കെ.പി.സി.സി പുനഃസംഘടന വൈകുന്നതില്‍ പാര്‍ട്ടിയിലെ യുവാക്കള്‍ക്ക് അമര്‍ഷം

തിരുവനന്തപുരം - കെ.പി.സി.സി പുനഃസംഘടന വൈകുന്നതില്‍ പാര്‍ട്ടിയിലെ യുവനിരക്ക് അതൃപ്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളായിരുന്ന പലരും കെ.പി.സി.സി പുനഃസംഘടനയില്‍ സ്ഥാനം ലഭിക്കുമെന്ന് കരുതുന്നവരാണ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളായിരുന്ന പലര്‍ക്കും ഇതുവരെ അര്‍ഹമായിരുന്ന സ്ഥാനമാനങ്ങള്‍ ലഭിച്ചിട്ടില്ല. മുന്‍ സംസ്ഥാന പ്രസിഡന്റുമാരായിരുന്ന ടി.സിദ്ദീഖ്, എം.ലിജു, പി.സി വിഷ്ണുനാഥ്, ഡീന്‍ കുര്യാക്കോസ് എന്നിവര്‍ കെ.പി.സി.സി പുനഃസംഘടനയില്‍ അര്‍ഹമായ പരിഗണന ലഭിക്കുമെന്നു കരുതുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ 15 ന് ഡി.സി.സി നേതൃത്വത്തില്‍ സംസ്ഥാന തലത്തില്‍ കാല്‍നട പ്രചാരണ ജാഥകള്‍ സംഘടിപ്പിക്കുന്നുണ്ട്. കാല്‍നട പ്രചാരണ ജാഥകള്‍ വിജയിപ്പിക്കണമെങ്കില്‍ യുവനിരയെ പിണക്കരുതെന്ന അഭിപ്രായത്തിലാണ് ഡി.സി.സി പ്രസിഡന്റുമാര്‍. യൂത്ത് കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പ് വേണ്ട സമവായത്തിലൂടെ പുതിയ ഭാരവാഹികളെ നിശ്ചയിച്ചാല്‍ മതിയെന്ന എ, ഐ ഗ്രൂപ്പ് നേതാക്കളുടെ നിലപാട് കാരണം സംസ്ഥാനത്ത് രണ്ട് ഗ്രൂപ്പുകള്‍ മാത്രമേയുളളൂവെന്ന കാര്യം ഹൈക്കമാന്‍ഡിന് വ്യക്തമായിട്ടുണ്ട്. ഗ്രൂപ്പുകളിലില്ലാത്ത പി.സി ചാക്കോ, വി.എം.സുധീരന്‍, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ക്ക് കോണ്‍ഗ്രസ് സംഘടനാ സംവിധാനത്തില്‍ നിര്‍ണായകമായ സ്വാധീനം ഇല്ലെന്നും എ.ഐ.സി.സിക്ക്  ബോധ്യമായി. നാല് പ്രവര്‍ത്തക സമിതി അംഗങ്ങളുളള കേരളത്തില്‍  കെ.പി.സി.സി പുനഃസംഘടന നടക്കാത്തതിലെ അനൗചിത്യവും  യുവനിര ചൂണ്ടിക്കാട്ടുന്നു. മുതിര്‍ന്ന നേതാവും സീനിയര്‍ പ്രവര്‍ത്തക സമിതി അംഗവുമായ എ കെ ആന്റണി, സംഘടനാ ചുമതലയുളള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി, പ്രവര്‍ത്തക സമിതി അംഗം പി.സി ചാക്കോ എന്നിവര്‍ പുനഃസംഘടനക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും യുവനിര ആരോപിക്കുന്നു.
രമേശ് ചെന്നിത്തല കെ.പി.സി.സി പ്രസിഡന്റായിരുന്നപ്പോഴുളള ഭാരവാഹികളാണ് ഇപ്പോഴും കെ.പി.സി.സിക്കുളളത്. രമേശ് ചെന്നിത്തലക്ക് ശേഷം എം.എം ഹസന്‍ രണ്ട് വര്‍ഷവും വി.എം സുധീരന്‍ മൂന്ന് വര്‍ഷവും കെ.പി.സി.സി പ്രസിഡന്റുമാരായിരുന്നിട്ടുണ്ട്. മുല്ലപ്പളളി രാമചന്ദ്രന്‍ കെ.പി.സി.സി പ്രസിഡന്റായിട്ട് ഒരു വര്‍ഷവുമായി.
എ.ഐ.സി.സിയുടെ ഭരണഘടന അനുസരിച്ച് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നയരൂപീകരണ സമിതിയായ എക്‌സിക്യൂട്ടീവ് ഇതുവരെ സംഘടിപ്പിച്ചിട്ടില്ല. രമേശ് ചെന്നിത്തലയുടെ കാലത്തെ നയരൂപീകരണ സമിതിയാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. കോണ്‍ഗ്രസിനുളളില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാവുന്നതിന് കാരണം നയരൂപീകരണ സമിതി യോഗം ചേരാത്തതിനാലാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. പുനഃസംഘടന നടക്കാത്തതില്‍ കെ പി സി സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രനും അമര്‍ഷമുണ്ട്. അദ്ദേഹം അത് കേരളത്തിന്റെ ചുമതലയുളള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനെയും സംഘടനാ ചുമതലയുളള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെയും അറിയിച്ചിട്ടുണ്ട്.

 

Latest News