540 സ്‌റ്റേഷനുകളുടെ ചുമതലയുള്ള പോലീസുകാരുമായി മുഖ്യമന്ത്രിയുടെ രഹസ്യ യോഗം

തൃശൂര്‍- കേരളത്തിലെ 540 പോലീസ് സ്‌റ്റേഷനുകളുടെ  ചുമതലയുള്ള എസ്.എച്ച്.ഒമാരുടെ രഹസ്യ യോഗം ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ രാമവര്‍മപുരം കേരള പോലീസ് അക്കാദമിയില്‍ ചേര്‍ന്നു. സന്ദര്‍ശകരെയും മാധ്യമ പ്രവര്‍ത്തകരെയും പുറത്താക്കിയതിനു ശേഷമാണ് യോഗം ചേര്‍ന്നത്. മന്ത്രി സുനില്‍കുമാര്‍, പോലീസ് അക്കാദമിയിലെ ഉന്നത റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ എന്നിവരടക്കമുള്ളവരെ ഹാളില്‍ നിന്നും ഒഴിവാക്കിക്കൊണ്ടാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ യോഗം മുഖ്യന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്നത്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എസ്.എച്ച്.ഒമാര്‍ രാവിലെ തന്നെ പോലീസ് അക്കാദമിയിലെത്തിയിരുന്നു.
 
വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയുള്ള ഉദ്ഘാടനങ്ങള്‍ കഴിഞ്ഞ് കൃഷിമന്ത്രിയടക്കമുള്ളവര്‍ ഹാളിന് പുറത്തുപോയ ശേഷമായിരുന്നു ഈ പ്രത്യേക യോഗം. ഹാളിന് പുറത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് അക്കാദമിയിലെ പോലീസുകാര്‍, സുരക്ഷയ്ക്കായി എത്തിയ ലോക്കല്‍ സ്‌റ്റേഷനുകളിലെ പോലീസുകാര്‍ എന്നിവരെ ഹാളിന് സമീപത്തു നിന്നും മാറ്റിയ ശേഷമായിരുന്നു യോഗം.
ഒരു മണിക്കൂറോളം സമയം യോഗം തുടര്‍ന്നു. ഡി.ജി.പി, എ.ഡി.ജി.പിമാര്‍, ഐ.ജിമാര്‍ എന്നിവരും സംബന്ധിച്ചു.
യോഗത്തില്‍ ചില എസ്.എച്ച്.ഒമാരെ മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചതായി പറയപ്പെടുന്നു. ഹെല്‍മറ്റ് വേട്ട, സ്ത്രീകള്‍ക്കെതിരെയുള്ള പീഡനങ്ങള്‍, പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടക്കുന്ന സമരങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം യോഗത്തില്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.

 

 

Latest News