വാഷിംഗ്ടൺ/തെഹ്‌റാൻ- സൈനിക മേധാവി ഖാസിം സുലൈമാനിയെ വധിച്ചതിന് പ്രതികാരമായി ഇന്നലെ ഇറാഖിലെ രണ്ട് യു.എസ് സൈനികത്താവളങ്ങളിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങളോട് ഉടൻ പ്രതികരിക്കില്ലെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തുമെന്ന് ട്രംപ് അറിയിച്ചു. ആക്രമണത്തിൽ ഒരു സൈനികന് പോലും പരിക്കില്ല. നിരവധി യു.എസ് സൈനികർ മരിച്ചെന്ന ഇറാന്റെ അവകാശവാദം യു.എസ് തള്ളി. കുറഞ്ഞ നാശം മാത്രമേ സംഭവിച്ചിട്ടുള്ളു.
ഇന്നലെ രാത്രി സൗദിസമയം ഏഴരക്ക് രാഷ്ട്രത്തോട് നടത്തിയ അഭിസംബോധനയിൽ, സുലൈമാനിയെ നേരത്തെ വധിക്കേണ്ടതായിരുന്നു എന്ന് ട്രംപ് പറഞ്ഞു. വലിയ ഭീകരവാദിയായിരുന്നു അയാൾ. നൂറുകണക്കിന് അമേരിക്കൻ സൈനികർ വധിക്കപ്പെടാൻ അയാൾ കാരണമായി.
ഇറാന്റെ നിലപാട് മാറാതെ പശ്ചിമേഷ്യയിൽ സമാധാനമുണ്ടാകില്ലെന്ന് ട്രംപ് പറഞ്ഞു. ഐ.എസിനെ അടിച്ചമർത്തുന്നതിൽ അമേരിക്ക വലിയ പങ്കുവഹിച്ചു. അമേരിക്കയെ സംരക്ഷിക്കാൻ എന്തിനും തയാറാണ്. ഇറാനുമായുണ്ടാക്കിയ ആണവ കരാർ തട്ടിപ്പായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. അതിന്റെ ഫലമായി കിട്ടിയ പണമുപയോഗിച്ചാണ് ഇറാൻ യു.എസ് താവളങ്ങൾ ആക്രമിച്ചതെന്നും ഇതിന് ഉത്തരവാദി മുൻ ഭരണകൂടമാണെന്നും ട്രംപ് കുറ്റപ്പെടുത്തി.
അമേരിക്കയെ താൻ വൻ പുരോഗതിയിലേക്ക് നയിച്ചതായ അവകാശവാദവും ട്രംപ് നടത്തി. സാമ്പത്തികമായി രാജ്യം കരുത്താർജിച്ചു. ഊർജമേഖലയിൽ ആരേയും ആശ്രയിക്കേണ്ടി വരുന്നില്ല. ഇറാൻ മേഖലയിൽ കപ്പലുകൾക്ക് നേരെ നടത്തുന്ന ആക്രമണങ്ങൾ വലിയ സുരക്ഷാ ഭീഷണി ഉയർത്തിയതായും ട്രംപ് പറഞ്ഞു. ആണവമോഹങ്ങൾ ഇറാൻ ഉപേക്ഷിക്കണം. ഇറാൻ ആണവായുധം സ്വന്തമാക്കാൻ ഒരിക്കലും അമേരിക്ക സമ്മതിക്കില്ല.