Sorry, you need to enable JavaScript to visit this website.

സന്ദർശകാ വരൂ, കുടക് വിളിക്കുന്നു 

കേരളത്തിലെ വടക്കൻ ജില്ലകളോട് തൊട്ടു കിടക്കുന്ന പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് കുടക്. വടക്കേ മലബാറിലെ പുരാതന നഗരമായ തലശ്ശേരിയിൽനിന്ന് തുടങ്ങുന്ന ഒരു റോഡിന് സായിപ്പ് നൽകിയ പേര് ടെലിച്ചെറി-കൂർഗ് റോഡ് എന്നാണ്. ടി.സി റോഡ് എന്ന ചുരുക്കപ്പേരിലാണ് ഈ അന്തർ സംസ്ഥാന വീഥി അറിയപ്പെടുന്നത്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം തുറന്നതോടെ കുടകിന്റെ സാധ്യതകളാണ് കുത്തനെ ഉയർന്നത്. വയനാട്, കാസർകോട്, കണ്ണൂർ ജില്ലകളിൽ നിന്നെല്ലാം പെട്ടെന്ന് എത്തിച്ചേരാവുന്ന ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ് കുടക്. 


അധികം പണച്ചെലവില്ലാതെ സുന്ദരമായ കാഴ്ചകൾ കണ്ടുമടങ്ങാൻ പറ്റിയൊരു സ്ഥലമാണ് കൂർഗ് അഥവാ കുടക്. …കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് തിളക്കം മൂന്നാറെങ്കിൽ ഇപ്പോൾ കർണാടകയുടെ തിളക്കം കൂർഗിനാണ്. വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ കൂർഗ് മൂന്നാറിനെ കടത്തിവെട്ടി. ഇതിന് കാരണമുണ്ട്. അതെക്കുറിച്ചറിയണമെങ്കിൽ കുടക് സന്ദർശിക്കുക തന്നെ വേണം.
അടുത്തിടെ നടത്തിയ സർവേയിൽ കുടകിന്  ഇന്ത്യയിലെ പ്രധാന ഹിൽ സ്‌റ്റേഷൻ എന്ന പദവി നൽകിയിരുന്നു. സാഹസിക വിനോദങ്ങൾ, സഞ്ചരിക്കാനും പ്രകൃതിഭംഗി ആസ്വദിക്കാനുമായി നിരവധി സ്ഥലങ്ങൾ ഇതൊക്കെയാണ് കൂർഗിനെ സഞ്ചാരികളുടെ ഇടയിൽ പ്രിയങ്കരമാക്കുന്നത്. മൂന്നാറിനേക്കാൾ വിശാലമാണ് കുടക്.  അവിടെ എത്തിയാൽ അതിന്റെ സാംസ്‌കാരിക തനിമയിൽ നമ്മൾ അഭിരമിച്ച് പോകും. അതിന്റെ പ്രകൃതി ഭംഗിയിൽ നമ്മൾ മതിമറക്കും. ഇതാണ് സഞ്ചാരികളെ മൂന്നാറിനെക്കാൾ കുടക്  സന്തോഷിപ്പിക്കുന്നത്. അവിടുത്ത പ്രകൃതി ഭംഗി ഏത് കാലാവസ്ഥയിലും ആസ്വദിക്കേണ്ടത് തന്നെ. ഏത് തരത്തിലുള്ള സഞ്ചാരികൾക്കും കൂർഗ്  ഇഷ്ടപ്പെടും. സാഹസിക പ്രേമികൾക്കും പ്രകൃതിസ്‌നേഹികൾക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന സ്ഥലമാണ് കൂർഗ്. 
കണ്ണൂരിനോടും വയനാടിനോടും ചേർന്ന് കിടക്കുന്ന കർണാടകയിലെ ഒരു ജില്ലയാണ് കുടക്. വടക്കൻ കേരളത്തിലുള്ളവർക്ക് കുടക് സുപരിചിതമാണെങ്കിലും തെക്കൻ കേരളത്തിൽ അത്ര അറിയപ്പെടുന്ന ഒന്നല്ല ഈ സ്ഥലം. സഹ്യമലനിരകൾക്കു മുകളിൽ സ്ഥിതിചെയ്യുന്ന മറ്റൊരു ഹരിതഭംഗിയാണ് കുടക്.  കുടകിലെ പ്രധാന ജനവിഭാഗം കൊടവ ആണ്. കൊടവ പുരുഷന്മാരും സ്ത്രീകളും ആകാരഭംഗി ഉള്ളവരായി കണക്കാക്കപ്പെടുന്നു. മറാത്ത സ്ത്രീകൾ കഴിഞ്ഞാൽ പിന്നെ തന്റെ ചിത്രങ്ങൾക്ക് മോഡലുകളായി രാജാ രവിവർമ്മ തെരഞ്ഞെടുത്തിരുന്നത് കൊടവ സ്ത്രീകളെ ആണെന്ന് പറയപ്പെടുന്നു.


