Sorry, you need to enable JavaScript to visit this website.

വായ്പാ ബാധ്യത പ്രത്യേക കമ്പനിയിലേക്ക് മാറ്റി; എയര്‍ ഇന്ത്യ വാങ്ങാന്‍ ഇനി ആളുവരും

ന്യൂദല്‍ഹി- പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പ്പനയുടെ കരട് താല്‍പ്പര്യ പത്രത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗികാരം നല്‍കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതിയാണ് കരട് അംഗീകരിച്ചത്. ഇതോടൊപ്പം ഓഹരി വാങ്ങല്‍ കരാറിനും അംഗീകാരമായി്.
 
വിമാനക്കമ്പനിയുടെ 60,000 കോടി രൂപയുടെ ആകെ കടം, പ്രത്യേക ഉദ്ദേശ്യ കമ്പനിയിലേക്ക്  കൈമാറാന്‍ അനുമതി നല്‍കുന്നതാണ്  കരാര്‍. നിലവില്‍ കമ്പനിയുടെ 29,400 കോടി രൂപ കടം ഇതിനായി രൂപീകരിച്ച പ്രത്യേക കമ്പനിയായ എയര്‍ ഇന്ത്യ അസറ്റ് ഹോള്‍ഡിംഗ് കമ്പനിയിലേക്ക് കൈമാറിക്കഴിഞ്ഞു. മുഴുവന്‍ കടവും ഇപ്രകാരം എയര്‍ ഇന്ത്യയുടെ എക്കൗണ്ടില്‍ നിന്ന് പ്രത്യേക കമ്പനിയിലേക്ക് മാറുന്നതോടെ വിമാനക്കമ്പനി, സ്വകാര്യ മേഖലയ്ക്ക് ആകര്‍ഷകമാകും.
 
ജനുവരി അവസാനത്തോടെ ഓഹരി വില്‍പ്പനയുടെ താല്‍പ്പര്യ പത്രം സര്‍ക്കാര്‍ പുറത്തിറക്കുമെന്നാണ് സൂചന. യോഗത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വാണിജ്യ, റെയ്ല്‍വേ മന്ത്രി പിയൂഷ് ഗോയല്‍, വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി എന്നിവരും പങ്കെടുത്തു. എയര്‍ ഇന്ത്യ പ്രത്യേക ബദല്‍ സംവിധാനം എന്ന പേരിലുള്ള മന്ത്രിതല സമതി നിരവധി ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഓഹരി വില്‍പ്പനാ പദ്ധതിയിലേക്ക് കടന്നിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം എയര്‍ ഇന്ത്യ ഓഹരി വില്‍പ്പനയുടെ താല്‍പ്പര്യ പത്രം സര്‍ക്കാര്‍ ക്ഷണിച്ചിരുന്നെങ്കിലും കടത്തിന്റെ ഏറ്റെടുപ്പും വിമാനക്കമ്പനിയുടെ നിയന്ത്രണവും സംബന്ധിച്ച് വ്യക്തത വരുത്താഞ്ഞതോടെ ആരും വാങ്ങാനെത്തിയിരുന്നില്ല. 74% ഓഹരികള്‍ മാത്രം വില്‍ക്കാനായിരുന്നു അന്നത്തെ പദ്ധതി. വിമാനക്കമ്പനിയിലെ മുഴുവന്‍ ഓഹരികളും സ്വകാര്യ മേഖലയ്ക്ക് കൈമാറാനാണ് ഇത്തവണ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതോടൊപ്പം നിയന്ത്രണാവകാശങ്ങളും കൈമാറും. ആകര്‍ഷകമായ വില്‍പ്പന പദ്ധതിയും ഇളവുകളും പ്രഖ്യാപിക്കപ്പെട്ടതോടെ ഇത്തവണ സ്വകാര്യ മേഖല, വിമാനക്കമ്പനിയില്‍ താല്‍പ്പര്യം കാണിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
 
എയര്‍ ഇന്ത്യയുടെ അന്താരാഷ്ട്ര സര്‍വീസുകളില്‍ താല്‍പ്പര്യമുണ്ടെന്ന് രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ അറിയിച്ചിട്ടുണ്ട്. വിമാനങ്ങളും സര്‍വീസ് സ്ലോട്ടുകളുമാണ് കമ്പനിയുടെ ഏറ്റവും ആകര്‍ഷകമായ മുതലുകളെന്നും ഇത് മുന്‍നിര്‍ത്തി സ്വകാര്യ നിക്ഷേപകരെ ആകര്‍ഷിക്കാനാവുമെന്നും വിമാനക്കമ്പനി വൃത്തങ്ങള്‍ പറയുന്നു.
 
 

Latest News