കൊണ്ടോട്ടി- കൊണ്ടോട്ടി എക്കാപറമ്പ് ഒഴുകൂർ മലയത്തോട്ടത്തിൽ വീട്ടിൽ നടത്തിയ പരിശോധനയിൽ മയക്കുമരുന്നായ എം.ഡി.എം.എയും ബ്രൗൺ ഷുഗറും കഞ്ചാവും അടങ്ങിയ വൻ ശേഖരം പിടികൂടി. ഉടമസ്ഥനും മയക്കുമരുന്ന് മാഫിയാ തലവനുമായ യുവാവിനെ കസ്റ്റഡിയിലെടുത്തു. കൊണ്ടോട്ടി ഒഴുകൂർ മലയത്തോട്ടത്തിൽ കച്ചേരിക്കൽ വീട്ടിൽ ഷഫീഖ് (27) നെയാണ് മഞ്ചേരി റെയ്ഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ഇ.ജിനീഷും സംഘവും അറസ്റ്റ് ചെയ്തത്.
പുതുവർഷത്തിൽ ഷഫീഖിന്റെ നേതൃത്വത്തിൽ കൊണ്ടോട്ടിയിൽനിന്ന് കോഴിക്കോട് ജില്ലയിലേക്ക് ഉൾപ്പെടെ വ്യാപകമായി വിവിധ മയക്കുമരുന്നുകൾ വിൽപന നടത്തിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. തുടർന്നുളള നിരീക്ഷണത്തിലാണ് ഇയാൾ വീട്ടിൽ വെച്ച് വിൽപനക്കായി എത്തിച്ച മയക്കുമരുന്നിന്റെ ചെറു പൊതികളിലാക്കുന്നതിനിടെ പിടിയിലാകുന്നത്. ബ്രൗൺഷുഗറും, എം.ഡി.എം.എയും കഞ്ചാവുമാണ് ഇന്നലെ ഇയാളിൽ നിന്ന് കണ്ടെടുത്തത്. പുതുവർഷം പ്രമാണിച്ച് മേഖലയിൽ പാർട്ടി ഡ്രഗ് എന്നറിയപ്പെടുന്ന എം.ഡി.എം.എ വ്യാപകമായി വിറ്റഴിച്ചതായി ഇയാൾ മൊഴി നൽകി.
ബംഗളൂരു കലാസിപ്പാളയത്ത്‌നിന്നാണ് ഇയാൾ വിവിധ മയക്കുമരുന്നുകൾ ശേഖരിക്കുന്നത്. തുടർന്ന് കൊണ്ടോട്ടിയിലെ നിരവധി ചെറുകിട ഏജന്റുമാർ മുഖേന ചെറു പൊതികളിലാക്കി വിൽപന നടത്തും. ബൈക്കിൽ കറങ്ങി വിൽപന നടത്തുന്ന നിരവധി ഡെലിവറി ബോയ്‌സ് ഇയാൾക്ക് സഹായികളായി ഉള്ളതായി അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുണ്ട്. ഇയാളുടെ സംഘാംഗങ്ങളെ ഉടൻ പിടികൂടുമെന്ന് എക്‌സൈസ് ഇൻസ്‌പെക്ടർ പറഞ്ഞു. കൊണ്ടോട്ടി ടൗണിലും പരിസരത്തുമായി ഇറങ്ങി നടന്ന് ഇവർ ആവശ്യക്കാർക്ക് 1000 രൂപ നിരക്കിൽ ബ്രൗൺഷുഗറിന്റെ ചെറു പൊതികൾ വിൽപന നടത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. കഞ്ചാവ് ആവശ്യക്കാർക്ക് എത്തിച്ച് നൽകാൻ പ്രത്യേക ഏജന്റുമാരുണ്ട്. പിടിയിലായ യുവാവിന് വിതരണത്തിന് നിരവധി ഡെലിവറി ബോയ്‌സും ധാരാളം ഏജന്റുമാരുമുണ്ടെന്ന് എക്‌സൈസ് ഇന്റലിജൻസ്. ഇന്നലെ എക്കാപ്പറമ്പിലെ വീട്ടിൽ നിന്ന് മയക്കുമരുന്നുകളുമായി അറസ്റ്റിലായ ഷഫീഖിനെ ചോദ്യം ചെയ്തപ്പോഴാണ് പിടിക്കപ്പെട്ടാലുളള ശിക്ഷാ നടപടികൾ അറിയാതെ നിരവധി യുവാക്കളും കുട്ടികളും കരിയർമാരാകുന്നതായി കണ്ടെത്തിയത്.
