മുത്തൂറ്റ് എം.ഡിക്ക് കല്ലേറില്‍ പരിക്ക്: സി.ഐ.ടി.യു എന്ന് പരാതി


കൊച്ചി- ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ ലംഘിച്ച് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കുമായി മുന്നോട്ടു പോകുന്നതിനിടയില്‍ മുത്തൂറ്റ് ഫിനാന്‍സ് എം.ഡി ജോര്‍ജ് അലക്‌സാണ്ടര്‍ക്കു നേരെ കല്ലേറ്. തലക്ക് പരിക്കേറ്റ ഇദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ കൊച്ചിയിലെ ഓഫീസിലേക്ക് കാറില്‍ വരുമ്പോഴായിരുന്നു ആക്രമണം. കല്ലെറിഞ്ഞ ആളുടെ വീഡിയോ ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ സി.ഐ.ടി.യുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജോര്‍ജ് അലക്‌സാണ്ടറുടെ മകന്‍ ഈപ്പന്‍ അലക്‌സാണ്ടര്‍ രംഗത്തെത്തി.
എന്നാല്‍ സംഭവത്തില്‍ പങ്കില്ലെന്ന് സി.ഐ.ടി.യു വ്യക്തമാക്കി. തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണനും തൊഴിലാളികള്‍ക്ക് പങ്കില്ലെന്ന് പറഞ്ഞു. എന്നാല്‍ അക്രമം കൊണ്ട് ഒന്നിനും പരിഹാരമാവില്ലെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. നാളെ കൊച്ചിയില്‍ നിക്ഷേപക സംഗമം തുടങ്ങാനിരിക്കേയാണ് ആക്രമണം.
വലിയ കോണ്‍ക്രീറ്റ് കട്ടയെടുത്താണ് കാറിനു നേരെ എറിഞ്ഞതെന്ന് ഈപ്പന്‍ അലക്‌സാണ്ടര്‍ പറഞ്ഞു. ഇത്് ശക്തമായ രീതിയില്‍ അദ്ദേഹത്തിന്റെ തലയില്‍ പതിച്ചിരുന്നുവെങ്കില്‍ തനിക്ക് പിതാവില്ലാതാകുമായിരുന്നു. ഇത്തരം ഗുണ്ടായിസമാണ് തങ്ങളുടെ ഹെഡ് ഓഫീസും ബ്രാഞ്ചുകളും അനുഭവിക്കുന്നത്. ഹെഡ് ഓഫീസിലുള്ള ഒരാള്‍ പോലും സമരത്തില്‍ പങ്കെടുക്കുന്നില്ല. സി.ഐ.ടി.യുക്കാര്‍ ഗുണ്ടകളെ വിട്ട് ഭീഷണിപ്പെടുത്തുകയും തല്ലുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓഫീസിലെത്തുന്നതിനു മുമ്പ് യു ടേണ്‍ എടുക്കുന്നതിനിടയില്‍ ഒരു കൂട്ടം ആളുകള്‍ വണ്ടിയിലേക്ക് വലിയ കല്ലെടുത്ത് എറിയുകയായിരുന്നുവെന്ന് കാറിന്റെ ഡ്രൈവര്‍ പറഞ്ഞു. കല്ല്  എം.ഡിയുടെ തലക്കു കൊണ്ടുവെന്നും അദ്ദേഹം പറഞ്ഞു. രണ്ടു വലിയ കല്ലുകളാണ് എറിഞ്ഞത്. എം.ഡി മുന്നിലാണ്  ഇരുന്നത്. അദ്ദേഹത്തിന്റെ തലയില്‍ കൊണ്ടതിനു ശേഷം തന്റെ തോളിലും കല്ലു പതിച്ചുവെന്നും ഡ്രൈവര്‍ പറഞ്ഞു.
മറ്റൊരു കല്ല് എം.ഡിയുടെ മകന്‍ ഈപ്പന്‍ അലക്‌സാണ്ടറുടെ ശരീരത്തിലും കൊണ്ടെന്നും ഡ്രൈവര്‍ പറഞ്ഞു. കല്ലെറിഞ്ഞത് രണ്ടു പേരാണ്. പക്ഷേ 50 ഓളം പേര്‍ നിരന്നു നില്‍പുണ്ടായിരുന്നുവെന്നും ഡ്രൈവര്‍ പറഞ്ഞു. കല്ലെറിഞ്ഞതിനു പിന്നില്‍ ജീവനക്കാരല്ലെന്നും സമരം വഴി തിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും സമരം ചെയ്യുന്ന ജീവനക്കാര്‍ പറയുന്നു. ഏതാനും ദിവസങ്ങളായി ഇവിടെ സമരം നടന്നു വരികയാണ്. അപ്പോഴൊന്നും ഇത്തരത്തില്‍ വിഷയം ഉണ്ടായിട്ടില്ല. തിരികെ ജോലിയില്‍ കയറണമെന്നാഗ്രഹിക്കുന്ന തൊഴിലാളികള്‍ ഒരിക്കലും ഇത്തരത്തിലുള്ള നടപടി ചെയ്യില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

 

 

 

Latest News