Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹജിനെ രാഷ്ട്രീയവൽക്കരിക്കാൻ അനുവദിക്കില്ല -ഖാലിദ് അൽഫൈസൽ

ഹജ് ബോധവൽക്കരണ കാമ്പയിൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ മക്ക ഗവർണർ ഖാലിദ് അൽഫൈസൽ രാജകുമാരൻ സംസാരിക്കുന്നു.

മക്ക- ഹജിനെ രാഷ്ട്രീയവൽക്കരിക്കുന്നതിനും ഹജ് സംഘാടനം അന്താരാഷ്ട്ര സമൂഹത്തിന്റെ പങ്കാളിത്തത്തിനു കീഴിലാക്കുന്നതിനുമുള്ള ആഹ്വാനങ്ങൾ സൗദി അറേബ്യ തള്ളിക്കളയുന്നതായി തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറും സെൻട്രൽ ഹജ് കമ്മിറ്റി ചെയർമാനുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ. ഈ വർഷത്തെ ഹജ് ബോധവൽക്കരണ കാമ്പയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവർണർ. ഹജ് ആരാധനയും പരിഷ്‌കൃത പെരുമാറ്റവും എന്ന ശീർഷകത്തിലാണ് മക്ക ഗവർണറേറ്റ് ബോധവൽക്കരണ കാമ്പയിൻ നടത്തുന്നത്. 
ഹജ് തീർഥാടകർക്ക് പ്രയാസരഹിതമായി കർമങ്ങൾ നിർവഹിക്കുന്നതിന് ആവശ്യമായ സേവനങ്ങൾ നൽകുന്നതിന് സൗദി ഭരണാധികാരികളും ഗവൺമെന്റും ജനതയും സർവ ശേഷികളും പ്രയോജനപ്പെടുത്തുന്നുണ്ട്. ഹജ് തീർഥാടകൻ ഇസ്‌ലാമിക സ്വഭാവങ്ങൾ പാലിക്കുകയും പരിഷ്‌കൃത മുസ്‌ലിമിന്റെ മാതൃകയാവുകയും വേണം. ഹജ് ബോധവൽക്കരണ കാമ്പയിൻ വലിയ വിജയമാണ്. അനധികൃത തീർഥാടകരുടെ എണ്ണം കുറക്കുന്നതിന് സാധിച്ചു എന്നതാണ് ഏറ്റവും വലിയ നേട്ടം. കഴിഞ്ഞ വർഷം മൊത്തം തീർഥാടകരിൽ അഞ്ചു ശതമാനം പേർ മാത്രമായിരുന്നു നിയമ ലംഘകർ. 2015 ൽ ഒമ്പത് ശതമാനം അനധികൃത ഹാജിമാർ ഉണ്ടായിരുന്ന സ്ഥാനത്താണിത്. ഈ നേട്ടം കൈവരിക്കുന്നതിന് സഹായിച്ച മുഴുവൻ വകുപ്പുകൾക്കും ഗവർണർ നന്ദി പറഞ്ഞു. 
നിയമങ്ങൾ നിശ്ചയദാർഢ്യത്തോടെ നടപ്പാക്കും. ഈ വർഷം പുണ്യസ്ഥലങ്ങളിൽ മുപ്പതു കോടി റിയാലിന്റെ വികസന പദ്ധതികൾ മക്ക വികസന അതോറിറ്റി നടപ്പാക്കിയിട്ടുണ്ട്. പുണ്യസ്ഥലങ്ങളിൽ ബൃഹദ് വികസന പദ്ധതി നടപ്പാക്കുന്നതിന് ഹജ്, ഉംറ മന്ത്രാലയത്തിനും മക്ക വികസന അതോറിറ്റിക്കും പദ്ധതിയുണ്ട്. ഇതേക്കുറിച്ച് സമയമാകുമ്പോൾ പരസ്യപ്പെടുത്തുമെന്നും ഗവർണർ പറഞ്ഞു. തുടർച്ചയായി പത്താം വർഷമാണ് മക്ക ഗവർണറേറ്റ് ഹജ് ബോധവൽക്കരണ കാമ്പയിൻ നടത്തുന്നത്. മക്കയിൽ ഗവർണറേറ്റ് ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങിൽ ഡെപ്യൂട്ടി ഗവർണർ അബ്ദുല്ല ബിൻ ബന്ദർ രാജകുമാരൻ, ഹജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് ബിൻതൻ, പൊതുസുരക്ഷാ വകുപ്പ് ആക്ടിംഗ് മേധാവി ജനറൽ സഈദ് അൽഖഹ്ത്താനി, സ്‌പെഷ്യൽ എമർജൻസി ഫോഴ്‌സ് മേധാവി ജനറൽ ഖാലിദ് അൽഹർബി തുടങ്ങിയവർ പങ്കെടുത്തു. ഹജുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് തീർഥാടകരെ ബോധവൽക്കരിക്കുന്നതിനാണ് കാമ്പയിനിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. 

 

Latest News