Sorry, you need to enable JavaScript to visit this website.

ജെ.എൻ.യുവിലെ ഭീകരാക്രമണം; രാജ്യവ്യാപക പ്രതിഷേധം ഇങ്ങിനെ

അക്രമികളുടെ കൈയിൽ പോലീസിന്റെ ലാത്തിയും, എ.ബി.വി.പി പങ്ക് വ്യക്തമായി, സുപ്രീം കോടതിയിൽ ഹരജി
 
ന്യൂദൽഹി- ജവാഹർലാൽ നെഹ്‌റു സർവകലാശാലയിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും എതിരേ നടന്ന ആക്രമണത്തിനെതിരേ രാജ്യ വ്യാപക പ്രതിഷേധം. കാമ്പസിൽ നടന്ന അക്രമത്തിൽ ദൽഹി പോലീസിനെതിരേ കോടതിയലക്ഷ്യ ഹരജിയുമായി തെഹ്‌സീൻ പൂനാവാലെ സുപ്രീംകോടതിയെ സമീപിച്ചു. ആൾക്കൂട്ട ആക്രമണം സംബന്ധിച്ചു 2018ലെ സുപ്രീംകോടതി ഉത്തരവ് ലംഘിച്ചു എന്നാരോപിച്ചാണു ഹരജി. വിദ്യാർഥികളെ അക്രമികളിൽനിന്നു സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടി ദൽഹി പോലീസിനെ കുറ്റപ്പെടുത്തി ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യയും രംഗത്തെത്തി. ദൽഹി പോലീസ് ഉപയോഗിക്കുന്ന ഫൈബർ ലാത്തി അക്രമികളുടെ കൈവശം കണ്ടത് അക്രമത്തിന് പിന്നിലുള്ള ആസൂത്രിത ഗൂഢാലോചനയിലേക്കാണ് വിരൽ ചൂണ്ടുന്നത്. 
കാമ്പസിനുള്ളിൽ അക്രമത്തിന് നേതൃത്വം നൽകിയത് എ.ബി.വി.പി തന്നെയാണെന്നതിന് കൂടുതൽ തെളിവുകൾ പുറത്തുവന്നു. മുഖംമൂടി ധരിച്ച അക്രമി സംഘം ഇരുമ്പുവടികളും കൂടവും കുപ്പികളുമായി മൂന്നു മണിക്കൂറോളം നടത്തിയ അക്രമത്തിൽ 35 പേർക്കാണു ഗുരുതര പരിക്കേറ്റത്. അക്രമം നടന്ന സബർമതി ടീ പോയന്റിൽനിന്ന് വിദ്യാർഥികൾ ഇന്നലെ പ്രതിഷേധ മാർച്ച് നടത്തി. കഴിഞ്ഞ 70 ദിവസമായി അനിയന്ത്രിത ഫീസ് വർധനകൾക്കെതിരേ ജെ.എൻ.യുവിൽ വിദ്യാർഥികൾ സമരം നടത്തി വരികയായിരുന്നു. ജെ.എൻ.യു വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുഖംമൂടി ധരിച്ചും പന്തം കൊളുത്തിയും എൻ.എസ്.യു.ഐ പ്രവർത്തകർ ഇന്ത്യാ ഗേറ്റിലേക്ക് മാർച്ച് നടത്തി.


