്ച് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു. ഓഗസ്റ്റ് അഞ്ചു മുതൽ തടവിൽ കഴിയുന്ന ഫാറൂഖ് അബ്ദുല്ല, ഒമർ അബ്ദുല്ല, മെഹബൂബ മുഫ്തി എന്നിവരെ കാണാനും ചില പ്രതിനിധികൾ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇതും അംഗീകരിച്ചിട്ടില്ല.
 

Latest News