Sorry, you need to enable JavaScript to visit this website.

കുഞ്ഞമ്മദ് വാണിമേലിന് പുരസ്‌കാരം

തിരുവനന്തപുരം - ഐ.എസ്.ആര്‍.ഒ ചാരക്കഥകളുടെ കാലത്ത് ഒഴുക്കിനെതിരായ നിലപാടെടുത്ത പത്രപ്രവര്‍ത്തകന്‍ കുഞ്ഞമ്മദ് വാണിമേലിന് മൂന്ന് പതിറ്റാണ്ടുകള്‍ക്കിപ്പുറം പുരസ്‌കാരം.

ലോക് ബന്ധു രാജ് നാരായണ്‍ജി ഫൗണ്ടേഷന്റെ മാധ്യമ പുരസ്‌കാരത്തില്‍ അന്വേഷണാത്മക വിഭാഗത്തിലാണ് അംഗീകാരം. മലയാളം ന്യൂസ് പത്രത്തിന്റെ കേരള ഇന്‍ ചാര്‍ജായി പ്രവര്‍ത്തിക്കുന്ന കുഞ്ഞമ്മദ് ചന്ദ്രിക പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരിക്കേയാണ് ഐ.എസ്.ആര്‍.ഒ ചാരക്കഥകളൂടെ തുടക്കകാലത്ത് വേറിട്ട നിലപാടില്‍ ചന്ദ്രിക പത്രത്തില്‍ വാര്‍ത്തയും ലേഖനങ്ങളുമെഴുതിയത്.
'മറിയം റഷീദ വന്നത് ചാരപ്രവര്‍ത്തനത്തിനല്ല' എന്ന തലക്കെട്ടില്‍ അന്ന് ചന്ദ്രിക പ്രസിദ്ധീകരിച്ച വാര്‍ത്ത വലിയ വിവാദമുയര്‍ത്തിയിരുന്നു. മാധ്യമ രംഗത്തെ പതിനഞ്ച് പേര്‍ക്കാണ് ദേശീയ പ്രവാസി ദിനമായ ജനുവരി 9 ന് ഫൗണ്ടേഷന്‍ അവാര്‍ഡ് സമ്മാനിക്കുന്നത്. തിരുവനന്തപുരം തൈക്കാട്ടുള്ള ഭാരത് ഭവനില്‍ അന്ന് വൈകുന്നേരം 5 മണിക്കാണ് മന്ത്രിമാരും മറ്റു പ്രമുഖരും പങ്കെടുക്കുന്ന അവാര്‍ഡ് ദാന ചടങ്ങ്.
അവാര്‍ഡിനര്‍ഹരായ മറ്റുള്ളവരുടെ പേരുകളും പുരസ്‌കാരം ലഭിച്ച വിഭാഗവും:
എം.എം. സുബൈര്‍ (കേരള കൗമുദി- സമഗ്ര സംഭാവന), ശ്രീകേഷ് (മാതൃഭൂമി- ഫോട്ടോഗ്രഫി), ദിലീപ് മലയാലപ്പുഴ (ദേശാഭിമാനി- ശാസ്ത്ര സാങ്കേതികം) അന്‍സാര്‍ വര്‍ണന മാധ്യമം- (ഭൂ വിജ്ഞാന റിപ്പോര്‍ട്ടര്‍) ശ്രീകുമാര്‍ ജന്മഭൂമി (പുസ്തക വിഭാഗം- പ്രസ് ഗാലറി കണ്ട സഭ), ജയചന്ദ്രന്‍ (മംഗളം - എക്‌സ്‌ക്ലൂസീവ് വാര്‍ത്ത), റിച്ചാര്‍ഡ് ജോസഫ് (ദീപിക- ഭിന്ന ശേഷിക്കാരുടെ ശാക്തീകരണം), ഫിര്‍ദൗസ് കായല്‍പുറം (ചന്ദ്രിക - സംവരണ വിഷയങ്ങള്‍), യു.എം. മുഖ്താര്‍ (സുപ്രഭാതം- വിദ്യാഭ്യാസം), രമേശ് ബാബു (ജനയുഗം- സാമൂഹികം), അനില്‍ കുമാര്‍ (കേരള കൗമുദി മൂവി- സിനിമ പ്രസിദ്ധീകരണം), ടെന്നിസണ്‍ (ദിനതന്തി- അന്യസംസ്ഥാന റിപ്പോര്‍ട്ടര്‍), ശിവ കൈലാസ് (ജന്മഭൂമി- സാമൂഹികം), കടവില്‍ കെ. റഷീദ് (കലാപ്രേമി- പ്രവാസം).
ന്യൂദല്‍ഹി ആള്‍ ഇന്ത്യാ ഹ്യൂമണ്‍ റൈറ്റ്‌സ് ആന്റ് സിറ്റിസണ്‍ പ്രസിഡന്റ് മനോജ് കുമാര്‍ ചെയര്‍മാനും ചന്ദ്രാലയം രാജേന്ദ്രന്‍, മാധ്യമ പ്രവര്‍ത്തകന്‍ ഡി. അജിത് കുമാര്‍, സെയ്ത് പേഴുംമൂട്, സജിത വാസുദേവന്‍ (ഡക്കാന്‍ ക്രോണിക്കിള്‍) ഒ.എ. ഷാഹുല്‍ ഹമീദ് എന്നിവര്‍ അംഗങ്ങളും പൂവച്ചല്‍ സുധീര്‍ സെക്രട്ടറിയുമായ ജൂറിയാണ് പുരസ്‌കാരത്തിന് അര്‍ഹരായവരെ തെരഞ്ഞെടുത്തതെന്ന് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
 

 

 

Latest News