കോടതിക്ക് മുകളിലാണെന്ന് കരുതരുത്- പ്രധാനമന്ത്രി മോഡിയുടെ സുഹൃത്ത് ജഗ്ഗി വാസുദേവിനോട് കർണാടക ഹൈക്കോടതി

ബംഗളൂരു- വിവാദ ആൾദൈവം ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷന് രൂക്ഷ വിമർശനവുമായി കർണാടക ഹൈക്കോടതി. ആത്മീയ സംഘടനയാണെന്ന് കരുതി നിയമത്തിന് മീതെയാണ് സ്ഥാനമെന്ന് കരുതരുതെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകി. കാവേരി കാളിംഗ് പ്രൊജക്ടുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളിൽനിന്ന് സ്വീകരിച്ച തുകയുടെ വിശദാംശങ്ങളും ഇതിന് അവലംബിച്ച മാർഗങ്ങളും വിശദീകരിക്കാനും ചീഫ് ജസ്റ്റിസ് അഭയ് ഓഖ, ഹേമന്ദ് ചന്ദൻ ഗൗണ്ടർ എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു. കാവേരി പ്രൊജക്ടിന് വേണ്ടി പണം പിരിക്കാൻ ഇഷ ഫൗണ്ടേഷന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി അഡ്വ. എ.വി അമർനാഥൻ നൽകിയ ഹരജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം പറഞ്ഞത്. പൊതുജനങ്ങൾക്കിടയിൽ അവബോധമുണ്ടാക്കാൻ സംഘടനകൾക്ക് അവകാശമുണ്ടെന്നും എന്നാൽ നിർബന്ധ പണപ്പിരിവ് അനുവദിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഫൗണ്ടേഷൻ നിർബന്ധിത പണപ്പിരിവ് നടത്തി എന്ന ആരോപണം സംബന്ധിച്ച് അന്വേഷണം നടത്താൻ സംസ്ഥാന സർക്കാറിന് ഹൈക്കോടതി നിർദ്ദേശിച്ചു. സംസ്ഥാനത്തിന്റെ പേരിൽ പണപ്പിരിവ് നടക്കുന്നുണ്ടെന്ന് ഒരാൾ പരാതി നൽകിയാൽ അത് അന്വേഷിക്കാനുള്ള ബാധ്യത സർക്കാറിനുണ്ടെന്നും കോടതി പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ പരാതി ലഭിച്ചിട്ടില്ലെന്നായിരുന്നു സർക്കാർ നിലപാട്. കാവേരിയുടെ 639 കിലോമീറ്റർ ദൂരത്ത് 253 കോടി മരങ്ങൾ വെച്ചുപിടിപ്പിക്കാനായിരുന്നു ഫൗണ്ടഷേൻ പദ്ധതി. ഒരു മരത്തിന് 42 രൂപ തോതിൽ പിരിച്ചെടുക്കാനും തീരുമാനിച്ചു. മൊത്തം 10,626 കോടി രൂപ ഇത്തരത്തിൽ പിരിക്കാനായിരുന്നു പദ്ധതി. ഇത് വൻ അഴിമതിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകൻ കോടതിയെ സമീപിച്ചത്. കേസ് അടുത്തമാസം 12ന് വീണ്ടും പരിഗണിക്കും. ദേശീയ പൗരത്വ നിയമം ജഗ്ഗി വാസുദേവ്  പിന്തുണച്ചുവെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോഡി കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. 

Latest News