അക്രമികളെക്കുറിച്ച് വ്യക്തമായ സൂചനകൾ പുറത്തു വന്നിട്ടും എല്ലാ പരാതികളും കൂട്ടിച്ചേർത്ത് ഒരു കേസ് രജിസ്റ്റർ ചെയ്തതല്ലാതെ ദൽഹി പോലീസ് ഇതുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ദൽഹി പോലീസിന്റെ ക്രൈം ബ്രാഞ്ച് സംഘമാണ് കേസിൽ അന്വേഷണം നടത്തുന്നത്. ജെ.എൻ.യു വിദ്യാർഥികൾക്കും അധ്യാപകർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചു വിവിധ സംസ്ഥാനങ്ങളിലെ സർവകലാശാലകളിലും കലാലയങ്ങളിലും ഇന്നലെ പ്രതിഷേധം നടന്നു. 
അക്രമത്തിന് പിന്നാലെ പുറത്തു വന്ന ദൃശ്യങ്ങളിൽ അക്രമികൾക്കൊപ്പം വടിയുമായി നിൽക്കുന്നത് ജെ.എൻ.യു പൂർവ വിദ്യാർഥിയും എ.ബി.വി.പി നേതാവുമായ വികാസ് പട്ടേൽ ആണെന്നു വ്യക്തമായിട്ടുണ്ട്. ഇയാൾ ജെ.എൻ.യു എ.ബി.വി.പി വൈസ് പ്രസിഡന്റും നിലവിൽ എക്‌സിക്യുട്ടീവ് അംഗവുമാണ്. ദൽഹി പോലീസ് ഉപയോഗിക്കുന്ന ഫൈബർ ഗ്ലാസ് ബാറ്റൺ ആയിരുന്നു ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. ഇയാൾക്കു പുറമേ വിദ്യാർഥിയായ ശിവ് പൂജൻ മണ്ഡൽ ഉൾപ്പടെ നിരവധി എ.ബി.വി.പി പ്രവർത്തകരുടെ സാന്നിധ്യം അക്രമികൾക്കൊപ്പം വ്യക്തമായിട്ടുണ്ട്. വിദ്യാർഥികളെയും അധ്യാപകരെയും മർദിച്ചതിന് പുറമേ അക്രമികൾ അധ്യാപകരുടെ വീടുകളിലേക്ക് കയറിച്ചെന്നും ഭീഷണി മുഴക്കി.
അക്രമത്തെ അപലപിക്കാതെ അക്രമികൾക്കൊപ്പം നിൽക്കുന്ന വൈസ് ചാൻസലർ രാജിവെക്കും വരെ സമരം ചെയ്യുമെന്ന് വിദ്യാർഥികൾ പറഞ്ഞു. വൈസ് ചാൻസലറെ നീക്കം ചെയ്യണമെന്ന് സർവകലാശാല അധ്യാപക അസോസിയേഷനും ആവശ്യപ്പെട്ടിട്ടുണ്ട്. വൈസ് ചാൻസലർ ജഗദേഷ് കുമാറിനെ പുറത്താക്കണമെന്ന് സി.പി.എമ്മും ആവശ്യപ്പെട്ടു. ഇന്ത്യയിലെ വിദ്യാർഥികളുടെ ശബ്ദം അടിച്ചമർത്താനുള്ള നീക്കമാണ് നടക്കുന്നത്. മോഡി സർക്കാരിന്റെ പിന്തുണയോടെ വിദ്യാർഥികൾക്കു നേർക്ക് നടക്കുന്ന ആക്രമണങ്ങൾ അംഗീകരിക്കാനാകില്ലെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജയും അക്രമത്തെ അപലപിച്ചു.


വിദ്യാർഥിനികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ദൽഹി വനിത കമ്മീഷൻ പോലീസിനോട് വിശദീകരണം തേടി. മുഖംമൂടി ധരിച്ച അക്രമികൾ കാമ്പസിൽ അഴിഞ്ഞാടുമ്പോൾ പോലീസ് നോക്കി നിൽക്കുകയായിരുന്നു എന്നാണ് വിദ്യാർഥികൾ പറഞ്ഞത്. ആക്രമണം നടക്കുന്ന സമയത്ത് കാമ്പസിലെയും പരിസരത്തെയും വഴി വിളക്കുകൾ അണച്ചിരുന്നതും ദുരൂഹമാണ്. 
ജെ.എൻ.യു ആക്രമണത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ദൽഹി പോലീസ് കമ്മീഷണർ അമൂല്യ പട്‌നായിക്കിനോട് വിശദീകരണം തേടി. ദൽഹി പോലീസിന്റെ ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്. ദൽഹി ലെഫ്. ഗവർണർ അനിൽ ബൈജാലുമായും അമിത്ഷാ ഇന്നലെ വിഷയം ചർച്ച ചെയ്തിരുന്നു. ജെ.എൻ.യു പ്രതിനിധികളുമായി ചർച്ച നടത്തണമെന്നും അമിത് ഷാ ലെഫ്. ഗവർണർക്കു നിർദേശം നൽകി. മാനവ വിഭവശേഷി മന്ത്രാലയം സെക്രട്ടറി, ജെഎൻയു രജിസ്ട്രാർ, പ്രോക്ടർ, റെക്ടർ എന്നിവരെ വിളിച്ചു വിശദീകരണം തേടി. എന്നാൽ, ഈ യോഗത്തിൽനിന്ന് ജെഎൻയു വൈസ് ചാൻസലർ എം. ജഗദേഷ് കുമാർ വിട്ടുനിന്നു. വിദ്യാർഥികൾക്കു നേരെയുണ്ടായ ആക്രമണത്തിൽ വൈസ് ചാൻസലർ കാര്യമായി ഇടപെട്ടില്ലെന്ന് ആരോപണമുണ്ട്. 
വിദ്യാർഥികൾ സമാധാനം പാലിക്കണമെന്നു മാത്രമായിരുന്നു വി.സിയുടെ ആഹ്വാനം. അക്കാദമിക താത്പര്യങ്ങൾ സംരക്ഷിക്കുക എന്നതാണ് സർവകലാശാലയുടെ ഉത്തരവാദിത്തമെന്നു ജഗദേഷ് കുമാർ പ്രതികരിച്ചു. രാജ്യത്തെ സർവകലാശാലകൾ രാഷ്ട്രീയ കേന്ദ്രങ്ങളായി മാറാൻ അനുവദിക്കില്ലെന്നായിരുന്നു കേന്ദ്ര മാനവശേഷി മന്ത്രി രമേഷ് പൊഖ്‌റിയാലിന്റെ പ്രതികരണം.     

Latest News