Sorry, you need to enable JavaScript to visit this website.

ഇറാഖിലെ അമേരിക്കൻ എംബസിക്ക് നേരെ മിസൈലാക്രമണം

ദുബായ്- ഇറാഖിലെ അമേരിക്കൻ എംബസിക്ക് നേരെ ഇറാൻ മിസൈലാക്രമണം നടത്തിയതായി സൂചന. നയതന്ത്രജ്ഞരും സൈനികരും തങ്ങുന്ന എംബസി ലക്ഷ്യമിട്ടാണ് മിസൈലാക്രമണം നടത്തിയത്. നേരത്തെ ആറു തവണ മിസൈലാക്രമണം നടത്തിയെന്ന് റിപ്പോർട്ടുകളുണ്ടായെങ്കിലും മൂന്നു തവണയാണ് അക്രമണമുണ്ടായതെന്ന് ഇറാഖിലെ സൈനിക നേതൃത്വത്തെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ഇറാഖിൽനിന്ന് അമേരിക്കയുടേതടക്കം മുഴുവൻ വിദേശ സൈനികരോടും തിരിച്ചുപോകാൻ ആവശ്യപ്പെടണമെന്ന് നേരത്തെ ഇറാഖ് പാർലമെന്റ് പ്രമേയത്തിലൂടെ ഇറാഖ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. അതിനിടെ, സമാധാനത്തിനായി ആഹ്വാനം ചെയ്ത് വിവിധ രാജ്യങ്ങൾ രംഗത്തുവന്നു. ഗൾഫിലുടനീളം ഓഹരി വിപണി തകർച്ച നേരിടുകയും ഇന്ധനവില ഉയരുകയും ചെയ്തത് പ്രതിസന്ധി സാമ്പത്തിക രംഗത്തുണ്ടാക്കാവുന്ന തിരിച്ചടികളുടെ സൂചനയായി.
യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണികൾക്കു ശക്തമായ മറുപടിയാണ് ഇറാൻ നൽകുന്നത്. ഇറാനുമായുള്ള ഏറ്റുമുട്ടലിന് യു.എസിന് ധൈര്യമില്ലെന്ന് ഇറാൻ സൈനിക തലവൻ മേജർ ജനറൽ അബ്ദുൽ റഹീം മൂസവി വ്യക്തമാക്കി.'കോട്ട് ധരിച്ച ഭീകരനാണ്'യു.എസ് പ്രസിഡന്റ് ട്രംപെന്ന് ഇറാൻ ഇൻഫർമേഷൻ, ടെലികമ്യൂണിക്കേഷൻസ് മന്ത്രി മുഹമ്മദ് ജവാദ് അസാരി ജറോമി പ്രതികരിച്ചു.
യു.എസ് സ്ഥാപനങ്ങളെയോ പൗരന്മാരെയോ ഇറാൻ ആക്രമിച്ചാൽ പുതിയ ആയുധങ്ങൾ ഇറാനിലേക്ക് അയക്കുമെന്ന കാര്യത്തിൽ സംശയമൊന്നും വേണ്ടെന്നായിരുന്നു ട്രംപിന്റെ അവസാന പ്രതികരണം. യു.എസ് പൗരന്മാർക്കെതിരെ ഭീഷണിയുണ്ട്. അതുകൊണ്ടുതന്നെ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് യു.എസ് എംബസി അറിയിച്ചു. ഇന്ത്യയിലെ യു.എസ് ഉദ്യോഗസ്ഥർക്കും ജാഗ്രതാ നിർദേശമുണ്ട്.
രണ്ട് ലക്ഷം കോടി ഡോളറാണ് സൈനിക ആവശ്യത്തിനായി യു.എസ് ചെലവഴിക്കുന്നത്. ഇക്കാര്യത്തിൽ ലോകത്തിൽ ഏറ്റവും മികച്ചതു ഞങ്ങളാണ്. യു.എസ് സ്ഥാപനങ്ങളോ, പൗരന്മാരെയോ ഇറാൻ ആക്രമിച്ചാൽ കുറച്ച് പുതിയ ഉപകരണങ്ങൾ ഇറാനിലേക്ക് അയക്കും. അതിൽ സംശയമൊന്നും വേണ്ട-ട്രംപ് ട്വീറ്റ് ചെയ്തു.
ഇറാൻ ആക്രമിച്ചതു കൊണ്ടാണു തിരിച്ചടിച്ചതെന്നും വീണ്ടും ആക്രമിച്ചാൽ കടുത്ത മറുപടി തന്നെയാണ് യു.എസ് നൽകുകയെന്നും അദ്ദേഹം പറഞ്ഞു. പത്ത് മണിക്കൂറിനിടെ ഇറാനെതിരെ ട്രംപ് രണ്ടാം തവണയാണ് ഭീഷണിയുമായെത്തുന്നത്. ഇറാൻ ആക്രമിച്ചാൽ അവരുടെ 52 ഇടങ്ങളിൽ പ്രത്യാക്രമണം നടത്തുമെന്ന് ട്രംപ് ശനിയാഴ്ച വൈകിട്ട് പ്രതികരിച്ചിരുന്നു.
