Sorry, you need to enable JavaScript to visit this website.

ആകെ ഉള്ള ആള്‍ മുസ്‌ലിമാണ്,  സാറിന് അത് ബുദ്ധിമുട്ടാവുമോ? 

ന്യൂദല്‍ഹി-തായ്‌ലന്‍ഡിലെ അവധി ആഘോഷത്തിന് ഇടയില്‍ നേരിടേണ്ടി വന്ന നാണം കെടുത്തുന്ന അനുഭവം പങ്കുവച്ച് മുതിര്‍ന്ന വ്യവസായി കിഷോര്‍ മാരിവാള്‍.തായ്‌ലന്‍ഡിലെ ഫുകേതില്‍ ആഡംബര നൗകയില്‍ യാത്രക്കായി എത്തിയപ്പോള്‍ തനിക്കുണ്ടായ നാണം കെട്ട അനുഭവമാണ് കിഷോര്‍ മാരി തന്റെ ഫെയ്‌സ് ബുക്കിലൂടെ പങ്കുവെച്ചത്.രാജ്യാന്തരതലത്തില്‍ ഇന്ത്യയെക്കുറിച്ചും ഇന്ത്യക്കാരെക്കുറിച്ചുമുള്ള ധാരണ എങ്ങനെയൊക്കെ മാറിയിരിക്കുന്നു എന്നാണ് കിഷോര്‍ മാരി തന്റെ പോസ്റ്റിലൂടെ പറയുന്നത്. തായ്‌ലന്‍ഡിലെ ഫുകേതിലാണ് കിഷോര്‍ അവധിയാഘോഷിക്കാനായി പോയത്. ഒരാഴ്ചത്തെ സെയിലിങ്ങിനു വേണ്ടി ഒരു ഉല്ലാസബോട്ടും ഒരു സ്‌കിപ്പറെ(ഉല്ലാസബോട്ട് നിയന്ത്രിക്കുന്നയാള്‍)യും അദ്ദേഹം ബുക്ക് ചെയ്തിരുന്നു. ഫുകേതില്‍ എത്തിയതിനു പിന്നാലെ ഒരുക്കങ്ങള്‍ എന്തൊക്കെയായി എന്നറിയാന്‍ റിസപ്ഷനില്‍ ചെന്നു. അപ്പോള്‍ അവിടെയുണ്ടായിരുന്ന റിസപ്ഷനിസ്റ്റ് താങ്കള്‍ ഇന്ത്യയില്‍നിന്നല്ലേ എന്ന് ചോദിച്ചു, ഹിന്ദുവാണോ എന്ന് ചോദിച്ചു. അതെ എന്ന് മറുപടി നല്‍കിയ ശേഷം എന്തിനാണ് ഇത് തിരക്കുന്നതെന്ന് ചോദിച്ചു.
അപ്പോള്‍ ആ പെണ്‍കുട്ടി അവളുടെ ബോസിനെ വിളിച്ച് സംസാരിക്കാന്‍ തുടങ്ങി. തായ് ഭാഷയില്‍ അവര്‍ തമ്മില്‍ അല്‍പ നേരം സംസാരിച്ചു. അതിന് ശേഷം മാനേജര്‍ വന്ന് പറഞ്ഞു. സര്‍ ഞങ്ങളുടെ എല്ലാ ഡ്രൈവര്‍മാര്‍ മറ്റ് സന്ദര്‍ശകര്‍ക്കൊപ്പമാണ്. ഒരാള്‍ മാത്രമാണ് ഇപ്പോള്‍ ഇവിടെയുള്ളത്. അയാള്‍ മുസ്‌ലിം ആണ്. അത് താങ്കള്‍ക്ക് ബുദ്ധിമുട്ടാകുമോ? മാനേജറുടെ വാക്കുകള്‍ കേട്ട് ഞെട്ടിപ്പോയെന്ന് കിഷോര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. അതിന് എനിക്ക് എന്താണ് പ്രശ്‌നം എന്ന് ചോദിച്ചപ്പോള്‍ അവര്‍ നല്‍കിയ മറുപടി എന്നെ വീണ്ടു ഞെട്ടിച്ചു. സര്‍ മാധ്യമങ്ങളിലൂടെ ഞങ്ങള്‍ അറിയുന്നുണ്ട്. ഇന്ത്യയില്‍ ഹിന്ദുക്കള്‍ മുസ്‌ലിംകള്‍  അടുത്ത് വരുന്നത് താല്‍പര്യപ്പെടുന്നില്ലെന്നത് അറിയാം അതിനാലാണ് ചോദിച്ചതെന്നാണ് അയാള്‍ പറഞ്ഞത്. മാനേജറുടെ മറുപടി കേട്ടതോടെ, വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ ആവാത്ത തരത്തില്‍ താന്‍ നാണംകെട്ടുപോയെന്ന് കിഷോര്‍ പറയുന്നു. തുടര്‍ന്ന് അദ്ദേഹം മാനേജരോട് കാര്യങ്ങള്‍ വിശദീകരിച്ചു. താന്‍ മാത്രമല്ല, സംസ്‌കാരമുള്ള ഭൂരിഭാഗം ഹിന്ദുക്കളും താങ്കള്‍ വായിച്ചതുപോലെയല്ല പെരുമാറുന്നതെന്ന് കിഷോര്‍ മാനേജരോട് പറയുകയും ചെയ്തു. വിദേശത്ത്, സാധാരണക്കാര്‍ക്കിടയില്‍ ഇതാണോ നമ്മുടെ മതിപ്പ്? ഞാന്‍ ശരിക്കും നാണംകെട്ടുപോയി എന്നാണ് കിഷോര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.ജനുവരി അഞ്ചിന് പോസ്റ്റ് ചെയ്ത കുറിപ്പ് നിരവധിയാളുകള്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്
കെമിക്കല്‍ എന്‍ജിനിയറായ കിഷോര്‍ മരിവാല ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ സെറ്റില്‍ മെന്റ്‌സ് സ്ഥാപക ബോര്‍ഡ് മെമ്പര്‍ കൂടിയാണ്. വിദേശത്ത് ഇന്ത്യക്കാര്‍ മുസ്‌ലിം വിരുദ്ധരാണെന്ന നിലയിലാണ് ധാരണകള്‍ പരക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് കിഷോര്‍ മരിവാലയുടെ അനുഭവം.

Latest News