ന്യൂദല്‍ഹി- ബിഹാറിലെ മുസഫര്‍പൂരിലെ അഭയാര്‍ത്ഥി ഹോമില്‍ കൊല്ലപ്പെട്ടതായി കണക്കാക്കിയിരുന്ന 35 പെണ്‍കുട്ടികളും ജീവനോടെയുണ്ടെന്ന് സിബിഐ . സുപ്രിംകോടതിയിലാണ് ഉദ്യോഗസ്ഥര്‍ ഈ വിവാദപരമായ വഴിത്തിരിവ് വെളിപ്പെടുത്തിയത്. രണ്ട് വര്‍ഷം മുമ്പ് 35 പെണ്‍കുട്ടികളെയും ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയതായാണ് കണക്കാക്കിയിരുന്നത്. ഈ കേസ് രാജ്യവ്യാപകമായി വന്‍ ഒച്ചപ്പാടുകളാണ് സൃഷ്ടിച്ചിരുന്നത്.
രാഷ്ട്രീയബന്ധങ്ങളുള്ള ബ്രിജേഷ് താക്കൂര്‍ നടത്തിയിരുന്ന ഷെല്‍ട്ടര്‍ ഹോമില്‍ അയാളും സഹായിയും ചേര്‍ന്ന് കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്ന 11 പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ അസ്ഥിക്കൂട്ടം കണ്ടെത്തിയെന്നാണ് കഴിഞ്ഞ വര്‍ഷം സിബിഐ സുപ്രിംകോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍ അന്വേഷണസമയത്ത് ഇവിടെ നിന്ന് ഒരു സ്ത്രീയുടെയും പുരുഷന്റെയും അസ്ഥിയാണ് ലഭിച്ചതെന്ന് ഇപ്പോള്‍ സിബിഐ പറയുന്നു.കൊലചെയ്യപ്പെട്ടതായി കരുതിയിരുന്ന പെണ്‍കുട്ടികളെ പിന്നീട് കണ്ടെത്തിയെന്നും ഇവര്‍ ജീവനോടെ ഉണ്ടെന്നും സിബിഐക്ക് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ അറിയിച്ചു. ബീഹാറിലെ 17 ഷെല്‍ട്ടര്‍ ഹോമുകളെ കുറിച്ച് സിബിഐ അന്വേഷിക്കുകയും 13 എണ്ണത്തില്‍ ചാര്‍ജ്ഷീറ്റ് തയ്യാറാക്കുകയും ചെയ്തിരുന്നു.നാല് കേസുകളില്‍ തെളിവൊന്നും ലഭിക്കാത്തതിനാല്‍ അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു.
ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അതേസമയം സര്‍ക്കാര്‍ നടത്തുന്ന ഈ ഷെല്‍ട്ടര്‍ ഹോമുകളിലെ പെണ്‍കുട്ടികള്‍ക്ക് മയക്കുമരുന്ന് നല്‍കിയ ശേഷം ബലാല്‍സംഗം ചെയ്യുകയും അശ്ലീലനൃത്തം ചെയ്യിക്കുകയും ചെയ്തിരുന്നതായി സിബിഐ കുറ്റപത്രത്തില്‍ ആരോപിച്ചു. ഈ വിഷയത്തില്‍ വന്‍കിട രാഷ്ട്രീയക്കാര്‍ക്കും സ്വാധീനമേറിയ ഉദ്യോഗസ്ഥ വൃന്ദത്തിനും പങ്കുണ്ടെന്നും സിബിഐ സമര്‍പ്പിച്ച കുറ്റപത്രം പറയുന്നു. അതേസമയം കോടതിയില്‍ വാദം കേള്‍ക്കുന്നതിനിടെ കുറ്റപത്രം വായിച്ചപ്പോള്‍ പ്രതിയായ ബ്രിജേഷ് താക്കൂര്‍ ക്യാമറകളെ നോക്കി ചിരിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് നടത്തിയ സര്‍വേയിലാണ് സര്‍ക്കാര്‍ ഷെല്‍ട്ടര്‍ഹോമുകളിലെ ലൈംഗിക പീഡനങ്ങള്‍ പുറത്തുവന്നത്.
ഇതേതുടര്‍ന്ന് മാധ്യമപ്രവര്‍ത്തക നിവേദിത ജാ സുപ്രിംകോടതിയില്‍ സ്വതന്ത്ര്യ ഏജന്‍സിക്ക് കേസ് അന്വേഷണം കൈമാറണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കുകയായിരുന്നു. ഇതേതുടര്‍ന്നാണ് സിബിഐയ്ക്ക് കേസിന്റെചുമതല നല്‍കിയിരുന്നത്.
സംസ്ഥാനത്തെ ഷെല്‍ട്ടര്‍ ഹോമുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ അന്വേഷണ ഏജന്‍സി ബിഹാറിലെ നിതീഷ് കുമാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 70 ഓളം ഉദ്യോഗസ്ഥേര്‍ക്കും 25 ഐഎഎസ് ഓഫീസര്‍മാര്‍ക്കും എതിരെയാണ് സിബിഐ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.