അതേസമയം ഇറാഖിൽ യു.എസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ജനറൽ ഖാസിം സുലൈമാനിയുടെ മൃതദേഹം ഇറാനിലെത്തിച്ചു. യു.എസ് വിരുദ്ധ മുദ്രാവാക്യങ്ങളുമായാണ് ഖാസിം സുലൈമാനിയുടെ വിലാപ യാത്ര നടന്നത്. യു.എസ് നടപടിയിൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ അറിയിച്ചു. ഇതിന്റെ തുടർച്ചയായി ബഗ്ദാദിൽ യു.എസ് എംബസിയുൾെപ്പടെയുള്ള ഗ്രീൻ സോണിനുനേരെ ശനിയാഴ്ച രാത്രി റോക്കറ്റ് ആക്രമണമുണ്ടായി.
'അമേരിക്കക്ക് മരണം'എന്ന മുദ്രാവാക്യം മുഴക്കിയാണ് ആയിരങ്ങൾ വിലാപയാത്രയിൽ പങ്കെടുത്തത്. രാഷ്ട്രീയ നേതാക്കളും സൈനിക തലവൻമാരുമടക്കം നിരവധി പേർ സുലൈമാനിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു. ചരിത്രത്തിലാദ്യമായി ഇറാനിലെ ക്യോംജാംകരൻ പള്ളിയിലെ താഴികക്കുടത്തിൽ ചുവപ്പു കൊടി ഉയർന്നു. പാരമ്പര്യമനുസരിച്ച്  യുദ്ധം വരുന്നതിന്റെ സൂചനയാണിത്. രഹസ്യസേനാ തലവൻ ഖാസിം സുലൈമാനിയുടെ സംസ്‌കാര ചടങ്ങുകൾക്ക് തൊട്ടുപിന്നാലെ ഇറാഖിന്റെ തലസ്ഥാനമായ ബഗ്ദാദിൽ വൻ സ്‌ഫോടനങ്ങളുണ്ടായി. യു.എസ് എംബസിയെ ലക്ഷ്യംവെച്ചായിരുന്നു മിസൈൽ ആക്രമണം.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. യു.എസ് എംബസിക്ക് നേരെയുണ്ടായ ആക്രമണത്തെ ഡോണൾഡ് ട്രംപ് അപലപിച്ചു. ഇറാനും അവരെ പിന്തുണക്കുന്നവർക്കുമെതിരായ നടപടി കടുത്തതായിരിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. 
കെനിയയിലെ സൈനികത്താവളങ്ങൾക്ക് നേരെ സോമാലിയൻ ഭീകര സംഘടനയായ അൽ ഷബാബ് നടത്തിയ ആക്രമണത്തിൽ നിരവധി വിമാനങ്ങൾ തകർന്നു. അമേരിക്ക ഉപയോഗിക്കുന്ന വ്യോമതാവളമാണിത്. ഇതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അമേരിക്കൻ ലക്ഷ്യങ്ങൾക്ക് നേരെ ആക്രമണമുണ്ടാകുമെന്ന സൂചന ശക്തമായിരിക്കുകയാണ്. 
ഇന്ത്യൻ വിദേശമന്ത്രി എസ്. ജയശങ്കർ ഇറാൻ അധികൃതരുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ ചർച്ച ചെയ്തു. പ്രതിസന്ധി രൂക്ഷമാണെന്നും ആശങ്കാജനകമാണെന്നും ജയശങ്കർ പ്രതികരിച്ചു. ഇറാഖ് പ്രധാനമന്ത്രി ബ്രിട്ടീഷ് വിദേശമന്ത്രിയെ ബന്ധപ്പെട്ട് ആശങ്ക അറിയിച്ചു. 
യു.എസ്-ഇറാൻ സംഘർഷ സാധ്യത തുടരുന്ന പശ്ചാത്തലത്തിൽ മധ്യപൂർവ ദേശത്തെ രാജ്യങ്ങൾ ജാഗ്രതയിൽ ആണ്. ഇടവേളക്കു ശേഷം മേഖലയിൽ വീണ്ടും സംഘർഷ സാധ്യത ഉയർന്നിരിക്കെ കൂടുതൽ സംഘർഷങ്ങളിലേക്കു നീങ്ങരുതെന്ന് യു.എ.ഇ പ്രതികരിച്ചു. വിവേകപൂർണമായ രാഷ്ട്രീയപരിഹാരത്തിനു ശ്രമിക്കണമെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി അൻവർ ഗർഗാഷ് പറഞ്ഞു.
നേരത്തേ നടന്ന ഭീകര പ്രവർത്തനങ്ങളുടെ അനന്തരഫലമാണ് ഇപ്പോൾ ഉണ്ടായതെന്നും ഇത്തരം ഭീകര പ്രവർത്തനങ്ങളുടെ പ്രത്യാഘാതത്തെക്കുറിച്ച്  മുന്നറിയിപ്പ് നൽകിയിരുന്നതായും സൗദി വ്യക്തമാക്കി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി ഫോണിൽ സംസാരിച്ച യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ സൗദിയുടെ പിന്തുണക്ക് നന്ദിയറിയിച്ചു.
 

Latest News