മടിക്കേരി കുടകിലെ ഒരു പ്രധാനപട്ടണമാണ്. ഇവിടെ വിനോദസഞ്ചാരികൾ എത്താറുള്ള ഒരു സ്ഥലമാണ് രാജാസ് സീറ്റ് (രാജാവിന്റെ ഇരിപ്പിടം). രാജാസ് സീറ്റിൽ നിന്നും താഴ്‌വാരത്തിലേക്ക് നോക്കിനിൽക്കുക സമതലവാസികൾക്ക് അപൂർവമായ ഒരു അനുഭവം തന്നെയാണ്. മലനിരകളിലൂടെ കോടമഞ്ഞ് ഒഴുകിപ്പോകുന്നത് കാണാം.  രാജഭരണകാലത്ത് രാജാവും കുടുംബാംഗങ്ങളും പ്രകൃതി ആസ്വദിക്കാനായി ഇവിടെ എത്താറുണ്ടായിരുന്നത്രേ. കുടക്  ഒരുകാലത്തും പൂർണ്ണ അർത്ഥത്തിൽ സ്വതന്ത്രമായ ഒരു രാജ്യമായി നിലനിന്നിട്ടില്ല എന്ന് വേണം കരുതാൻ. 1834ൽ കുടക്  പൂർണ്ണമായും ബ്രിട്ടീഷുകാരുടെ അധീനതയിൽ വന്നു.


മടിക്കേരി പട്ടണത്തിൽ തന്നെയാണ് ഓംകാരേശ്വര ക്ഷേത്രം. ഈ ശിവക്ഷേത്രം 1820 ൽ ലിംഗരാജേന്ദ്ര രണ്ടാമൻ പണികഴിപ്പിച്ചതാണ് എന്ന് കരുതപ്പെടുന്നു. ഈ ക്ഷേത്രത്തിന്റെ വാസ്തുകലയിൽ പ്രത്യേകം ശ്രദ്ധിക്കപ്പെടുക അതിന്റെ ഇസ്‌ലാമിക സ്പർശം ആണ്. വശങ്ങളിൽ മിനാരങ്ങളോട് കൂടി നിർമ്മിക്കപ്പെട്ട ക്ഷേത്രം ഇസ്‌ലാമിക വാസ്തുകലയുടെ പ്രകടമായ സങ്കേതങ്ങൾ ഉൾക്കൊള്ളുന്നു. ചരിത്രാതീത കാലം മുതൽ വടക്കൻ കേരളത്തിന്റെ തീരപ്രദേശങ്ങളിൽ നിന്നും സുഗന്ധവ്യഞ്ജന, മലഞ്ചരക്ക് വ്യാപാരത്തിനായി മുസ്‌ലിം കച്ചവടക്കാർ കുടകിൽ  എത്തിയിരുന്നു. പിൽക്കാലത്ത് ഹൈദർഅലിയുടെയും ടിപ്പുസുൽത്താന്റെയും അധിനിവേശ സമയത്ത് കൊടവ വംശജർ തന്നെ ഇസ്‌ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടിട്ടുമുണ്ട്. ഇസ്‌ലാം  കുടകിലെ പ്രബലമായ ഒരു മതവിഭാഗം ആണ്.
മടിക്കേരി പട്ടണത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു വെള്ളച്ചാട്ടം ആണ് അബി ഫാൾസ്. മടിക്കേരിയിൽ നിന്നും മൈസൂറിലേക്കുള്ള വഴിയിൽ ഏതാണ്ട് ഇരുപത്തിയഞ്ച് കിലോമീറ്റർ സഞ്ചരിച്ചാൽ എത്തിച്ചേരുന്ന കാവേരിയുടെ തീരത്തുള്ള ഒരു ആനവളർത്തൽ കേന്ദ്രം ആണ് ദുബാരെ. കൂടകിനെ  മൂന്നാറിൽ നിന്ന് വ്യത്യസ്തമാക്കുന്ന മറ്റൊരു കാര്യം ബുദ്ധവിഹാരമാണ്. ഹോം സ്‌റ്റേയാണ് കൂർഗിൽ എത്തുന്നവർക്ക് പ്രിയങ്കരമായ മറ്റൊരു കാര്യം. അതിഥിയെ ദേവനായി കണക്കാക്കുന്ന സംസ്‌കാരത്തിന്റെ ഒരു യഥാർത്ഥ ചിത്രം ഇവിടെ കാണാം. അതിഥികളെ ഇവിടുത്തുകാർ സൽക്കരിക്കുന്നു. കുടകും  അവിടുത്തെ മനുഷ്യരും എത്ര കണ്ടാലും മതിവരാത്ത കാഴ്ചയാണ്. തലശ്ശേരി, കണ്ണൂർ നഗരങ്ങളിൽനിന്ന് മൂന്ന്-നാല് മണിക്കൂർ കൊണ്ട് എത്തിച്ചേരാവുന്ന ദൂരത്താണ് കുടകിലെ മടിക്കേരി ടൗൺ. കേരളത്തിൽനിന്ന് വരുന്നവർ ആദ്യമെത്തുക ചെറിയ പട്ടണമായ വീരാജ്‌പേട്ടയിൽ. മൈസൂർ, ഊട്ടി, വയനാട് എന്നീ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകൾ അധികം അകലെയല്ല. ഈ പോയിന്റുകളെ ബന്ധപ്പെടുത്തി സഞ്ചരിക്കുന്നവരും ധാരാളമാണ്.

Latest News