നിലവിലുള്ള എൻ.ഡി.പി.എസ് നിയമ പ്രകാരം അര ഗ്രാമിൽ കൂടുതൽ എം.ഡി.എം.എ കൈവശം വെക്കുന്നത് പിടിക്കപ്പെട്ടാൽ പത്ത് വർഷം വരെ തടവ് ലഭിക്കും. 10 ഗ്രാമിന് മുകളിൽ കൈവശം വെക്കുന്നത് 20 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റവുമാണ്. എന്നാൽ ഇതറിയാതെയാണ് പല യുവാക്കളും ഈ ലഹരി വസ്തുവിന്റെ നിയമപരവും ആരോഗ്യകരവുമായ ഭവിഷ്യത്തുകളും അവഗണിച്ച് ഉപയോഗിക്കുന്നത്. ഗ്രാമിന് 4000 രൂപ വരെയാണ് ഒറ്റ ഉപയോഗത്തിന് വേണ്ടി ഇത്തരം വിൽപനക്കാരിൽ നിന്നും പലരും വാങ്ങി ഉപയോഗിക്കുന്നത്. ബംഗളൂരുവിലും ഗോവയിലും മറ്റും താമസിക്കുന്ന ആഫ്രിക്കൻ സ്വദേശികളാണ് ഇത്തരം മാരകമായ മരുന്നുകൾ സ്വന്തമായി നിർമിച്ച് മലയാളികളായ വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഏജന്റുമാരിലൂടെ കേരളത്തിൽ വിറ്റഴിക്കുന്നത്.
അഞ്ച് ഗ്രാമിൽ കൂടുതൽ ബ്രൗൺഷുഗർ കൈവശം വെക്കുന്നത് 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് എന്നിരിക്കെയാണ് 50 ഗ്രാമിലധികം ബ്രൗൺ ഷുഗറുമായി ഷഫീഖ് എക്‌സൈസിന്റെ വലയിലായത്. ബ്രൗൺഷുഗർ വിറ്റഴിക്കുന്നതിന് പ്രത്യേകം ഏജന്റുമാർ വേറെമുയുണ്ട്. കൊണ്ടോട്ടി ടൗണിലും പരിസരത്തുമായി ആവശ്യക്കാർക്ക് 1000 രൂപ നിരക്കിൽ ബ്രൗൺഷുഗർ എത്തിച്ചു നൽകുന്ന സംഘവുമുണ്ട്. ടൗണിൽ ഇവർ പറയുന്നയിടങ്ങളിൽ ആവശ്യക്കാരിൽ നിന്ന് മുൻകൂറായി പണം വാങ്ങി നിർത്തിയ ശേഷം പരിസരം നിരീക്ഷിച്ച് ബോധ്യപ്പെട്ട ശേഷം മാത്രം മറ്റൊരാൾ മറ്റൊരു വാഹനത്തിൽ വന്ന് പെട്ടെന്ന് സാധനം 'ഡെലിവറി' ചെയ്തു പോകുന്ന രീതിയാണ് ഇവർ അവലംബിക്കുന്നത്. പുതുവർഷപ്പിറവിയിൽ കഞ്ചാവിനെക്കാൾ പ്രിയം എം.ഡി.എം.എക്കും ബ്രൗൺഷുഗറിനുമായിരുന്നു.
കഴിഞ്ഞ ദിവസം അരീക്കോട് മൈത്ര പാലത്തിൽ നിന്ന് എം.ഡി.എം.എയുമായി കാവനൂർ സ്വദേശി ആദിൽ റഹ്മാനെ പിടികൂടിയിരുന്നു. തുടർന്ന് എക്‌സൈസ് ഇന്റലിജൻസ് വിഭാഗം നടത്തിയ അന്വേഷണമാണ് കൊണ്ടോട്ടി കേന്ദ്രീകരിച്ചുള്ള വൻ മയക്കുമരുന്ന് വേട്ടയിലെത്തുന്നത്. മയക്കുമരുന്ന് കേസിലെ മറ്റു പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് എക്‌സൈസ് ഇൻസ്‌പെക്ടർ ഇ.ജിനീഷ് പറഞ്ഞു.